“നിനക്ക് നിഖിലിനെ അറിയാമോ?” സണ്ണി ഗൗരവത്തോടെ എന്നെ നോക്കി.
“ആ പഠിപ്പിയെയോ?”
“അവന്റെ കസിനും പ്രിയയും തമ്മിൽ പ്രേമമായിരുന്നു. നിഖിൽ നിന്റെയും അവളുടെയും പഴയ കഥകൾ പറഞ്ഞ് ആ ബന്ധം പൊളിച്ചു.” സണ്ണി വീണ്ടും എന്നെ കുറ്റപ്പെടുത്തി.
“നോക്ക്… എന്റെ പേരിൽ നീ കളി ചോദിച്ചു. നിഖിൽ എന്റെ പേര് പറഞ്ഞ് അവളുടെ പ്രേമം പൊളിച്ചു. നിന്റെ പ്രശ്നം ഞാൻ നേരിട്ട് ചെന്ന് തീർത്തു. അത് പോട്ടെ, വിക്കിയുമായി ദിവ്യയ്ക്ക് എന്തോ ബന്ധമുണ്ടല്ലോ?” ദിവ്യയോട് സണ്ണിക്ക് വലിയ ഇഷ്ടമുള്ളത് കൊണ്ട് ഞാൻ അതൊന്ന് എറിഞ്ഞു നോക്കിയതാണ്.
“മരിയ ഷറപ്പോവ!” എന്നെ ഞെട്ടിച്ചുകൊണ്ട് സണ്ണി ബെഡിൽ എഴുന്നേറ്റു ഇരുന്നു.
“മ്മ്?” ഞാൻ അവനെ ശ്രദ്ധിച്ചു.
“അത് ദിവ്യയുടെ ഫേസ്ബുക്ക് പ്രൊഫൈൽ അല്ല. പ്രിയയുടെ അക്കൗണ്ടാണ്! എന്നോടുള്ള വിശ്വാസത്തിന് അവൾ ചാറ്റ് ചെയ്യുമ്പോൾ പറഞ്ഞതാണ്. പ്രിയയ്ക്ക് ഒരു പാവം ഇമേജ് ഉണ്ടല്ലോ, അത് കളയാതിരിക്കാനാണ് അവൾ അങ്ങനെ ചെയ്യുന്നത്. ദിവ്യ എല്ലാവരോടും ഫ്രണ്ട്‌ലി ആയതുകൊണ്ട് അവൾ എന്ത് അലമ്പു കാണിച്ചാലും ആരും ചോദിക്കില്ലല്ലോ.” സണ്ണി കാര്യം പറഞ്ഞു തുടങ്ങിയെങ്കിലും അവസാനം ദേഷ്യത്തിലായി.
“ദിവ്യ നിനക്ക് ഒരു ടൈംപാസ് ആണോടാ?” ഞാൻ അവനെ ഒന്ന് എരികേറ്റാൻ ചോദിച്ചു.
“അറിയില്ല… കല്യാണം കഴിക്കണമെന്ന് മമ്മി നിർബന്ധിക്കുന്നുണ്ട്.”
“കല്യാണമോ?” ഞാൻ ഒന്ന് പുച്ഛിച്ചു. “നല്ല പ്രായത്തിൽ പെണ്ണ് കിട്ടും.”
ചെക്കൻ സീരിയസ് ആണല്ലോ! “25 വയസ്സിൽ ലൈഫ് എൻജോയ് ചെയ്യേണ്ടേ? എന്നാലും നിനക്ക് ദിവ്യ തന്നെ വേണോ?”
“നീ ലൈഫ് എൻജോയ് ചെയ്യാനാണോ വീണ്ടും കോളേജിൽ പോകുന്നത്?” വീട്ടിൽ പോകടാ എന്ന് പറയുന്ന മട്ടിൽ സണ്ണി എഴുന്നേറ്റ് വാതിൽ തുറന്നു. അവന് എന്റെ വീക്ക്നെസ്സ് കൃത്യമായി അറിയാം.
“ചിലതൊന്നും അത്ര പെട്ടെന്ന് മറക്കാൻ പറ്റില്ലല്ലോ,” പെട്ടെന്ന് എന്റെ മൂഡും മാറി.
“വില്യം വലിയവീട്ടിൽ ഹാരിസിന്റെ അതേ വാശി!” അവൻ പരിഹസിച്ചതാണെങ്കിലും എന്റെ അച്ഛന്റെ ആ വാശി തന്നെയാണ് എനിക്കും കിട്ടിയിരിക്കുന്നത്.
“നമ്മുടെ പഴയ ടീമൊക്കെ റെഡിയാണോ?” ഞാൻ വിഷയം മാറ്റി.
“പള്ളി ഗ്രൗണ്ടിൽ കളിക്കാൻ വരുന്നവരുണ്ട്. ഷാഹിർ, അലക്സ്, ടിറ്റോ… എല്ലാവരും നല്ല പിള്ളേരാണ്.”
“ഞാൻ എന്നാൽ ഇറങ്ങട്ടെ.” ബെഡിൽ നിന്നും ഞാൻ എഴുന്നേറ്റു.
“ഒരെണ്ണം അടിക്കുന്നില്ലേ?” ഷെൽഫ് തുറന്ന് കുപ്പി പുറത്തെടുത്ത് സണ്ണി ചോദിച്ചു.
“ഇനി അവധി ദിവസങ്ങളിൽ മാത്രം.” അവന്റെ തോളിൽ തട്ടി ഞാൻ പുറത്തേക്ക് നടന്നു.
“ദിവ്യയെ അങ്ങ് വിട്ടേക്ക്. അവൾ നിന്റെ പെണ്ണല്ലേ. രചന ഇപ്പോൾ എവിടെയുണ്ട്?” പുറത്തേക്ക് ഇറങ്ങും മുൻപ് ഞാൻ ചോദിച്ചു.
“ടൗണിലെ ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്നു.” പെട്ടെന്ന് തന്നെ മറുപടി വന്നു. ഞാൻ വന്നത് മുതൽ അവൻ കാത്തിരുന്ന ചോദ്യം ഇതായിരുന്നു എന്ന് എനിക്ക് തോന്നി.
“നാളത്തേക്ക് വേറെ വള്ളിയൊന്നും ഉണ്ടാക്കില്ലല്ലോ?” ഞാൻ ചോദിച്ചപ്പോൾ സണ്ണി ചിരിച്ചുകൊണ്ട് വാതിലടച്ചു.
⏩⏩
വീട്ടിലെത്തിയപ്പോൾ മുറ്റത്ത് ചേട്ടന്റെ കാർ കിടപ്പുണ്ട്. ലിവിങ് റൂമിലേക്ക് കയറിയപ്പോൾ രണ്ട് കുഞ്ഞു കൈകൾ ഓടിവന്ന് എന്റെ കാലിൽ കെട്ടിപ്പിടിച്ചു.
ഇതാണ് ഞങ്ങളുടെ നദി. നദിയ ലോപ്പസ്, ചേട്ടന്റെ മകൾ. ഞാൻ അവളെ പൊക്കിയെടുത്ത് കവിളിൽ ഒരു ഉമ്മ കൊടുത്തു.
നദിയെ എടുത്ത് ഞാൻ ഹാളിലേക്ക് നടന്നു. അവിടെ സോഫയിൽ ലൂക്കാച്ചനും പല്ലവി ചേച്ചിയും ഇരിപ്പുണ്ട്. പക്ഷേ ഹാളിലെ അന്തരീക്ഷത്തിന് എന്തോ ഒരു സുഖമില്ലായ്മ. പല്ലവി ചേച്ചി ടീവിയിൽ നോക്കി ഇരിക്കുന്നുണ്ടെങ്കിലും ശ്രദ്ധ എവിടെയോ ആണ്. ചേട്ടനാകട്ടെ മൊബൈലിൽ എന്തിലോ മുഴുകിയിരിക്കുന്നു.
“എപ്പോഴാടാ എത്തിയത്?” എന്നെ കണ്ടതും ചേട്ടൻ മൊബൈൽ മാറ്റി വെച്ച് ചോദിച്ചു.
