“ശ്രീ!” മയൂരി പരിഭവത്തോടെ വിളിച്ചു.
“മായ… എബിയെ നിനക്ക് എന്തിനാണ്? ഞാൻ അവന്റെ കാര്യത്തിൽ നിന്നെ സഹായിക്കില്ല. അത് നിനക്ക് നല്ലതിനല്ല.” ഉറപ്പോടെ ശ്രീകുമാർ അത് പറഞ്ഞപ്പോൾ ദേഷ്യം കൊണ്ട് മയൂരി ഫോൺ വലിച്ചെറിഞ്ഞു. എബി… ആ പേര് മയൂരി പല്ലുഞെരിച്ചു കൊണ്ട് ആവർത്തിച്ചു.
⏮️⏮️⏮️ ഒരു മണിക്കൂർ മുമ്പ്… എബിയുടെ വീട്ടിൽ
“നവാസ്, കേസ് എടുക്കേണ്ട,” ഹാരിസ് സാർ ഉറപ്പിച്ചു പറഞ്ഞു.
“എന്നാലും സാർ…” ASI നവാസ് മടിച്ചു നിന്നു.
“തനിക്ക് പറഞ്ഞാൽ മനസ്സിലാകില്ലേ? വന്നത് ഭരതന്റെ ആളുകളാണ്. പോയി അവരെ പിടിക്ക്!” ജോസി അങ്കിൾ എബിയെ തടയാൻ നോക്കിയെങ്കിലും, എബിയുടെ കൈ നവാസിന്റെ കോളറിലേക്ക് എത്തുന്നതിന് തടസ്സമായില്ല. ഒരു കിടുക്കൻ തല്ല് നവാസിന് കിട്ടണമെന്ന് ജോസിക്കും ഉള്ളിൽ ആഗ്രഹമുണ്ടായിരുന്നു.
“നവാസ്, പൊക്കോളൂ!” ഹാരിസ് സാർ ആക്രോശിച്ചു. നവാസ് എബിയെ ഒരു പുച്ഛത്തോടെ നോക്കി ജീപ്പിൽ കയറിപ്പോയി.
“ഇത്രയും ചെയ്തിട്ടും നിനക്ക് മതിയായില്ലേടാ?” ഹാരിസ് എബിയുടെ നേരെ തിരിഞ്ഞു.
“ഞാൻ മുന്നേയും പറഞ്ഞിട്ടുണ്ട്, എന്റെ കാര്യം ഞാൻ നോക്കിക്കോളാം. എനിക്ക് ആരുടെയും സഹായം വേണ്ട!” എബി ജോസിയെ ഒന്ന് നോക്കി. ജോസി പതുക്കെ പിന്നിലേക്ക് മാറി.
“അതൊക്കെ ഇതിന്റെ പുറത്ത്! എന്റെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോടാ!” ഹാരിസ് വിട്ടുകൊടുത്തില്ല.
എബി ഒന്ന് പരിഹാസത്തോടെ ചിരിച്ചു. “ഈ വീടും സ്ഥലവും വലിയവീട്ടിൽ കുരുവിള എഴുതിത്തന്നതാണ്. ഹാരിസ് എബ്രഹാം വലിയവീട്ടിന്! അതായത് എനിക്ക്. ജോലിയിൽ സത്യസന്ധത കാണിച്ചിട്ട് നിങ്ങൾക്ക് എന്ത് കിട്ടി? വലിയവീട്ടിൽ കുരുവിള കള്ള് കച്ചവടം നടത്തി ഉണ്ടാക്കിയ പണം കൊണ്ട് കെട്ടിപ്പൊക്കിയതാണ് ഈ വീട്. അല്ലാതെ ലോപ്പസ് തന്ന അഞ്ച് ലക്ഷം കൊണ്ടല്ല!”
“എബി!” സ്മിത (മമ്മി) അവനെ തടയാൻ വന്നു.
“മമ്മി പോ! ഞാൻ കാരണം ഒരു പ്രശ്നം നിങ്ങൾക്ക് ഉണ്ടാകില്ല. കോളേജിലെ പ്രശ്നത്തിന് ഗുണ്ടകൾ ഈ വീട്ടിൽ കയറിയിട്ടുണ്ടെങ്കിൽ അവർക്കുള്ളത് ഞാൻ കൊടുത്തോളാം.”
ചോരയൊലിക്കുന്ന വലതുകൈയുമായി എബി അകത്തേക്ക് നടക്കുന്നത് ബാക്കിയുള്ളവർ നോക്കിനിന്നു. മുറിയിലെത്തിയ അവൻ ചോര തുടച്ചുമാറ്റി ചന്ദ്രൻ അങ്കിളിനെ (പ്രിൻസിപ്പാൾ) വിളിച്ചു.
“സന്ദീപ്, ഇഷാൻ, നെൽസൺ… ഇവരുടെ മൂന്നുപേരുടെയും അഡ്മിഷൻ പേപ്പറും കഴിഞ്ഞ വർഷത്തെ മാർക്കും എനിക്ക് വേണം.” എബിയുടെ ശബ്ദം ഉറച്ചതായിരുന്നു.
“ടാ… ഞാൻ കോംപ്രമൈസ് ചെയ്യാം,” ചന്ദ്രൻ ഉറക്കച്ചടവോടെ പറഞ്ഞു.
“വേണ്ട അങ്കിൾ!” എബിയുടെ ശബ്ദം ഉയർന്നപ്പോൾ ചന്ദ്രൻ പതുക്കെ ബെഡിൽ നിന്നെഴുന്നേറ്റു. “മെയിൽ ചെയ്യാം,” അയാൾ വഴങ്ങി.
ഇതൊക്കെ വാതിലിന് പുറത്ത് നിന്ന് ഉണ്ണി വ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു. എബി ശരിക്കും ആരാണെന്ന് ഉണ്ണിക്ക് ഇപ്പോഴും ഒരു പിടിയും കിട്ടുന്നില്ല. അവൻ പതുക്കെ വാതിലിൽ മുട്ടി.
“എബി ചേട്ടാ… ഉണ്ണിയാണ്. കേറിക്കോട്ടെ?”
“വാടാ…” അകത്ത് നിന്ന് മറുപടി വന്നു. മുഖത്ത് ഒരു ചെറിയ ചിരി ഫിറ്റ് ചെയ്ത് ഉണ്ണി അകത്തേക്ക് കയറി.
ഉണ്ണി റൂമിൽ കയറി വാതിലടച്ചു. എബി കമ്പ്യൂട്ടറിന് മുന്നിൽ നിശബ്ദനായിരുന്നു. ഉണ്ണിയുടെ കണ്ണുകൾ ആദ്യം പോയത് എബിയുടെ വലതു കൈയിലേക്കാണ്. അപ്പോഴാണ് അവന് കാര്യം പിടികിട്ടിയത്—ആ കൈ മുറിഞ്ഞതല്ല, എബി കൈവെച്ചവരുടെ ചോര പറ്റിപ്പിടിച്ചതാണ്! ഭയത്തോടെയും ആദരവോടെയും ഉണ്ണി എബിയെ നോക്കി പതുക്കെ ബെഡിലേക്ക് കിടന്നു. എബി മറുപടിയൊന്നും പറഞ്ഞില്ല. ആ മുറിയിലെ നിശബ്ദതയ്ക്ക് പോലും ഒരു ഭാരമുണ്ടായിരുന്നു.
——————————————————————
പിറ്റേന്ന് രാവിലെ മാത്യു വക്കീൽ തന്റെ വീടിന് മുന്നിൽ ജോഗിംഗ് വേഷത്തിൽ നിൽക്കുന്ന എബിയെ കണ്ട് അമ്പരന്നു. വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ മുന്നോടിയാണോ ഇവന്റെ ഈ വരവെന്ന് വക്കീൽ ഭയന്നു.
