സ്റ്റെല്ല ആണ് മറുപടി നൽകിയത്,
” ആൽബിൻ ചേട്ടാ…താഴെ എന്തോ ചരക്ക് വണ്ടി കുടുങ്ങിയിട്ടുണ്ടത്രേ, അതോണ്ടാ ഇത്ര ബ്ലോക്ക്…”
ജെറിൻ പറഞ്ഞത് കേട്ട് ആൽബി നിമിഷം എന്തോ ആലോചിച്ചു നിന്നു,
” സ്റ്റെല്ല ഒരു കാര്യം ചെയ്യ് ഇന്ന് നിങ്ങൾ ജെറിൻ്റെ കസിന്റെ വീട്ടിലേക്ക് പൊയ്ക്കോ… എന്നിട്ട് രാവിലെ എഴുന്നേറ്റ് പോന്നാൽ മതി.. ഓൾറെഡി അങ്ങോട്ട് ഡ്രൈവ് ചെയ്തതിന്റെ ക്ഷീണം അവനുണ്ട്, അതിൻ്റെ കൂടെ ഈ ബ്ലോക്കും കഴിഞ്ഞ് ഇത്രയും ദൂരം ഡ്രൈവ് ചെയ്താൽ ചിലപ്പോൾ അവന് ഉറങ്ങിപ്പോകും..”
” ആൽബി, അതൊന്നും ശരിയാവില്ല…”
സ്റ്റെല്ല ഒരു തരത്തിലും അടുക്കുന്നുണ്ടായിരുന്നില്ല,
” സ്റ്റെല്ലാ, ചുരത്തിലെ ബ്ലോക്ക് ഒന്നും എളുപ്പത്തിൽ മാറില്ല, ഈ കിടപ്പ് ചിലപ്പോൾ നിങ്ങൾ രാത്രി 12 മണി വരെ കിടക്കേണ്ടി വരും, അതിനും എത്രയോ ഭേദമല്ലേ ഇന്ന് രാത്രി അവിടെ പോയി തങ്ങി,നാളെ വരുന്നത്…
പിന്നെ അറിയാത്ത
ഇടത്തേക്ക് ഒന്നുമല്ലല്ലോ പോകുന്നത് ഫാമിലി തന്നെയല്ലേ അത് മാത്രമല്ല അവിടുത്തെ ഒരു പാപ്പനെ എനിക്ക് പരിചയവുമുണ്ട്…”
ആൽബിൻ ഒന്ന് നിർത്തിയ ശേഷം അവളുടെ മുഖത്തേക്ക് നോക്കി, ഇപ്പോഴും സ്റ്റെല്ലക്ക് ഭാവ മാറ്റം ഇല്ല,
” സ്റ്റെല്ലാ.. വീട്ടിലെ കാര്യം ഞാൻ നോക്കിക്കോളാം അതോർത്ത് നീ ടെൻഷൻ അടിക്കേണ്ട..”
” ആൽബി എന്നാലും…??”
അവൾക്ക് അതിനോടകം രണ്ടു മനസ്സായി കഴിഞ്ഞിരുന്നു, രാവിലെ മുതലുള്ള യാത്രയും ശിവ തന്നെ പിഴിഞ്ഞെടുത്തത് കൊണ്ടും എവിടെയെങ്കിലും തല ചായക്കണമെന്ന് ചിന്ത പെണ്ണിൻ്റെ ഉള്ളിലും ചെറുതായി തലപൊക്കി,
” ജെറിൻ, യൂ ട്ടേൺ അടിക്കാൻ പറ്റില്ലെ..??”
” ആ പറ്റും ചേട്ടാ, തിരിച്ച് പോകാൻ കുഴപ്പമില്ല..”
” നീ ഒന്ന് അവരെ വിളിച്ചു സംസാരിക്കുമോ അവർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ആകുമോ..??”
ആൽബിൻ ജെറിനോട് സംസാരിക്കുമ്പോൾ സ്റ്റെല്ല പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു,
” അവർക്ക് ഒരു കുഴപ്പവുമില്ല ചേട്ടാ ചേച്ചിക്ക് ഒക്കെയാണെങ്കിൽ അത് ഞാൻ ഡീൽ
ചെയ്തോളാം…”
ജെറിൻ നല്ല ആത്മവിശ്വാസത്തിലായിരുന്നു,
“സ്റ്റെല്ലാ, ഇന്നിനി പോകണ്ട ഞാൻ പറയുന്നത് കേൾക്ക്…,ഇന്നൊരു ദിവസം അവിടെ പോയി നിന്നോ, എന്താ പോകുവല്ലേ…??”
ആൽബിൻ്റെ ചോദ്യത്തിന്, സ്റ്റെല്ല ഒരു നിമിഷം ഒന്നും മിണ്ടിയില്ല,
” സ്റ്റെല്ലാ നിന്നോടാണ് ചോദിക്കുന്നത് അവിടെ പോയി നിൽക്കുവല്ലേ എന്ന്…??”
അവൾ തലയാട്ടിയതും, അടുത്ത നിമിഷം ജെറിൻ കാർ വളച്ചെടുത്തു,
വാഹനം കൽപ്പറ്റ ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു, ഒരു വശം മാത്രം ട്രാഫിക് ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ മറു വശത്തേക്ക് അതിവേഗത്തിൽ ആയിരുന്നു കാർ ഓടിക്കൊണ്ടിരുന്നത്,
ഏകദേശം 30 മിനിറ്റ് യാത്രയോടെ അവർ കൽപ്പറ്റയിൽ എത്തി, അവിടെ നിന്നും
വീണ്ടും ഒരു കിലോമീറ്റർ ദൂരം സർവീസ് റോഡ് കയറി അകത്തേക്ക് സഞ്ചരിച്ചതും, വലിയ ഒരു രണ്ടു നില വീടിൻ്റെ മുറ്റത്തേക്ക് കാർ കയറുന്നു
ഗ്രാമീണ ശൈലി എടുത്തു പറയുന്ന രീതിയിൽ പണികഴിപ്പിച്ചിരിക്കുന്ന ഒരു രണ്ടുനില വീട്, മുകൾഭാഗം മുഴുവനായി ഓടു മേഞ്ഞിരിക്കുന്നു,
വീടിന് രണ്ടു വശങ്ങളിലുമായി ആൾ പൊക്കത്തിൽ വളർന്ന നിൽക്കുന്ന ബുഷ് ചെടികൾ,
പുറകിലേക്ക് നീണ്ടുകിടക്കുന്ന തേയിലത്തോട്ടം മൊത്തത്തിൽ ഒരു ഒന്നാന്തരം വയനാട് കാരൻ അച്ചായന്റെ വീട്….!!
കാർ വീട് മുറ്റത്തേക്ക് കയറി നിന്നതും ഉള്ളിൽ നിന്നും രണ്ടു പേർ പുറത്തേക്കിറങ്ങി വന്നു, ഏകദേശം 55 വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു അപ്പനും അത്രയും തന്നെ പ്രായം തോന്നിക്കുന്ന ഒരമ്മയും,
ജെറിനെ കണ്ടതും അവർ ചിരിയോടെ അടുത്തേക്ക് വന്ന് അവനെ കെട്ടിപ്പിടിച്ചു,
” എടാ ജെറി കുറെ ആയല്ലോ ഇങ്ങോട്ടൊക്കെ വന്നിട്ട് നീ പിള്ളേര് ഉള്ളപ്പോൾ മാത്രമേ വരൂ എന്നുണ്ടോ..??”
” അതൊന്നുമല്ല പാപ്പാ കുറച്ചു തിരക്കായി പോയി, പിന്നെ പാപ്പന്റെ പിള്ളേർ ഒക്കെ അങ്ങ് എത്തിയില്ലേ ഇനി ഞാനും കൂടി പോകാൻ ഉള്ള വഴി നോക്കട്ടെ…”
