കൗതുകകരമായ കേസ് എഡിറ്റ് ചെയ്ത പതിപ്പ് – 1 15

 

“എബി വരുന്നില്ലേ?” ബാലു ചോദിച്ചു. ഇല്ലെന്ന മറുപടി കേട്ടപ്പോൾ ബാലുവും നടന്നു.

 

അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ട്രിസ ക്ലാസ്സിലേക്ക് കയറി വന്നു. സാരിക്ക് മുകളിൽ ഒരു കോട്ടിട്ട്, ഹാൻഡ് ബാഗും തൂക്കി വരുന്ന ട്രിസയെ നോക്കി എബി ബെഞ്ചിൽ ഒതുങ്ങിയിരുന്നു. ട്രിസ വന്ന് അവന്റെ അടുത്തിരുന്നു.

 

“നീ സീരിയസാണോ എബി?”

 

“എൻജോയ് ചെയ്യേണ്ട സമയത്ത് ബിസിനസ്സ് എന്ന് പറഞ്ഞ് ആ മലയിൽ പോയി കിടന്നവനല്ലേ ഞാൻ. ഇത് കംപ്ലീറ്റ് ചെയ്യുമോ എന്ന് അറിയില്ല, നോക്കട്ടെ.” എബി ട്രിസയുടെ കൈയിലെ വാച്ചിൽ ഒരു നിമിഷം നോക്കി.

 

“ക്ലാസ്സിൽ ഞാൻ പറഞ്ഞത് കേട്ട് ഫീൽ ആയോടാ?” ട്രിസ കള്ളച്ചിരിയോടെ ചോദിച്ചു.

 

“നീ പറഞ്ഞത് കേട്ട് ഫീൽ ആകാൻ മാത്രം ലോലനാണോ ഞാൻ?” എബിയുടെ മറുപടിയിൽ രണ്ടുപേരും പൊട്ടിച്ചിരിച്ചു. പഴയ ക്ലാസ്‌മേറ്റ്‌സ് എന്നതിലുപരി അവർക്കിടയിൽ ഒരു പ്രത്യേക അടുപ്പമുണ്ടായിരുന്നു.

 

“അവൻ വിളിക്കുന്നുണ്ടോ?” എബി ചോദിച്ചു.

 

“അവനോ? എസ്.ഐ ആയതിൽ പിന്നെ അവനെ താഴെ ഇറക്കാൻ പറ്റണ്ടേ!”

 

ട്രിസയുടെ കാമുകൻ മനോജ് ഇപ്പോൾ എസ്.ഐ ആണ്. സ്കൂൾ കാലം തൊട്ടുള്ള ബന്ധമാണ്. മനോജ് ഇപ്പോൾ ഒരു കേസ് അന്വേഷണവുമായി ഔട്ട് ഓഫ് സ്റ്റേറ്റിലാണ്.

 

“ആതിരയ്ക്ക് പോലീസിൽ ജോലി കിട്ടിയത് അറിഞ്ഞോ?” എബിയെ ഒന്ന് പരീക്ഷിക്കാൻ ട്രിസ ചോദിച്ചു.

 

“വീട്ടിൽ പറയുന്നത് കേട്ടു,” എബി അപ്പോഴും ട്രിസയുടെ കൈയിലെ വാച്ചിൽ വിരലോടിച്ചു കൊണ്ടിരുന്നു.

 

“ഭരതന്റെ ആളുകൾ വീട്ടിൽ കയറിയെന്ന് അച്ഛൻ പറഞ്ഞു…” ട്രിസയുടെ സ്വരം പതുക്കെ താഴ്ന്നു.

 

എബി ഒന്ന് ചിരിച്ചു. ആ ചിരിയിൽ പല അർത്ഥങ്ങളുണ്ടായിരുന്നു. “പോയാലോ? നാല് മണിയായി.” ട്രിസ അവന്റെ കൈയിൽ പിടിച്ചു.

 

“നീ വിട്ടോ ട്രിസേ… ഞാൻ ട്രോപ്പ് ചെയ്യാം എന്ന് പറയണ്ട. എനിക്ക് കുറച്ച് നേരമിവിടെ ഇരിക്കണം.”

 

“ശരി മോനെ… നീ ഇരിക്ക്.” ട്രിസ ചിരിച്ചു കൊണ്ട് പുറത്തേക്ക് പോയി. എബി ഒരിക്കലും ട്രിസയുടെ കണ്ണുകളിലേക്ക് നോക്കി സംസാരിക്കാറില്ല—അതൊരു പഴയ ശീലമാണ്, അല്ലെങ്കിൽ ഒരുതരം കരുതൽ. അഞ്ച് മണി വരെ എബി ആ ക്ലാസ്സ് റൂമിൽ ഒറ്റയ്ക്ക് ഇരുന്നു.

 

⏩⏩

പള്ളി ഗ്രൗണ്ടിൽ ടിറ്റോയും സംഘവും വലിയ ചർച്ചയിലാണ്.

 

“നാളെത്തന്നെ ഈ പ്രശ്നം തീർക്കണം. ഇല്ലെങ്കിൽ നെൽസന്റെ ടീം നമ്മളെ പൂട്ടും,” ടിറ്റോ ടെൻഷനിലാണ്.

 

“എബി ചേട്ടന് കുറച്ച് ഈഗോ കൂടുതലാണ്,” ഉണ്ണി തന്റെ ചേട്ടനെ ന്യായീകരിക്കാൻ നോക്കി.

 

“ഈഗോ? അങ്ങേര് നമ്മളെ ഊക്കി വിട്ടത് കണ്ടില്ലേ? എന്നിട്ടും നിനക്ക് ഈഗോ!” അലക്സ് ദേഷ്യപ്പെട്ടു.

 

“അലക്സേ… നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങൾ. ഹാരിസ് അങ്കിളിന്റെ ഓഫീസ് റൂമിലിരിക്കുന്ന ട്രോഫികളെല്ലാം എബി ചേട്ടൻ വാങ്ങിയതാണ്,” ഉണ്ണി അഭിമാനത്തോടെ പറഞ്ഞു.

 

“പണം കൊടുത്ത് വാങ്ങിയതാകും!” ടിറ്റോ പുച്ഛിച്ചു.

 

“ചുമ്മാതല്ലടാ അങ്ങേര് നിങ്ങളെ ഓടിച്ചു വിട്ടത്. എന്നെപ്പോലും മൈൻഡ് ചെയ്യുന്നില്ല,” ഉണ്ണിക്ക് വിഷമം വന്നു. ഉണ്ണി ദേഷ്യപ്പെട്ട് അവിടെ നിന്ന് എഴുന്നേറ്റ് വീട്ടിലേക്ക് നടന്നു. അവൻ പോകുന്നത് നോക്കി ബാക്കി മൂന്ന് പേരും ചിരിച്ചു.

 

അവർക്ക് അറിയില്ലായിരുന്നു, എബി ആ ക്ലാസ്സ് റൂമിൽ ഒറ്റയ്ക്ക് ഇരുന്നത് വെറുതെയല്ലെന്ന്. തന്റെ മുന്നിലുള്ള മൂന്ന് വമ്പൻ കുടുംബങ്ങളെ എങ്ങനെ പൂട്ടണം എന്നുള്ള മാസ്റ്റർ പ്ലാൻ അവന്റെ തലയിൽ തെളിയുകയായിരുന്നു.

⏩⏩

സണ്ണിയുടെ ബൈക്ക് എബിയുടെ വീടിന്റെ ഗേറ്റിന് മുന്നിൽ വന്നു നിന്നു. അവിടെ കണ്ട കാഴ്ച സണ്ണിയെപ്പോലും ഒന്ന് ഭയപ്പെടുത്തി. രാജ്‌മോഹന്റെ ഇന്നോവയും പിന്നാലെ രണ്ട് ജീപ്പുകളും അവിടെ കിടപ്പുണ്ട്. മുറ്റത്ത് കുറച്ചു പാർട്ടിക്കാരും. എല്ലാവരുടെയും മുഖത്ത് ഒരു വല്ലാത്ത കലിപ്പാണ്.

 

ഹാരിസ് സാർ ഉമ്മറത്ത് തന്നെ നിൽപ്പുണ്ട്. ജോസി അങ്കിളും കൂടെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *