“ആന്റിയും വല്യപ്പനും തമ്മിൽ ഒരേ സംസാരം. റിയർ വ്യൂ മിററിലൂടെ ഞാൻ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു. അമ്മയെയും വല്യപ്പനെയും ഒട്ടും ശ്രദ്ധിക്കാതെ അവർ രണ്ടുപേരും പരസ്പരം സംസാരിച്ചുകൊണ്ടിരുന്നു. അവരെ നമ്മുടെ മുന്നിലെ ജങ്ഷനിൽ വിട്ട് ഞങ്ങൾ ഇങ്ങോട്ട് പോന്നു. ഒരു നോട്ടം പോലും എനിക്ക് കിട്ടിയില്ല. പക്ഷേ അന്ന് രാത്രി ഫേസ്ബുക്കിൽ ഒരു മെസ്സേജ് വന്നു. പ്രൊഫൈൽ പിക്ചർ മരിയ ഷറപ്പോവയുടെ ഫോട്ടോയാണ്. ‘ഞാൻ ദിവ്യ, ഇന്ന് കാറിൽ ലിഫ്റ്റ് തന്നില്ലേ’ എന്ന് പറഞ്ഞാണ് സംസാരം തുടങ്ങിയത്.”
“എന്റെ ഒരു എടുത്തുചാട്ടം കാരണം ഞാൻ മനസ്സ് തുറന്നു സംസാരിച്ചു. ഒരു മാസം കൊണ്ട് ദിവ്യ ചേച്ചി പറയുന്നത് മാത്രം കേൾക്കുന്ന ഒരാളായി ഞാൻ മാറി. കഴിഞ്ഞ ദിവസം വരെ ഒരു ക്ലൂ പോലും തരാതെയാണ് എന്നോട് ചാറ്റ് ചെയ്തത്. ചേട്ടായിയുടെ കാര്യം ചോദിച്ചതിന്റെ പിറ്റേന്ന് ദീപു വന്ന് എന്നെ തല്ലിയിട്ട് പോയി.” ഇടതു കവിളിൽ കൈവെച്ച് വിക്കി ഒന്ന് എരിവ് വലിച്ചു.
“എന്റെ കാര്യമോ?” കിട്ടിയ അടിയേക്കാൾ കൂടുതൽ ഞാൻ എങ്ങനെയോ ഇതിൽ പെട്ടു എന്നറിഞ്ഞപ്പോഴാണ് എനിക്ക് ആകാംക്ഷയായത്. ഒരു മണിക്കൂർ മുൻപ് എന്നോട് വഴക്കിട്ട ഒരുവൾ എന്റെ അനിയനോട് എന്നെക്കുറിച്ച് അന്വേഷിച്ചിരിക്കുന്നു!
“മ്മ്… ചേട്ടൻ ഇപ്പോൾ എവിടെയാണ് ജോലി ചെയ്യുന്നത്, കല്യാണം കഴിഞ്ഞോ എന്നൊക്കെ ചോദിച്ചു.”
“നീ എന്നാ പറഞ്ഞത്?”
“എന്റെ മൂഡ് പിന്നെയും പോയില്ലേ…” വിക്കി നിരാശയോടെ മുഖം താഴ്ത്തി.
“നീ അവളോട് മോശമായി വല്ലതും പറഞ്ഞോ?”
“ഒരു തവണ ഏത് ഡ്രസ്സാണ് ഇട്ടിരിക്കുന്നത് എന്ന് ചോദിച്ചു.” അവന്റെ ആ നാണത്തോടെയുള്ള പറച്ചിലും പ്രായവും കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. എങ്കിലും ഇവന്റെ മുന്നിൽ അത് കാണിക്കാതെ ഗൗരവത്തിൽ ചോദിച്ചു: “ഇപ്പോഴത്തെ ദീപുവിന്റെ അവസ്ഥ എന്താണ്?”
“അവരുടെ അച്ഛനെപ്പോലെ തന്നെ, പലിശയാണ് പണി.”
”അപകടകാരിയാണോ?”
“മ്മ്… കൊല്ലും!” വിക്കി കൈകൊണ്ട് ഒരു ആക്ഷൻ കാണിച്ചു.
“ദീപുവും ദിവ്യയും തമ്മിൽ എന്താ പ്രശ്നം?”
“ദിവ്യ ചേച്ചി പഠിക്കുന്ന സ്ഥലത്ത് പോയി ദീപു പ്രശ്നമുണ്ടാക്കി. അവൻ ഒരു മണ്ടനാണ്, ദിവ്യ നല്ലപോലെ അവനെ ഊറ്റിയെടുത്തിട്ടുണ്ട്.”
ദിവ്യ എന്ന കൂട്ടുകാരി ഒരു വശത്ത്, സണ്ണി മറുവശത്ത്. കാര്യങ്ങൾ സങ്കീർണ്ണമാകുകയാണ്. “എന്നെ ഇങ്ങോട്ട് വിളിച്ചു വരുത്തിയത് കേവലം ഒരു ചാറ്റിന്റെ പേരിൽ മാത്രമല്ലെന്ന് എനിക്കറിയാം. എന്താ കാര്യം?”
“ദീപുവിന്റെ ഒരു കൂട്ടുകാരൻ—പേര് പറഞ്ഞില്ല—ചേട്ടായിക്ക് ഒരു ഭീഷണി മുഴക്കിയിട്ടുണ്ട്. പ്രിയയുടെ കാര്യം പറഞ്ഞ് നിന്റെ ചേട്ടനോട് പഴയ സ്കൂൾ പ്രേമമൊക്കെ മറക്കാൻ പറഞ്ഞേക്കാൻ അവൻ പറഞ്ഞു.”
അപ്പോൾ റൂട്ട് ആ വഴിക്കാണല്ലേ! “ദിവ്യയും നീയും തമ്മിൽ വേറെ വല്ല ബന്ധവുമുണ്ടോ?” ഞാൻ ചോദിച്ചു.
“ഞാൻ ചുമ്മാ ഒരു നേരംപോക്കിന് ചെയ്തതാണ്.” പല്ലുകാട്ടി ചിരിച്ചുകൊണ്ട് വിക്കി എന്നെ അവിടെനിന്ന് ഒഴിവാക്കാൻ നോക്കി. അവന്റെ ആ ‘നേരംപോക്ക്’ വാക്കിൽ വിശ്വസിച്ച് ഞാൻ അവിടെനിന്നിറങ്ങി. പക്ഷേ സത്യം അതല്ലെന്ന് എനിക്ക് വ്യക്തമായിരുന്നു.
താഴെ എത്തിയപ്പോൾ ജോലിയിലായിരുന്ന ആന്റിമാരോട് യാത്ര പറഞ്ഞു. അവർ എനിക്ക് തരാനായി ഒരു കവർ കരുതിയിരുന്നു. ഇടയ്ക്കിടെ വരണമെന്ന് അവർ സ്നേഹത്തോടെ പറഞ്ഞു. ഞാനും വരാമെന്ന് വാക്ക് നൽകി ഇറങ്ങി.
തിരികെ വീട്ടിലേക്ക് ബസ് കയറി. ഇന്ന് രാത്രി ചേട്ടനും കുടുംബവും എത്തും. ഒന്നിന്റെയും പുറകെ പോകേണ്ടെന്ന് കരുതിയതാണ്, പക്ഷേ ദിവ്യ വീണ്ടും വീണ്ടും മുന്നിൽ വന്നു ചാടുകയാണ്.
ബസ് സ്റ്റോപ്പിൽ ഇറങ്ങി നടക്കുമ്പോഴാണ് പുറകിൽ നിന്ന് എന്റെ പേര് വിളിച്ചുകൊണ്ട് സ്റ്റെല്ല ആന്റി ഓടിവരുന്നത്. വെള്ളയും പച്ചയും കലർന്ന കോട്ടൺ സാരിയുടുത്ത് ആ ചെറിയ ടൗണിലെ ആളുകൾക്ക് ഒരു കാഴ്ചയായിട്ടാണ് ആന്റി വരുന്നത്. ഒരു പോലീസുകാരന്റെ ഭാര്യ എന്ന ബഹുമാനമൊക്കെ ആളുകളുടെ സംസാരത്തിൽ മാത്രമേയുള്ളൂ.
