” എടാ നീ റൂമിലേക്ക് ഒന്നും കയറി പോകേണ്ട അവൾ പുറത്ത് എവിടെയെങ്കിലും ഉണ്ടോ ആരോടെങ്കിലും സംസാരിച്ചു നിൽക്കുന്നുണ്ടോ എന്നൊക്കെ ഒന്ന് നോക്കി പറഞ്ഞാൽ മതി, പിന്നെ നീ അവളെ പുറത്തൂന്ന് കണ്ടെങ്കിൽ എന്നെ ഒന്ന് തിരിച്ചു വിളിക്കാൻ പറയണം ഇനി അതല്ല റൂമിൽ തന്നെ ഉണ്ടെങ്കിൽ നീ മൈൻഡ് ആക്കാതെ ഇങ്ങു പോരെ….”
ആൽബിൻ കൃത്യമായ നിർദേശം അവന് നൽകി,
” ശരി ചേട്ടാ ഞാൻ എന്തായാലും ഒന്ന് നോക്കിയിട്ട് ഇപ്പോൾ തന്നെ തിരിച്ചു വിളിക്കാം…”
ആൽബിന്റെ കോൾ കട്ട് ചെയ്തതും ജെറിൻ പതിയെ പുറത്തേക്കിറങ്ങി,
റിസോർട്ടിന്റെ മൂലയിൽ കൂടി
മുന്നോട്ട് നടക്കുമ്പോൾ ഏകദേശം എല്ലായിടത്തും ലൈറ്റ് ഓഫ് ആയിരുന്നു,
എല്ലാവരും ഉറക്കം ആയിട്ടുണ്ടാവണം, റിസോർട്ടിന്റെ പരിസരമാകെ നിശബ്ദമായിരുന്നു,
ദൂരെ നിന്നു ഒരു രാപ്പക്ഷി ചിലക്കുന്നതിന്റെ ശബ്ദം കേൾക്കാം , സമയം അർദ്ധരാത്രി രണ്ടുമണിയോട് അടുക്കുന്നു.,
“എന്നാലും ആൽബിൻ ചേട്ടൻ എന്താണാവോ ഈ സമയത്ത് ഇത്ര അത്യാവശ്യപ്പെട്ടു വിളിക്കാൻ …”
ഓരോന്ന് ആലോചിച്ചു കൊണ്ട് ജെറിൻ പതിയെ മുന്നോട്ടു നടന്നു,
സ്റ്റെല്ലയുടെ റൂമിന്റെ മുന്നിൽ പോയി ജനൽ വഴി അകത്തേക്ക് നോക്കിയെങ്കിലും അകത്ത് ഇരുട്ടായതിനാൽ ഒന്നും കാണുന്നുണ്ടായിരുന്നില്ല…
ജനലിൽ കൂടി ഒന്ന് രണ്ട് വട്ടം കൂടി തിരിച്ചും മറിച്ചു നോക്കിയ ശേഷം അവൻ തിരികെ നടന്നു,
റൂമിന്റെ പരിസരത്തും ഹാളിലും അവൻ കാര്യമായി തന്നെ നടന്ന് നോക്കി, ഗാർഡൻ പരിസരത്തും ഫുഡ് കഴിക്കുന്ന ഹാളിലും ആരെങ്കിലും നിൽക്കുന്നുണ്ടോ എന്ന് കൂടി നോക്കിയെങ്കിലും, അവൻ അല്ലാതെ മറ്റൊരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നില്ല
കുറച്ചുസമയം അങ്ങോട്ടുമിങ്ങോട്ടും നടന്ന ശേഷം, സ്വിമ്മിംഗ് പൂളിന്റെ ഒരു വശത്തായി അവൻ നില ഉറപ്പിച്ചു,
രണ്ടു വശത്തുനിന്നും ആരെങ്കിലും വരുന്നുണ്ടോ എന്ന് ഒന്നുകൂടി ഉറപ്പാക്കിയ ശേഷം ജെറിൻ ഒരു സിഗരറ്റ് എടുത്ത് വായിലേക്ക് വെച്ചു,
തീ കൊളുത്തി ഉള്ളിലേക്ക് പുക ആഞ്ഞു വലിച്ചു, ഈ തണുപ്പിൽ ഒരു സിഗരറ്റ് നൽകുന്ന ആശ്വാസം ചെറുതല്ല….
ഒരു ലൈറ്റ്സ് സിഗരറ്റ് മൊത്തമായി നടന്ന് വലിച്ച ശേഷം, തിരികെ നടന്ന റൂമിലേക്ക് പോകുന്നതിന്റെ മുന്നോടിയായി സിഗരറ്റിന്റെ മണം പോകുവാൻ കുറച്ച് അപ്പുറത്തായി ഇരുട്ടിലേക്ക് ചാരി നിന്നു…
എന്നാൽ പൊടുന്നനെ അവന്റെ ശ്രദ്ധ ആകർഷിച്ചുകൊണ്ട് റിസോർട്ടിന്റെ വശത്തു കൂടി ഒരു നിഴൽ പോലെ
രൂപം മായുന്നത് അവൻ ശ്രദ്ധിച്ചു…
ഒന്നുകൂടി നോക്കിയതും അത് ഒരു സ്ത്രീയാണ് അവർ റിസോർട്ടിന്റെ ഒരു വശം ചേർന്ന് പതിയെ റൂം ലക്ഷ്യമാക്കി നടക്കുന്നു…. ഇരുട്ടിലേക്ക് കുറച്ചു കൂടി ചേർന്ന് നിന്നു കൊണ്ട് ജെറിൻ ആ രൂപത്തെ നിരീക്ഷിച്ചുകൊണ്ടിരുന്നു…
രൂപം വെളിച്ചത്തേക്ക് വന്നതും ജെറിന്റെ ശ്വാസം പെട്ടെന്ന് നിന്ന് പോയി, സ്റ്റെല്ല ചേച്ചി….!!!
ഇവർ എന്താണ് ഈ അർദ്ധരാത്രിയിൽ തനിയെ പുറത്ത് ചെയ്യുന്നത്….???
മുടിയെല്ലാം അലങ്കോലമായിരിക്കുന്നു…. വസ്ത്രങ്ങളെല്ലാം താളം തെറ്റിയാണ് കിടക്കുന്നത്,
ആകെ പരവശപ്പെട്ട് റൂമിലേക്ക് രണ്ടു വശത്തും നോക്കിയാണ് കയറുന്നത്,
കുറച്ച് സമയം കൂടി സ്റ്റെല്ലയെ നിരീക്ഷിച്ച ശേഷം ജെറിൻ തൻ്റെ റൂമിലേക്ക് പതിയെ
നടന്നു, റൂമിൽ എത്തിയപ്പോഴും അവൻ്റെ സംശയങ്ങൾ തീരുന്നുണ്ടായിരുന്നില്ല,
ജെറിൻ്റെ ഓർമകൾ കുറച്ചു ദിവസം പുറകോട്ട് പോയി, കോട്ടയം നഗരത്തിൽ അത്യാവശ്യമായി പോകണം എന്ന് പറഞ്ഞ് കല്യാണ ദിവസം ആൻ്റി തന്നെ കൂട്ടി കൊണ്ട് വന്നതും, എന്നാൽ സ്റ്റെല്ല ചേച്ചി തന്നെ ഒഴിവാക്കിയ അതേ ദിവസം,
കാര്യം അന്ന് ഇത്തിരി മദ്യപിച്ചിട്ടുണ്ടായിരുന്നു പക്ഷേ ചുറ്റു നടക്കുന്ന കാര്യങ്ങളും സംസാരിച്ചതും തിരിച്ചറിയാൻ പാകത്തിനുള്ള ബോധം ഉണ്ടായിരുന്നു….
കോട്ടയം നഗരിയിൽ ഒരു സുഹൃത്തിനെ കാണണമെന്നും എന്തോ എടുത്തു കൊണ്ടുവരാൻ ഉണ്ടെന്നു പറഞ്ഞാണ് സ്റ്റെല്ല ചേച്ചി പോയിരുന്നത്,
പക്ഷേ തിരിച്ചു വരുമ്പോൾ ചേച്ചിയുടെ കയ്യിൽ ഒന്നുമുണ്ടായിരുന്നില്ല…..!!
