കൗതുകകരമായ കേസ് എഡിറ്റ് ചെയ്ത പതിപ്പ് – 1 15

 

ഞാൻ ബൈക്ക് സ്റ്റാൻഡിലിറങ്ങി. പിള്ളേരെ വിട്ട് സണ്ണി എന്റെ അടുത്തേക്ക് നടന്നു വന്നു.

 

“ടിറ്റോ… ഇത് എബി. ഹാരിസ് സാറിന്റെ മകനാണ്,” എന്നെ നോക്കിനിന്ന മൂന്നുപേരോടുമായി സണ്ണി എന്നെ പരിചയപ്പെടുത്തി. എന്നിട്ട് അവർക്കിടയിലേക്ക് എന്നെ വിട്ട് സണ്ണി ഒന്ന് മാറിനിന്നു.

 

കൂട്ടത്തിൽ അത്യാവശ്യം ആരോഗ്യമുള്ള ടിറ്റോയെ ഞാൻ അടുത്തേക്ക് വിളിച്ചു. പക്ഷേ മൂന്നുപേരും ഒന്നിച്ചാണ് എന്റെ മുന്നിലേക്ക് വന്നത്.

 

“കുറച്ചു നാളായി ഞാൻ നാട്ടിൽ ഇല്ലായിരുന്നു. നിങ്ങളുടെ പേരെന്താ?” ഞാൻ ചോദിച്ചു.

 

“ഷാഹിർ, അലക്സ്, ടിറ്റോ.” ഇടത്തും വലത്തും നിന്നവരെ പരിചയപ്പെടുത്തി ടിറ്റോ എനിക്ക് കൈ നീട്ടി. ഞാൻ മൂന്നുപേർക്കും ചിരിച്ചുകൊണ്ട് കൈകൊടുത്തു. ടിറ്റോയാണ് ഇവരുടെ ലീഡർ എന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാം. പക്ഷേ, ടിറ്റോയുടെ നോട്ടത്തിൽ എവിടെയോ ഒരു പഴയ പകയോ അപരിചിതത്വമോ ഉള്ളതുപോലെ എനിക്ക് തോന്നി.

 

“നിങ്ങൾ പരിചയപ്പെടേണ്ട ഒരാൾ കൂടിയുണ്ട്, എന്റെ കസിൻ ഉണ്ണി. അവനും നിങ്ങളുടെ കൂടെയുണ്ടാകും.”

 

”ചേട്ടനും ഞങ്ങളും തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് എന്തിനാണ്?” ടിറ്റോ നേരിട്ട് തന്നെ ചോദിച്ചു.

 

“ഞാൻ ഇവിടെ പഠിക്കാൻ തീരുമാനിച്ചത് വൈകിയാണ്. കൂടെയൊന്ന് കറങ്ങാൻ ആരെങ്കിലും വേണമെന്ന് സണ്ണിയോട് പറഞ്ഞപ്പോൾ അവൻ നിങ്ങളുടെ പേര് പറഞ്ഞു.”

 

“സണ്ണി ചേട്ടനോട് പറ്റില്ലെന്ന് പറയാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്. പക്ഷേ ഞങ്ങൾക്ക് ചേട്ടന്റെ കൂടെ കൂടാൻ താല്പര്യമില്ല,” അലക്സ് പതുക്കെ പറഞ്ഞു.

 

“ഞങ്ങൾ കോളേജിൽ പോകുന്നത് പഠിക്കാനാണ്, അടിപിടിക്കല്ല,” ടിറ്റോ തുടങ്ങിയത് ഷാഹിർ പൂർത്തിയാക്കി. അവന്മാരുടെ ഭാവം കണ്ടാൽ എങ്ങനെയോ പരീക്ഷ പാസ്സായി അഡ്മിഷൻ എടുത്തതാണെന്ന് അറിയാം, എങ്കിലും ഞാൻ കൂടുതൽ പറയാൻ നിന്നില്ല.

 

“എന്നാ നിങ്ങൾ വിട്ടോ,” ചിരിച്ചുകൊണ്ട് തന്നെ ഞാൻ പറഞ്ഞു. അത് കേൾക്കാൻ കാത്തുനിന്ന പോലെ അവർ സണ്ണിയെ ഒന്ന് നോക്കി ചിരിച്ചിട്ട് അവിടെ നിന്ന് പോയി.

 

സണ്ണി നിരാശയോടെ എന്റെ അടുത്തേക്ക് വന്നു. “ജോലി രാജിവെച്ച് ഞാനും വരട്ടെയോ നിന്റെ കൂടെ?” അവൻ എന്നെയൊന്ന് പുച്ഛിച്ചു. ഈ വ്യാളി പിള്ളേരുടെ സഹായം എനിക്ക് കോളേജിൽ ആവശ്യമാണ്, ഇല്ലെങ്കിൽ ഞാൻ ഇവരുടെ അടുത്തേക്ക് വരില്ലല്ലോ.

 

“നീ പറഞ്ഞപ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല, പിള്ളേർ കൊള്ളാം,” നടന്നു പോകുന്നവരെ നോക്കി ഞാൻ സണ്ണിയുടെ തോളിൽ കൈവെച്ചു.

 

“ഇനി ദിവ്യയാണോ ലക്ഷ്യം?” സണ്ണി ചോദിച്ചു.

 

“പ്രിയ! ആദ്യം അവളെ കാണണം. ഒരു ഉമ്മ കൊടുത്ത കേസിന്റെ പുറകെ നടക്കാൻ ഞാൻ പഴയ പ്ലസ് ടു കാരനല്ലെന്ന് അവൾക്ക് ഒന്ന് ഓർമ്മപ്പെടുത്തി കൊടുക്കണം.” അവന്റെ ‘ദിവ്യ പ്ലാൻ’ ഞാൻ പതുക്കെ പൊളിച്ചു കൊടുക്കും.

 

“നിന്റെ കൺഫ്യൂഷൻ മാറിയോ?” സണ്ണി ആകാംക്ഷയോടെ ചോദിച്ചു.

 

“കാര്യം സിമ്പിളാണ് സണ്ണീ. ദിവ്യയുടെ പേരിൽ പ്രിയ ഒരു ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി എന്നെ അറിയാവുന്നവരെ ടാർഗറ്റ് ചെയ്യുന്നു. അതൊരു കളിയാണ്.”

 

“നിങ്ങളുടെ പോലീസിൽ ഇതൊരു കേസാണോ?” പോലീസിന്റെ പേര് പറഞ്ഞ് അവൻ എന്നെ വീണ്ടും ചൊറിഞ്ഞു.

 

“ടാ…!” അവനെ ദേഷ്യത്തിൽ തള്ളിമാറ്റി ഞാൻ ബൈക്കിൽ കയറി. സണ്ണിയും പുറകിൽ കയറി. ഗ്രൗണ്ടിലെ കളി കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു തുടങ്ങിയിരുന്നു.

 

“ഹാരിസ് സാർ വീട്ടിലുണ്ടോ?” സണ്ണി ചോദിച്ചു.

 

“ഒരു യാത്രയിലാണ്. കൂടുതൽ എനിക്കറിയില്ല, ഞാൻ ചോദിച്ചതുമില്ല.”

 

“പ്രിയയും നീയും തമ്മിൽ ഞാൻ അറിയാതെ എന്തെങ്കിലും പ്രശ്നമുണ്ടോ?” സണ്ണി സീരിയസായി.

 

“ഞാൻ അവളുടെ കുടുംബക്കാരെ കൈവെച്ചിട്ടുണ്ട്.”

 

 

“എന്തിന്? ഇതൊക്കെ എപ്പോൾ?” സണ്ണി അത്ഭുതപ്പെട്ടു.

 

“അവളുടെ ഒരു കസിൻ പയ്യനുണ്ട്, അവന്റെ ഒരു വിഷയം.”

 

“എന്റെ എബി, ഇനി പ്രതികാരം വല്ലതുമാണോടാ നിന്റെ ലക്ഷ്യം?” അവൻ വീണ്ടും പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *