“മക്കളെ… നമുക്ക് ചെറിയ ട്രാവലർ വിളിച്ചാൽ പോരെ… പത്തിരുപതു പേർക്ക് അകത്തല്ലേ കാണു…?” കഴിക്കുന്നതിനിടയിലും മക്കളുടെ ടൂർ പ്ലാൻ ഓർത്തുകൊണ്ട് അശോകൻ ഉറക്കെ അടുക്കളയിൽ നിൽക്കുന്നവരോട് ചോദിച്ചു.
“ഓ അച്ഛാ… നമ്മൾ പിള്ളേരുസെറ്റ് അല്ലേ… പിന്നെ നിങ്ങളും.” ഇളയ മകൾ അനുഷ മറുപടി പറഞ്ഞു.
“ദാണ്ടേ അണ്ണാ എന്തായാലും വിളിക്കുമ്പോൾ മറ്റേ നടുക്ക് മാത്രം പാട്ട് ഉള്ളത് മതിയേ… അല്ലെങ്കിൽ പിന്നെ എനിക്ക് തലവേദന എടുത്ത് കിടക്കേണ്ടി വരും.” പ്രജിതയും തന്റെ അഭിപ്രായം പറഞ്ഞു.
“ഈ
അമ്മേടെ ഒരു കാര്യം, അടിച്ചു പൊളിക്കാൻ ആയിട്ടാണ് പോണത് തന്ന അപ്പൊ പിന്നെ ഇങ്ങനെ ഓരോന്ന് പറഞ്ഞോളും.” അനുഷ പ്രജിതയോടു തന്റെ മുഷിപ്പ് പ്രകടിപ്പിച്ചു.
“എന്നാ നീയൊക്കെ നിന്റെ തന്തേനേം വിളിച്ചോണ്ട് ഒറ്റക്ക് അങ്ങ് പോയാ മതി.” പ്രജിത അല്പം കടുപ്പത്തിൽ പറഞ്ഞു.
“മിണ്ടാതിരി അമ്മൂ… അമ്മയില്ലാതെ പിള്ളേരെ ഒന്നും ആരും വിടില്ല. അമ്മക്ക് സൗകര്യം ഉള്ളത് പോലെത്തെ വണ്ടി മതി. അമ്മ പിറകിൽ എങ്ങാനും ഇരുന്നോളും നമുക്ക് മുന്നിൽ നിന്ന് ഡാൻസ് കളിച്ചാൽ മതിയല്ലോ.”
അരുണിമ തന്റെ അനിയത്തിയെ താക്കീത് ചെയ്ത് പറഞ്ഞു.
“പിന്നേ… കൊടൈക്കനാൽ ഒക്കെ തമിഴ് അല്ലേ… നമുക്ക് തമിഴ് ഒന്നും അറിയില്ലല്ലോ… രവിസാറിനെ കൂടി വിളിക്കാം അതാകുമ്പോൾ ഭാഷ അറിയുന്ന ഒരാൾ കൂടി ഉള്ളത് നല്ലതല്ലേ…” അശോകൻ യാത്രയുടെ പ്രയോഗികത പറഞ്ഞു.
“അത് ശരിയാണ് അച്ഛാ… സാർ ഇതുപോലെ ഈ പ്രായത്തിലും ടൂർ ഒക്കെ പോയി നടക്കുന്നത് കൊണ്ട് പുള്ളിക്കാരന് ഇതിന്റെ ഒക്കെ ഒരു ഐഡിയ കാണും.
അല്ലെങ്കിൽ റൂം എടുക്കാൻ നേരത്ത് നമുക്ക് എന്തെങ്കിലും ഒക്കെ പറഞ്ഞു പെട്ടുപോയാലോ…” അരുണിമയും ആ പ്രായോഗികത ആലോചിച്ചു കൊണ്ട് പറഞ്ഞു.
“എന്നാൽ ശരി ഞാൻ ഇറങ്ങുന്നു. പ്രജിതേ നീ ഒന്ന് രാവിസാറിനെ വിളിച്ചു കാര്യം പറ. എന്നിട്ട് ഒഴിവ് ഉണ്ടോ പറ്റുമോ എന്നൊക്കെ…
എങ്കിൽ നാളെ അങ്ങ് പോകാം.” കഴിച്ചു കൈ കഴുകി കൊണ്ട് അശോകൻ പറഞ്ഞു.
“ഓ ഓ… ചോറ് എടുക്കട്ടെ നിൽക്കീൻ അവിടെ ഓടികളയാതെ.” തന്റെ ഭർത്താവ് ഉച്ച ഭക്ഷണം എടുക്കാതെ പോകുമോ എന്ന് ആവലാതിയിൽ അവൾ വെപ്രാളത്തോടെ പൊതിയുമായി
ഓടി എത്തി.
“ബ്രഷ് വാങ്ങിച്ചോണ്ട് വരണേ…” പൊതിയും വാങ്ങി കാർ സ്റ്റാർട്ട് ആക്കി പോകുന്ന തന്റെ ഭർത്താവിനോട് പ്രജിത അവസാനമായി പറഞ്ഞു കൊണ്ട് യാത്രയയച്ചു.
രാവിലെ അടുക്കളയിലെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കിയ പ്രജിത പ്രഭാത ഭക്ഷണം അടുക്കളയിൽ ഇരുന്ന് കഴിച്ചു അല്പം നേരം കൈകഴുകാതെ ഇരുന്ന് ചിന്തകളിൽ മുഴുകി.
പിന്നെ പതിയെ എണീച്ച് കൈകഴുകി അടുക്കള പുറത്തേക്ക് ഒന്നിറങ്ങി. അവൾ ഒന്ന് നെടുവീർപ്പിട്ട് നിന്നപ്പോഴേക്കും അനുഷ ഓടി വന്നു.
“അമ്മാ… നമ്മൾ ജംഗ്ഷനിൽ ഒക്കെ പോയിട്ട് വരാം… നാളത്തേക്ക് കൊണ്ട് പോകാനുള്ള സാധനം ഒക്കെ വാങ്ങിക്കാൻ…” അനുഷ പ്രജിതയുടെ പിറകിൽ നിന്നും വന്നയുടനെ പറഞ്ഞു.
“മ്മ്…” മൂളലിൽ മാത്രം മറുപടി ഒതുക്കി കൊണ്ട് പ്രജിത തിരിഞ്ഞു നോക്കാതെ അങ്ങനെ തന്നെ നിന്നു.
“എന്ത് പറ്റി മാഡം…? ചാടികടിക്കാൻ ഒന്നും വയ്യേ…?” അനുഷ തന്റെ അമ്മയുടെ തണുപ്പൻ പ്രതികരണത്തിനോട് ചോദിച്ചു.
“ദാണ്ടേ ഇത് നോക്കെടീ…” പ്രജിത തണുത്ത സ്വരത്തിൽ പറഞ്ഞു.
അപ്പോഴേക്കും അനുഷ മുന്നിലേക്ക് എത്തി നോക്കി.
“അയ്യോ അമ്മേടെ പട്ടുറോസാ പട്ടുപോയോ…?” അനുഷയും പാവംകൂറി.
“എന്തെടി അവിടെ…?” അരുണിമ ഒരുങ്ങി വന്ന് അവരുടെ ഒപ്പം ചേർന്നു.
“നോക്കേച്ചി… അമ്മേടെ പട്ടുറോസ പട്ടു നിൽക്കുന്നു.” അനുഷ മറുപടി പറഞ്ഞു.
“ഇത് വല്ല പന്നിയിരയും മാന്തി കാണും… ഇനി എന്ത് ചെയ്യാനാ… നമുക്ക് കൊടൈക്കനാലിൽ നിന്ന് നല്ലത് വല്ലതും വാങ്ങാം അമ്മാ വിഷമിക്കണ്ട…” അരുണിമ അമ്മയെ ആശ്വസിപ്പിച്ചു.
“എന്നാ നമ്മൾ പോയിട്ട് വരാമേ…” അനുഷ അമ്മോയോട് യാത്ര പറഞ്ഞു രണ്ടുപേരും ഇറങ്ങി.
