കൗതുകകരമായ കേസ് എഡിറ്റ് ചെയ്ത പതിപ്പ് – 1 15

 

“അങ്കിൾ പേടിക്കണ്ട, ഇതൊരു മുൻകരുതൽ മാത്രമാണ്.” എബി ചിരിച്ചുകൊണ്ട് എഴുന്നേറ്റു.

 

മാത്യു വക്കീലിന്റെ നെഞ്ചിടിപ്പ് ഇപ്പോഴും നിലച്ചിരുന്നില്ല.

 

⏩⏩

 

കോളേജിലേക്ക് പോകാൻ ഇറങ്ങിയ ഉണ്ണിയാണ് വിയർത്തു കുളിച്ചു വരുന്ന എബിയെ കണ്ടത്. “കോളേജിൽ പോകുന്നില്ലേ?” എബി ചോദിച്ചപ്പോൾ ഉണ്ണി ഒന്ന് അന്തംവിട്ടു. “ഞാൻ ഇറങ്ങുകയാ…” ഉണ്ണി ബൈക്ക് സ്റ്റാർട്ട് ചെയ്തു.

 

എബി അകത്ത് കയറി കുളിച്ച്, ഒരു പിങ്ക് ചെക്ക് ഷർട്ടും വൈറ്റ് ജീൻസുമിട്ട് പക്കാ സ്റ്റൈലിഷ് ലുക്കിൽ പുറത്തിറങ്ങി. ഗേറ്റിന് പുറത്ത് സണ്ണി കാത്തുനിൽക്കുന്നുണ്ടായിരുന്നു.

 

“നീ കാർ എടുക്കാൻ പോവുകയാണോ?” സണ്ണി ചോദിച്ചു.

 

“പത്ത് കാർ വാങ്ങാനുള്ള പണം അക്കൗണ്ടിലുണ്ട് സണ്ണീ… ഒരു ചെറിയ കാർ ഉടനെ എടുക്കണം.” സണ്ണിയെ കളിയാക്കി എബി ബൈക്കിന് പിന്നിൽ കയറി.

 

കോളേജിലെത്തിയ എബി ക്ലാസ്സിലേക്ക് കയറി ചെന്നു. വിമല ടീച്ചർ ക്ലാസ് എടുക്കുകയായിരുന്നു. “യെസ്… കം ഇൻ.” ടീച്ചർ പുഞ്ചിരിയോടെ സ്വാഗതം ചെയ്തു. ബാഗും ബുക്കുമില്ലാതെ കയറി വരുന്ന എബിയെ കണ്ട് ബാക്കിയുള്ളവർ വാ പൊളിച്ചു.

 

“ഇത് ഹാരിസ് എബ്രഹാം… നമ്മുടെ ക്ലാസ്സിലെ ലാസ്റ്റ് സ്റ്റുഡന്റാണ്.” വിമല ടീച്ചർ എബിയെ പരിചയപ്പെടുത്തി.

 

എബി ക്ലാസ് ഒന്ന് കണ്ണോടിച്ചു. 25 കുട്ടികൾ. അവൻ നേരെ ബാക്ക് ബെഞ്ചിലേക്ക് പോയി ഉണ്ണിയുടെ അടുത്തിരുന്നു. തൊട്ടടുത്തിരുന്നവന്റെ നേരെ കൈ നീട്ടി അവൻ പറഞ്ഞു: “എബി.”

 

“ബാലു,” അവൻ തിരിച്ചു കൈ കൊടുത്തു.

 

അടുത്ത ക്ലാസ് ട്രിസയുടെ ആയിരുന്നു. ട്രിസ ക്ലാസ്സിലേക്ക് കയറിയപ്പോൾ തന്നെ എബിയെ നോക്കി ഒരു ‘വിലപ്പെട്ട’ ഉപദേശം നൽകി: “പിള്ളേരേ… ആ ഇരിക്കുന്നവന്റെ കൂടെ കൂട്ടുചേർന്ന് ജീവിതം നശിപ്പിക്കരുത്.”

 

എബി അത് കേട്ട ഭാവം നടിച്ചില്ല. ട്രിസയുടെ ക്ലാസ് കഴിഞ്ഞതും ബ്രേക്ക് ടൈമായി. ട്രിസ പോയ പാടെ, ക്ലാസ്സിലെ നാല് പിള്ളേർ എഴുന്നേറ്റു എബിയുടെ അടുത്തേക്ക് വന്നു. ക്ലാസ്സിലെ മറ്റുള്ളവർ ശ്വാസമടക്കിപ്പിടിച്ച് ആ കാഴ്ച നോക്കി നിന്നു.

 

മുന്നിൽ വന്ന് നിൽക്കുന്ന ആ നാലുപേരെയും നോക്കി എബി തന്റെ സീറ്റിൽ ആഞ്ഞു ഇരുന്നു. ബാലുവിന്റെ തോളിൽ കൈവെച്ചു കൊണ്ട് അവൻ അവരെ നോക്കി ഒന്ന് ചിരിച്ചു. ആ ചിരിയിൽ കോളേജിലെ പുതിയ സമവാക്യങ്ങൾ എഴുതപ്പെടുകയായിരുന്നു.

 

“സോറി അണ്ണാ!”

 

ടിറ്റോയുടെ ആ അണ്ണാ വിളി കേട്ട് ക്ലാസ്സിലെ പിള്ളേർ ശരിക്കും ഞെട്ടി. ഇന്നലെ വരെ എബിയെ പുച്ഛിച്ചു നടന്ന ടിറ്റോയും സംഘവും ഇന്ന് വാലാട്ടി നിൽക്കുന്നത് കണ്ടപ്പോൾ ബാലുവിന് പോലും അത്ഭുതമായി. ഇന്നലത്തെ തല്ലുപിടി അറിഞ്ഞതുകൊണ്ട് വിമല ടീച്ചർ അവരെ നാലുപേരെയും നാല് ബെഞ്ചിലായിട്ടാണ് ഇരുത്തിയിരിക്കുന്നത്.

 

“എബി ചേട്ടാ…” ഉണ്ണി പതുക്കെ ഒന്ന് വിളിച്ചു.

 

“നാലെണ്ണവും വിട്ടോ,” എബി അവരെ മൈൻഡ് ചെയ്യാതെ മുന്നോട്ട് നോക്കി ഇരുന്നു.

 

“എബി, ഞാൻ ഇടപെടണോ?” ബാലു അല്പം ഗമയിൽ എബിയോട് ചേർന്നിരുന്ന് ചോദിച്ചു.

 

“നമ്മുടെ പിള്ളേരാണ് ബാലു,” എബി ഒന്ന് കണ്ണ് അടച്ചു കാണിച്ചു. എന്നിട്ട് ടിറ്റോയ്ക്കും സംഘത്തിനും നേരെ തിരിഞ്ഞു. “മക്കൾ പോയി ഇച്ചിമുളയിട്ട് വായോ…” എബിയുടെ പരിഹാസം കേട്ട് മുഖം താഴ്ത്തി നാലുപേരും ക്ലാസ്സിൽ നിന്ന് പുറത്തേക്ക് നടന്നു.

 

“എബിക്ക് ഇവരെ നേരത്തെ അറിയാമോ?” ബാലുവിന് കൗതുകമായി.

 

“നന്നായിട്ടറിയാം,” എബി പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്ത് മെസ്സേജ് ചെക്ക് ചെയ്യുന്നതിനിടയിൽ പറഞ്ഞു.

 

അശോകൻ സാറിന്റെയും നൗഷാദ് സാറിന്റെയും ക്ലാസ്സുകൾ കഴിഞ്ഞു. അവസാന പിരീഡ് മല്ലിക മിസ്സിന്റേതായിരുന്നു. മിസ്സ് ക്ലാസ്സിലേക്ക് കയറിയപ്പോൾ തന്നെ നോട്ടം പോയത് എബിയിലേക്കാണ്. പക്ഷേ, ആദ്യ ദിവസം കണ്ട ആ ദേഷ്യം ഇപ്പോഴില്ല. മിസ്സ് ഓരോ ബെഞ്ചിലും കയറി ഇറങ്ങി ചോദ്യങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു. ഒടുവിൽ ബെൽ അടിച്ചപ്പോൾ കുട്ടികൾ ഓരോരുത്തരായി പുറത്തേക്ക് ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *