കൗതുകകരമായ കേസ് എഡിറ്റ് ചെയ്ത പതിപ്പ് – 1 15

 

“അവന്റെ അപ്പാപ്പനെ ഞാൻ ഒരു തവണ കണ്ടിട്ടുണ്ട്. പിന്നെ… അവനോട് ഇതൊന്നും ചോദിക്കാൻ നിൽക്കണ്ട. ലൂക്കാച്ചനും എബിയും തമ്മിൽ ഒരു വയസ്സിന്റെ വ്യത്യാസമേയുള്ളൂ. എബിക്ക് ഒരു സ്വഭാവമുണ്ട്,പെണ്ണുങ്ങളോടും പ്രായത്തിന്റെ കാര്യത്തിലും അവൻ കള്ളം മാത്രമേ പറയൂ. ലൂക്കാച്ചൻ പ്ലസ് വണ്ണിന് സയൻസ് എടുത്തപ്പോൾ എബി കൊമേഴ്സ് എടുത്തു. ‘നിനക്ക് ഫുൾ A+ കിട്ടിയത് കൊമേഴ്സ് ആയതുകൊണ്ടാ’ എന്ന് ലൂക്കാച്ചൻ കളിയാക്കിയതിന്റെ പേരിൽ, കിട്ടിയ സർട്ടിഫിക്കറ്റ് ക്യാൻസൽ ചെയ്ത് രണ്ടാമത് സയൻസ് എടുത്തു പഠിച്ച മുതലാണ് അവൻ! അങ്ങനെയാണ് ഞങ്ങൾ ഒരേ ക്ലാസ്സിൽ വന്നത്.”

 

സണ്ണി ഒന്ന് ചിരിച്ചു. “നീയൊക്കെ ഇപ്പോൾ പഠിക്കാൻ പോകുന്ന സബ്ജെക്ട് മുഴുവൻ അവന് കാണാപ്പാഠമായിരിക്കും. പള്ളിഗ്രൗണ്ടിൽ അവൻ ഇറങ്ങുന്ന ദിവസം ഒറ്റ ഒരുത്തനും വായാടിത്തം കാണിക്കില്ല. പത്ത് കാർ വാങ്ങാൻ പണമുള്ളവനാണ് കോളേജിൽ ബസിൽ വരുന്നത്. അതുകൊണ്ട് സൂക്ഷിച്ചോ!”

 

സണ്ണി പറഞ്ഞത് ഒരു തള്ള് കഥ പോലെ തോന്നിയെങ്കിലും, നെൽസന്റെ വീട്ടിൽ കഥാന്ത്യം വേറെയായിരുന്നു.

⏩⏩

 

നെൽസന്റെ വീട്ടിൽ

 

കൈയിൽ ബാൻഡേജ് ചുറ്റി, മുഖത്ത് കടുത്ത കുറ്റബോധവുമായി നെൽസൺ ഇരിക്കുകയാണ്. എതിരെ അവന്റെ അമ്മ മയൂരിയും, മയൂരിയുടെ രണ്ടാം ഭർത്താവും ജില്ലാ നേതാവുമായ രാജ്‌മോഹനും.

 

ഫോൺ കട്ട് ചെയ്ത് രാജ്‌മോഹൻ രോഷത്തോടെ എഴുന്നേറ്റു. “നീ ആരോടാണ് പ്രശ്നം ഉണ്ടാക്കിയതെന്ന് അറിയാമോ?”

 

“അവൻ ആരോടും പ്രശ്നം ഉണ്ടാക്കും! ഈ നാട് ഭരിക്കുന്നത് നിങ്ങളുടെ പാർട്ടിയല്ലേ? എന്റെ മോനെ തല്ലിയവനെ ഒന്ന് തൊടാൻ പോലും നിങ്ങൾക്ക് പറ്റില്ലേ?” മയൂരി ഭർത്താവിനോട് തട്ടിക്കയറി.

 

“മയൂരി പ്ലീസ്! ഇത് എന്റെ കയ്യിൽ നിൽക്കുന്ന കേസല്ല.”

 

“നാണമില്ലേ മനുഷ്യ!”

 

രാജ്‌മോഹൻ ദേഷ്യം നിയന്ത്രിച്ച് കണ്ണുകൾ അടച്ചു. “അവൻ ഹാരിസിന്റെ മകനാണ്…” അയാളുടെ ശബ്ദത്തിൽ ഒരു പതർച്ചയുണ്ടായിരുന്നു.

 

“ഹാരിസ് ഇപ്പോൾ പോലീസല്ലല്ലോ, നിങ്ങൾക്ക് ഇപ്പോഴും അയാളെ പേടിയാണോ?” മയൂരി പുച്ഛിച്ചു.

 

“ആ പയ്യൻ… ഹാരിസിനേക്കാൾ അപകടകാരിയാണ്. ഭരതനെയൊക്കെ ഇതിനായി വിളിച്ചേക്കരുത്. ഹാരിസിന്റെ വീട്ടിൽ കയറാൻ നോക്കിയ രണ്ട് പേർ ഇപ്പോൾ ആശുപത്രിയിലാണ്!” രാജ്‌മോഹൻ വെളിപ്പെടുത്തി.

 

അത് കേട്ട് മയൂരി വിറച്ചുപോയി. നെൽസൺ ഒന്നും മിണ്ടാതെ തല താഴ്ത്തിയിരുന്നു. തന്റെ എതിരാളി താൻ വിചാരിച്ചതിലും വലിയൊരു മലയാണെന്ന് അവൻ തിരിച്ചറിയുകയായിരുന്നു.

 

“സ്വന്തം കെട്ടിയോനെ കൊല്ലാൻ കൂടെ നിന്നത് ഈ അധികാരം എന്റെ കൈയിൽ വരാനാണ്! ഒരു പിഞ്ചു പയ്യനെ ഒതുക്കാൻ നിനക്ക് കഴിയില്ലേ? ഓഫീസ് ബോയിയിൽ നിന്ന് ജില്ലാ സെക്രട്ടറിയാകാൻ ഈ മയൂരി കഷ്ടപ്പെട്ട പോലെ നീ ആരുടെ മുന്നിലും കുനിഞ്ഞിട്ടില്ലല്ലോ!”

 

രാജ്‌മോഹനെ പുച്ഛിച്ചു തള്ളി മയൂരി മുറിയിലേക്ക് പോയി. അവളുടെ വാക്കുകൾ രാജ്‌മോഹന്റെ നെഞ്ചിൽ തറച്ചു. ഒരേസമയം രോഷവും നാണക്കേടും കൊണ്ട് അയാൾ തല താഴ്ത്തി പുറത്തേക്ക് നടന്നു. മുകളിൽ വാതിൽ വലിച്ചടയ്ക്കുന്ന ശബ്ദം കേട്ട് അയാൾ കാറിൽ കയറി ദൂരേക്ക് പോയി.

 

ദേഷ്യത്തിൽ വിറയ്ക്കുന്ന കൈകളോടെ മയൂരി ഫോണെടുത്തു. “SP ശ്രീകുമാർ!” മറുപുറത്ത് കോൾ എടുത്തയാൾ പറഞ്ഞു.

 

“ശ്രീ… എനിക്കൊരു ഹെൽപ്പ് വേണം.”

 

“മായയോ?” ശ്രീകുമാർ അമ്പരന്നു. “എന്താ മോളെ കാര്യം?” ഒരു ജ്യേഷ്ഠന്റെ വാത്സല്യത്തോടെ അയാൾ ചോദിച്ചു.

 

“ഹാരിസിന്റെ മോനെപ്പറ്റിയാണ്…”

 

“ലൂക്കാച്ചനെ പറ്റിയോ?”

 

“അല്ല, അയാൾക്ക് വേറൊരു മോൻ കൂടിയുണ്ട്.”

 

“നമ്മുടെ എബി! എന്താടി കാര്യം?” ശ്രീകുമാർ ഗൗരവത്തിലായി.

 

“അവൻ നെൽസന്റെ ദേഹത്ത് കൈവെച്ചു.”

 

മറുപുറത്ത് ശ്രീകുമാർ ഒരു നിമിഷം മൗനമായി നിന്നു. എബിയെക്കുറിച്ച് ഓർത്തപ്പോൾ അയാൾക്ക് ചിരിയാണ് വന്നത്. “നെൽസൺ എന്തെങ്കിലും വൃത്തികേട് കാണിച്ചുകാണും,” അയാൾ പതുക്കെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *