കൗതുകകരമായ കേസ് എഡിറ്റ് ചെയ്ത പതിപ്പ് – 1 15

 

“കുറച്ചു നേരമായി. സണ്ണിയുടെ വീട്ടിൽ വരെ ഒന്ന് പോയതാ,” നദിയെ സോഫയിലിരുത്തി ഞാൻ പറഞ്ഞു.

 

“സണ്ണിയെ കണ്ടോ? അവൻ ഇപ്പോഴും ആ പഴയ കോഴിത്തരമൊക്കെ ആയിട്ട് നടക്കുകയാണോ?” ലൂക്കാച്ചൻ ഒന്ന് ചിരിച്ചു.

 

“അവന് മാറ്റമൊന്നുമില്ല ചേട്ടാ. അവൻ ഇപ്പോഴും 2010-ൽ തന്നെയാണ് ജീവിക്കുന്നത്,” ഞാൻ പറഞ്ഞത് കേട്ട് പല്ലവി ചേച്ചി ഒന്ന് നോക്കി.

 

“എബി, നിനക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കട്ടെ?” ചേച്ചി എഴുന്നേറ്റു കൊണ്ട് ചോദിച്ചു. പക്ഷേ ചേട്ടനെ ഒന്ന് നോക്കാൻ പോലും ചേച്ചി തയ്യാറായില്ല.

 

“വേണ്ട ചേച്ചി, ഞാൻ ഇപ്പോൾ വിക്കിയുടെ വീട്ടിൽ നിന്ന് കഴിച്ചിട്ടേയുള്ളൂ.”

 

“നീ എന്തിനാ അവളോട് ചായ ചോദിക്കാൻ നിൽക്കുന്നത്? അവൾക്ക് അത് ഉണ്ടാക്കിത്തരാൻ സമയമില്ലല്ലോ,” ചേട്ടൻ പതുക്കെ ഒന്ന് പിറുപിറുത്തു.

 

പല്ലവി ചേച്ചി തിരിഞ്ഞു നിന്ന് ചേട്ടനെ ഒന്ന് രൂക്ഷമായി നോക്കി. “എനിക്ക് സമയമില്ലാത്തത് കൊണ്ടല്ല, നിങ്ങളുടെ ഈ കുറ്റപ്പെടുത്തൽ കേൾക്കാൻ വയ്യാത്തത് കൊണ്ടാണ്. എബി വന്നപ്പോൾ പോലും എന്നെ ഒന്ന് കുറ്റപ്പെടുത്തണം അല്ലേ?”

 

“ഞാൻ സത്യമല്ലേ പറഞ്ഞത്? ഒരു ദിവസം പോലും സമാധാനമായി ഇവിടെ ഇരിക്കാൻ നിനക്ക് പറ്റില്ലല്ലോ.” ലൂക്കാച്ചന്റെ സ്വരവും അല്പം ഉയർന്നു.

 

ഞാൻ ഒന്ന് പരുങ്ങി. ഇവർ തമ്മിൽ എന്തോ വലിയ വഴക്ക് നടന്നിട്ടുണ്ട്. സാധാരണ ലൂക്കാച്ചൻ ചേച്ചിയെ ജീവനാണ്, ചേച്ചിക്കും തിരിച്ചങ്ങനെ തന്നെ. നദി അപ്പോഴും നിഷ്കളങ്കമായി എന്റെ കയ്യിലിരുന്ന വാച്ചിൽ നോക്കി കളിക്കുകയായിരുന്നു.

 

“ചേട്ടാ… വിട്ടേക്ക്. വെക്കേഷൻ ആഘോഷിക്കാൻ വന്നതല്ലേ,” ഞാൻ ഇടയിൽ കയറി പറഞ്ഞു.

 

“വെക്കേഷനോ? നിന്റെ ചേച്ചിക്ക് ഇവിടെ നിൽക്കാൻ താല്പര്യമില്ല എബി. നാളെത്തന്നെ തിരിച്ചു പോകണം എന്നാണ് പറയുന്നത്,” ചേട്ടൻ ദേഷ്യത്തോടെ എഴുന്നേറ്റ് തന്റെ റൂമിലേക്ക് നടന്നു.

 

പല്ലവി ചേച്ചി ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോയി. അല്പം കഴിഞ്ഞ് ചേച്ചി ഒരു ഗ്ലാസ് നാരങ്ങാവെള്ളവുമായി വന്നു.

 

“നീ അത് കാര്യമാക്കണ്ട എബി. നിനക്ക് പഠനം തുടങ്ങണ്ടേ? കോളേജിൽ പോകാൻ എല്ലാം റെഡിയായോ?” ചേച്ചി ആ വിഷയം മാറ്റാൻ നോക്കി.

 

“മ്മ്… എല്ലാം ശരിയായി ചേച്ചി. നാളെയാണ് ശരിക്കും തുടങ്ങുന്നത്.”

 

“സൂക്ഷിക്കണം. പഴയത് പോലെയല്ല ഇപ്പോൾ. അപ്പന് പഴയത് പോലെ ഡിപ്പാർട്ട്‌മെന്റിൽ പിടിപാടില്ല. എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാൽ നിന്നെ സഹായിക്കാൻ ആരും കാണില്ല,” ചേച്ചി ഒരു മുന്നറിയിപ്പ് പോലെ പറഞ്ഞു.

 

എനിക്ക് അപ്പനെ ഓർമ്മ വന്നു. സത്യമാണ്, അപ്പൻ ഇപ്പോൾ സർവീസിലില്ല. വലിയവീട്ടിൽ കുരുവിളയുടെ പേരക്കുട്ടി എന്നതിനേക്കാൾ, സസ്പെൻഷനിലായ ഒരു പോലീസ് ഓഫീസറുടെ മകൻ എന്ന ലേബലാണ് ഇപ്പോൾ എനിക്ക് പുറത്തുള്ളത്.

 

“ഞാൻ ശ്രദ്ധിച്ചോളാം ചേച്ചി. പഴയ എബിയല്ല ഞാൻ.”

 

 

“ഹായ് ചേട്ടായി!” ഉണ്ണി എന്റെ അടുത്തേക്ക് വന്നു.

 

“നീ ഇവരുടെ കൂടെ വന്നോ?” മര്യാദയ്ക്ക് വേണ്ടി ഞാൻ അവനോട് ചോദിച്ചു.

 

“ഞാൻ ഇനി മുതൽ ഇവിടെയല്ലേ…” ഉണ്ണി എന്നെ നോക്കി കള്ളച്ചിരിയോടെ പറഞ്ഞു.

 

“ഇവിടെയോ?” ഓരോന്നായി കേറി വരികയാണല്ലോ! ഞാൻ അടുക്കളയിലേക്ക് വീണ്ടും നോക്കി. പല്ലവി ചേച്ചി ജോലിയിലാണെങ്കിലും ഇടയ്ക്ക് ഇങ്ങോട്ടൊരു ശ്രദ്ധയുണ്ട്.

 

”SNC കോളേജിൽ,” ഉണ്ണി കോളേജിന്റെ പേര് പറഞ്ഞു.

 

“സബ്ജക്ട് എന്താണ്?”

 

“നിങ്ങളുടെ ക്ലാസ്സിൽ തന്നെ!”

 

ഇനി ഇവനെയും സഹിക്കണമല്ലോ എന്ന് ഞാൻ ഓർത്തു. “ചേട്ടനും ചേച്ചിയും തമ്മിൽ എന്താ പ്രശ്നം?” ഞാൻ പതുക്കെ ചോദിച്ചു.

 

“ഇന്ന് പോരാൻ നേരം ലൂക്കാച്ചനും അച്ഛനും കൂടെ വീണ്ടും പഴയ ബിസിനസ് കാര്യം പറഞ്ഞ് വഴക്കായി. വിഷമം വന്നപ്പോൾ ചേട്ടൻ അടിച്ചങ്ങ് കിണ്ടിയായി. ചേച്ചി കലിപ്പിലായി, പിന്നെ ഞാനാണ് കാർ ഓടിച്ച് ഇങ്ങോട്ട് വന്നത്.” ഉണ്ണി ചേച്ചിയുടെ വീട്ടിൽ നടന്ന കാര്യങ്ങൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *