“നമ്മുടെ കയ്യിലെ പിള്ളേരല്ലേ, വിട്ടേക്ക്,” കൂട്ടത്തിലെ മൂന്നാമൻ നെൽസൺ അങ്ങോട്ട് വന്നു. നെൽസണ് ബബിതയോട് ഒരു കണ്ണുണ്ട്, അവൾക്കാണെങ്കിൽ ഇവനെ കാണുന്നതേ ഇഷ്ടമല്ല. നെൽസൺ ടിറ്റോയെ പിടിച്ചു തള്ളി മാറ്റുന്നത് കണ്ട് ഷാഹിറിന് ദേഷ്യം വന്നു. സ്വന്തം കൂട്ടുകാരനെ എല്ലാവരും കൂടി ചേർന്ന് ആക്രമിക്കുകയാണെന്ന് കരുതിയ ഷാഹിർ ഓടിവന്ന് നെൽസന്റെ നെഞ്ചിൽ ഒറ്റച്ചവിട്ട്!
നെൽസൺ തെറിച്ചു വീണു. ഷാഹിർ ടിറ്റോയുടെ തോളിൽ തട്ടി “ഒന്നുമില്ല” എന്ന് ആംഗ്യം കാണിച്ചു. ഷാഹിറിന്റെ ആ മൂവ് കണ്ട് ടിറ്റോ പോലും വാ പൊളിച്ചു നിന്നു.
കോളേജിലേക്ക് അലക്സിന്റെ ബൈക്കിൽ ‘ലെഫ്റ്റ്’ അടിച്ച് വന്ന ഉണ്ണിയും ഈ ലഹളയുടെ ഇടയിലേക്കാണ് വന്നു വീണത്!
ചുവന്ന പൂക്കൾ വിരിച്ച ആ വലിയ ബോഗൻ വില്ലാ മരങ്ങൾക്കിടയിലൂടെ സൂര്യപ്രകാശം അരിച്ചിറങ്ങുന്നുണ്ടായിരുന്നു. ഗേറ്റിലെ ആ വലിയ ബോർഡ് വായിക്കുമ്പോൾ ഉള്ളിൽ ഒരു ചെറിയ ചിരി പടർന്നു.“SN കോളേജ്”. മുഖത്തെ സൺഗ്ലാസ് ഊരി ഷർട്ടിന്റെ കോളറിൽ കൊളുത്തിയിട്ടു. ഒരു മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരു കോളേജ് ഗേറ്റിനുള്ളിലേക്ക് കാലെടുത്തു വെക്കുകയാണ്. ചുറ്റുമുള്ളവരുടെ നോട്ടം എന്റെ മേലേക്ക് വരുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. വെള്ള ഷർട്ടും ജീൻസും, കൂടെ ആ പഴയ ‘വലിയവീട്ടിലെ’ ഗമയും എബിയുടെ എൻട്രി കുറച്ച് ക്ലാസ്സ് തന്നെയാകണമല്ലോ!
പക്ഷേ, കോളേജ് ഗ്രൗണ്ടിലേക്ക് കയറിയതും കണ്ട കാഴ്ച എന്റെ മൂഡ് കളഞ്ഞു. സണ്ണിയുടെ ആ പിള്ളേരും ഉണ്ണിയും ചേർന്ന് അവിടെ ഒരു യുദ്ധം തന്നെ തുടങ്ങിയിരിക്കുന്നു!
“നീ ആരാടാ?” സന്ദീപ് ഇടയിൽ കയറി എന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു.
“കൂട്ടുകാരാ… നമുക്ക് സംസാരിച്ച് തീർക്കാം. ഞങ്ങൾ പൊക്കോളാം,” കഴുത്തിൽ മുറുകുന്ന വിരലുകളുടെ വേദന കടിച്ചുപിടിച്ച് ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. അപ്പോഴും അടി നിർത്താൻ അവർക്ക് ഭാവമില്ലായിരുന്നു.
പെട്ടെന്ന്, പിന്നിൽ നിന്ന് നടുവിനിട്ട് ഒരു കിടുക്കൻ ചവിട്ട്! ഇഷാന്റെ വക. ബാലൻസ് കിട്ടാതെ നിലത്ത് വീഴാൻ പോയെങ്കിലും കൈകുത്തി ആ നിമിഷം തന്നെ ഞാൻ തിരിഞ്ഞു. അത്രയും നേരം ഉള്ളിൽ അടക്കിപ്പിടിച്ച സമാധാനത്തിന്റെ അണക്കെട്ട് പൊട്ടി. എന്റെ നേരെ ഇഷാന്റെ കൈ വീണ്ടും ഉയർന്നു. അത് തടഞ്ഞ് അവന്റെ വലത്തെ കവിൾ നോക്കി ഒരെണ്ണം ഞാൻ കൊടുത്തു.
പ്രിയയുടെ കസിൻ ഇഷാൻ! ഇവനെ ഞാൻ പണ്ട് പത്തനംതിട്ടയിൽ വെച്ച് കൈവെച്ചതാണ്. അന്ന് കണ്ട ആ പേടി ഇപ്പോഴും അവന്റെ കണ്ണിലുണ്ട്. അവനെ പൊക്കിയെടുത്ത് അടുത്തുള്ള സിമന്റ് ബെഞ്ചിലേക്ക് ചേർത്ത് നിർത്തി. സന്ദീപ് എന്നെ മാറ്റാൻ നോക്കിയെങ്കിലും അവനെ തോളിൽ പിടിച്ച് നിലത്തേക്ക് പൊക്കിയടിച്ചു.
“നിന്നെ എടുത്തോളാം പന്നീ!” നെൽസൺ ആക്രോശിച്ചു കൊണ്ട് അകത്തേക്ക് ഓടി.
ക്ഷമിക്കാൻ എനിക്ക് പരിധിയുണ്ട്. പക്ഷേ ഹാരിസ് എബ്രഹാം വലിയവീട്ടിൽ എന്ന പേരിന് ഒരു പ്രത്യേകതയുണ്ട്..തൊട്ടവനെ വെറുതെ വിടാറില്ല. ഉണ്ണിയെയും ടിറ്റോയെയും നോക്കാതെ ഞാൻ നെൽസന്റെ പിന്നാലെ പാഞ്ഞു. ചെന്നു കയറിയത് ഏതോ ഒരു ക്ലാസ്സ് റൂമിൽ!
അവിടെ അവന്റെ കൂടെയുള്ള ബാക്കി പിള്ളേരും ഉണ്ടായിരുന്നു. ഒരാൾ ക്രിക്കറ്റ് ബാറ്റുമായി എന്റെ തലയ്ക്ക് നേരെ വീശി. ഇടതു കൈകൊണ്ട് ആ ബാറ്റ് തടഞ്ഞു പിടിച്ചു വാങ്ങി, അതിന്റെ പിടികൊണ്ട് അവന്റെ വയറ്റിൽ ഒരു കുത്ത്! പിന്നെ കണ്ടത് ബാറ്റിന്റെ വിളയാട്ടമാണ്. ചുണ്ടിനും നെറ്റിക്കും പരിക്കേറ്റെങ്കിലും അവന്മാരെല്ലാം ഒതുങ്ങി. ഒടുവിൽ ഇഷാന്റെ തലയ്ക്ക് നേരെ കസേര ഓങ്ങിയപ്പോഴാണ് ഞാൻ ആ കാഴ്ച കണ്ടത്.
ചെവി പൊത്തിപ്പിടിച്ച്, കരച്ചിലിന്റെ വക്കിൽ എന്നെ പേടിയോടെ നോക്കി നിൽക്കുന്ന ഒരു ടീച്ചർ! ഞാൻ പതുക്കെ കസേര താഴെ വെച്ചു.
പ്രിൻസിപ്പാളിന്റെ റൂമിൽ…
“മല്ലിക ടീച്ചർക്ക് പറ്റില്ലെങ്കിൽ റിസൈൻ ചെയ്തു പോകാൻ നോക്ക്! കോളേജ് തുറന്ന ദിവസം തന്നെ തുടങ്ങിയല്ലോ ഇവന്മാര്!” പ്രിൻസിപ്പാൾ ഭുവനചന്ദ്രൻ സാറിന്റെ ശകാരം ആ മുറിയിൽ മുഴങ്ങി. മല്ലിക ടീച്ചർ മറ്റാരുമല്ല, ഞാൻ കസേര ഓങ്ങിയപ്പോൾ ക്ലാസ്സിൽ ഭയന്നുനിന്ന അതേ ടീച്ചറാണ്.
