കരിയും കനലും 25അടിപൊളി  

“ഓ ഞാൻ തന്ന… എന്ത് പറ്റി ഇപ്പോ?” യാതൊരു കൂസലുമില്ലാതെ അരുണിമ പറഞ്ഞു.

“എന്നാലേ അവളുമാരുടെ തള്ളമാർക്ക് ഒന്നും കൂടെ വരാൻ വയ്യാ എന്ന്, എല്ലാം കൂടി എന്റെ തലേൽ വെച്ച് തന്നേക്കുന്നു. നിന്റെ അച്ഛൻ ഇനി എന്തോന്ന് പറയോ എന്തോ…”

“അച്ഛൻ എന്തോന്ന് പറയാൻ. അച്ഛനെ ഒക്കെ ഞാൻ പറഞ്ഞു സമ്മതിപ്പിച്ചോളാം… നിങ്ങള് ഇങ്ങനെ തൊഴിലുറപ്പും അയൽക്കൂട്ടവും ഒക്കെ ആയിട്ട് ജീവിച്ച് ചാവാതെ

വല്ലപ്പോഴും ഒക്കെ വെളിയിലോട്ട് ഇറങ്ങി കാണ്.

അല്ലാതെ ഏത് നേരവും വീട്ടിൽ കുത്തി ഇരിക്കാതെ.”

“ഓ രാജ്ഞി പറഞ്ഞാൽ പിന്നെ വേറെ എന്തോന്ന് ചെയ്യാൻ… എന്റെ നല്ല കാലത്ത് നിന്റെ അച്ഛനും ആയിട്ട് നമ്മള് കൊറേ കറങ്ങിയത് തന്നെടെ.”

“ഓ അവര് വല്യ ട്രാവൽ കപ്പിൾ…” അരുണിമ പുച്ഛത്തോടെ പറഞ്ഞു.

“അച്ഛൻ വരുമ്പോൾ പറഞ്ഞങ് റെഡി ആക്കിയാ മതി അല്ലാതെ എന്റെ മണ്ടേൽ എങ്ങാനും വെച്ച് തരാൻ ആണ് വിചാരം എങ്കിൽ പൊന്ന് മക്കളെ ആരും എങ്ങും പോകാൻ പോണില്ല.”

“ഓ എനിക്ക് പറയാൻ നാക്ക് ഉണ്ട് സാറെ… ഞാൻ പറഞ്ഞോളാം അച്ഛനോട്.” അരുണിമ കാര്യമാക്കാതെ പറഞ്ഞു.

“ഓ നല്ല കാര്യം. എടീ അമ്മൂ… വന്ന് വിളക്ക് വെയ്ക്കെടി… ഏത് നേരം ചെവിയിൽ ആണ് കുന്ത്രാണ്ടോം വെച്ചോണ്ട് ഫോണും കുത്തി ഇരുന്നോളും അവള്…”

പ്രജിത മൂത്തമകളുടെ അടുത്ത് നിന്ന് ഇളയ മകൾ അനുഷയിലേക്ക് തിരിഞ്ഞു.

സന്ധ്യയിലെ വിളക്കും നാമം ചൊല്ലലും ഒക്കെ കഴിഞ്ഞ് സീരിയലിനു മുന്നിൽ ഇരിക്കുമ്പോൾ മുറ്റത്ത് കാർ നിർത്തുന്ന ശബ്ദം കേട്ടു പ്രജിതയുടെ ചുണ്ടുകൾ അല്പം വിടർന്നു.

കൈയിൽ രണ്ട് പ്ലാസ്റ്റിക് കവറുമായി ഹാളിലേക്ക് കേറി വന്ന തന്റെ കെട്ട്യോനെ ചിരിച്ച മുഖത്തോടെ പ്രജിത വരവേറ്റു. കയ്യിലുള്ള കവറുകൾ വാങ്ങി അവള് തുറന്ന് നോക്കി.

“മലക്കറി എല്ലാം ഒന്നുമില്ലെടി… വന്ന് വന്ന് എല്ലാവന്മാരും തരികിടയാ… പിന്നെ ആ തമിഴന്റെ അടുത്തുനിന്നു വാങ്ങിച്ചത്… പിള്ളേരൊക്കെ എവിടെ…?” അശോകൻ കൈയിലെ കവർ പ്രജിതക്ക് കൊടുത്ത് കൊണ്ട് പറഞ്ഞു.

“ഓ മക്കളെ രണ്ടിനേം കുറിച്ച് പറയണ്ടല്ലോ രണ്ടും രണ്ട്

മുറിയിൽ ഫോണും കുത്തി ഇരിക്കുക ആകും. പുതിയ ഓരോ പരിപാടിയും ഒപ്പിച്ചു വെച്ചിട്ടുണ്ട്.

പിള്ളേരുടെ താളത്തിനൊത്ത് തുള്ളാൻ നിങ്ങള് ഉള്ളതിന്റെയാ…” പ്രജിത അടുക്കളയിലേക്ക് നടക്കുന്ന വഴി പറഞ്ഞു.

“എന്താടി പുതിയ ഐറ്റം?” അശോകൻ ഷർട്ട് ഊരി കസേരയിൽ ഇട്ട് കൊണ്ട് ചോദിച്ചു.

“എനിക്ക് അറിഞ്ഞൂടാ… കൊച്ച് പിള്ളേരേം കൊണ്ട് കറങ്ങാൻ പോണം പോലും… അച്ചുന്റെയാ ഐഡിയ എന്ന്.” തന്റെ ഭർത്താവ് ഊരിയിട്ട ഷർട്ട് കസേരയിൽ നിന്നും എടുത്ത് മുറിയിൽ കഴുകാൻ ഇടുന്നതിന്റെ കൂട്ടത്തിൽ ഇട്ട് കൊണ്ട് പ്രജിത പറഞ്ഞു.

“എന്നിട്ട്…?” അശോകൻ ചോദിച്ചു.

“എന്നിട്ട് എന്താ പെണ്ണുങ്ങൾക്ക് ആർക്കും കൂടെ വരാൻ വയ്യാ ഓണത്തിന്റെ തിരക്ക് എന്നൊക്കെ നമ്മളോട് കൂടെ ഒന്ന് പോകാൻ. എല്ലാം കൂടി എന്റെ നെഞ്ചത്തോട്ട് വെച്ച് തന്നേക്കുന്നു.

ഞാൻ പറഞ്ഞു അണ്ണനോട് ചോദിക്കാതെ ഒന്നും പറയാൻ പറ്റില്ല എന്ന്. എന്നിട്ട് നിങ്ങള മൂത്ത സന്തതി പറയുന്നു അവള് പറഞ്ഞ നിങ്ങള് സമ്മതിക്കും എന്നൊക്കെ…”

മുറിയിൽ നിന്നും മാറ്റിയുടുക്കാൻ കൈലി കൊണ്ട് തന്റെ ഭർത്താവിന്റെ കൈയിൽ കൊടുത്തിട്ട് പ്രജിത പറഞ്ഞു.

“ഓഹോ ഝാൻസി റാണി അങ്ങനെ ഒക്കെ ഓരോന്ന് ഒപ്പിച്ചു വെച്ചേക്കുക ആണാ… ആ എന്തായാലും ചോദിച്ചു നോക്കട്ടെ…” കൈലി ഉടുത്തു മുണ്ട് പ്രജിതയുടെ കൈയിൽ കൊടുത്തിട്ട് അശോകൻ പറഞ്ഞു.

“ഓ ഇനി ഞാൻ പറഞ്ഞ് നിങ്ങള് അറിഞ്ഞതായിട്ട് ഭാവിക്കണ്ട, അവള് തന്നെ പറയട്ടെ…” ഉരിഞ്ഞു വാങ്ങിയ മുണ്ടുമായി അടുക്കളപ്പുറത്തേക്ക് പോകുന്ന വഴിക്ക് പ്രജിത പറഞ്ഞു.

“എന്നാ അങ്ങനെ ആകട്ടെ…” അശോകൻ പതിയെ കസേരയിലേക്ക് ഇരുന്നിട്ട് സീരിയലിലേക്ക് കണ്ണ് നട്ടു.

എട്ടു മണി കഴിഞ്ഞ്

സീരിയൽ നിർത്തി അശോകൻ വാർത്ത വെച്ചു അപ്പോഴേക്കും പ്രജിത എണീച്ച് പോയി അടുക്കളയിൽ രാത്രിയിലേക്ക് ചോറിനുള്ള ഉച്ചക്കത്തെ കറി ചൂടാക്കാൻ തുടങ്ങി.

Updated: September 13, 2026 — 3:00 pm

Leave a Reply

Your email address will not be published. Required fields are marked *