അരുണിമ തന്റെ പദ്ധതി ഫലം കണ്ടതിന്റെ സന്തോഷത്തിൽ അമ്മയെ നോക്കി കൊഞ്ഞനം കുത്തി.
“ഒരൊറ്റ ഒരെണ്ണം അങ്ങ് വെച്ച് തന്നാലുണ്ടല്ലോ…” എച്ചിൽ കൈ ഓങ്ങി കൊണ്ട് പ്രജിത കലിച്ചു.
“ആ ആ എന്തോന്ന് അവിടെ പ്രശ്നം…” കൈ കഴുകി തന്റെ ഭാര്യയുടെ സാരിത്തുമ്പിൽ തുടച്ചു കൊണ്ട് ബഹളത്തിൽ അശോകൻ ഇടപെട്ടു.
“നിങ്ങളാണ് ഇതിനെ രണ്ടിനേം വഷളാകുന്നത്… എന്ത് പറഞ്ഞാലും അങ്ങ് സമ്മതിച്ചു കൊടുത്തോളും… കെട്ടിച്ചു വിടാറായി ഒന്നിനെ എന്നിട്ടും ഇപ്പോഴും പിള്ളേരെ കൂടി കളിച്ചോണ്ട് നടക്കുന്നു…”
ദേഷ്യത്തോടെ തന്റെ ഭർത്താവ് കഴിച്ച എച്ചിൽ പാത്രവുമെടുത്ത് പ്രജിത അടുക്കളയിലേക്ക് പോയി.
അടുക്കളയിലെ പാത്രം കഴുകലും ഒതുക്കി വെയ്പ്പും കഴിഞ്ഞ് അമ്മുവും അച്ചുവും വീണ്ടും മുറിയിലേക്ക് ഓടി. പ്രജിത അപ്പോഴും പിറ്റേന്ന് കാലത്തേക്കുള്ള പലഹാരത്തിന് കറിക്ക് വേണ്ടി ഗ്രീൻപീസ് എടുത്ത് വെള്ളത്തിലിടുന്ന
തിരക്കിലായിരുന്നു.
അത് കഴിഞ്ഞതും നടുവൊന്ന് നിവർത്തി അവൾ പതിയെ നടന്ന് ഹാളിലേക്ക് എത്തി.
അടുക്കളയിൽ നിന്ന് ഹാളിലേക്കുള്ള വാതിൽ കുറച്ച് നേരം നിന്നിട്ട് അവൾ നെടുവീർപ്പിട്ടു. ഇത് പതിവുള്ള കാഴ്ച്ച തന്നെയാണല്ലോ എന്നോർത്ത് സാരി തുമ്പിനാൽ കഴുത്തിലെയും നെറ്റിയിലെയും വിയർപ്പ് തുടച്ചിട്ട് ഹാളിലെ മേശപ്പുറത്തു വെച്ചിരിക്കുന്ന ചാരായകുപ്പി നോക്കി നടന്നു.
“അണ്ണാ… അണ്ണാ… നിങ്ങള് ഞാൻ പല്ല് തേക്കുന്ന ബ്രഷ് വാങ്ങിച്ചോണ്ട് വരാൻ പറഞ്ഞിട്ട് വാങ്ങിച്ചായിരുന്നോ?” ഹാളിലെ മേശക്ക് അരികിലെ കസേരയിൽ ഇരുന്ന് കൊണ്ട് പ്രജിത ഉറക്കെ വിളിച്ചു ചോദിച്ചു.
“അശ്ശോ… ടെ… ഞാൻ അതങ്ങ് മറന്ന് പോയി… ഹാ ഇനിയിപ്പോ നാളെ വാങ്ങാം… നീ ഉള്ളപോലെ അങ്ങ് അഡ്ജസ്റ്റ് ചെയ്.” പുറത്തുനിന്നു അകത്തേക്ക് ചാരയഗ്ലാസുമായി അകത്തേക്ക് കേറി കതക് അടച്ചു കൊണ്ട് നിസ്സാരമായി അശോകൻ പറഞ്ഞു.
അത് കേട്ട് പ്രജിത പതിയെ തന്റെ തളർന്നു തടിച്ച ശരീരം കസേരയിൽ നിന്ന് ഉയർത്തി വാഷിംഗ് ബേസിന് അടുത്തെത്തി. പിന്നെ ഒടിഞ്ഞു നീളം കുറഞ്ഞ ബ്രഷിൽ അല്പം പേസ്റ്റ് പുരട്ടി നെടുവീർപ്പോടെ രാത്രിയിലെ പല്ലുതേപ്പ് നടത്തി.
ഒന്ന് കൂടി തിരിഞ്ഞ് തന്റെ ഭർത്താവിന്റെ മദ്യപാനം നോക്കിയിട്ട് മുറിയിലേക്ക് നടന്നു.
കിടക്കയിലെ വിരിപ്പും തലയിണയും തട്ടി വിരിച്ച് പ്രജിത തന്റെ വശത്തു പതിയെ കിടന്നു. രാവിലെ മുതലുള്ള പണിയുടെ ക്ഷീണം അവളുടെ കണ്ണുകളിൽ നിഴലിച്ചു നിന്നു. നടുവ് നിവർന്ന ആശ്വാസത്തിൽ ഒന്ന് കണ്ണടച്ചു.
പെട്ടെന്ന് കണ്ണിൽ കുത്തിയപോലെ മുറിയിൽ വെട്ടം തെളിഞ്ഞു. പ്രജിത പതിയെ കണ്ണ് തുറന്ന് നോക്കി. തന്റെ ഭർത്താവ് അശോകൻ മുറിയിൽ എത്തി തന്റെ കണ്ണട ഊരി
മേശപ്പുറത്തു വെയ്ക്കുന്നതിന്റെ ബഹളം ആയിരുന്നു അതെന്ന് അവൾക്ക് മനസ്സിലായി.
അപ്പോഴേക്കും ലൈറ്റ് അണച്ച് അശോകൻ അവളുടെ അരികിൽ വന്ന് കിടന്നിരുന്നു. തലചരിച്ച് അവൾ തന്റെ ഭർത്താവിന്റെ ചൂട് പറ്റി നെഞ്ചിലേക്ക് തല ചേർത്ത് സ്വഭാവികമായി മദ്യമണവും ശ്വസിച്ചു രണ്ടുപേരും ഉറക്കത്തിലേക്ക് കടന്നു.
***
“കൗസല്യാ സുപ്രജാ രാമ പൂർവാസന്ധ്യാ പ്രവർത്തതേ |
ഉത്തിഷ്ഠ നരശാർദൂല കർത്തവ്യം ദൈവമാഹ്നികം” വിഷ്ണുകോവിലിലെ സുപ്രഭാതം കേട്ട് പ്രജിത ഉണർന്നു. ദിവസം തുടങ്ങിയതിന്റെയും തന്റെ നടുവിന് വിശ്രമില്ലാതെ പണി ആരംഭിക്കുന്നതിനും വേണ്ടി അവൾ ചാടി എണീച്ച് അടുക്കളയിലേക്ക് പോയി.
അടുപ്പിൽ ചായക്ക് വെള്ളം വെച്ചിട്ട് തന്റെ പകുതിയുള്ള ബ്രഷ്യുമെടുത്തു പല്ല് തേച്ച് വന്നു. പിന്നെ അടുക്കളയിൽ ഒരു യുദ്ധമായിരുന്നു. തന്റെ ഭർത്താവിന് പോകാനുള്ളതിന് രാവിലെ കാപ്പിയും ഉച്ചക്ക് ചോറും പൊതിഞ്ഞു എടുക്കുക എന്നുള്ള പ്രയത്നം.
അതിനിടയിൽ അമ്മുവും അച്ചുവും എണീച്ച് വന്ന് അവരുടെ ചെറിയ സഹായങ്ങൾ നൽകി.
കുളിച്ചൊരുങ്ങി വന്ന് തീൻമേശയിൽ ഇരിക്കുന്ന തന്റെ ഭർത്താവിന് ആഹാരം വിളമ്പി വീണ്ടും അടുക്കളയിൽ തന്നെ ആയിരുന്നു പ്രജിത.
