കൗതുകകരമായ കേസ് എഡിറ്റ് ചെയ്ത പതിപ്പ് – 1 15

അതേസമയം ക്ലാസ്സ് റൂമിൽ

 

“ആളെ ഞാൻ മുന്നിൽ കൊണ്ടുവന്നിട്ടുണ്ട്!” ദിവ്യ പറഞ്ഞു.

 

പ്രിയ അപ്പോഴും എബിയെ വീണ്ടും കണ്ട ആ നിമിഷത്തിൽ ലോക്കായി നിൽക്കുകയായിരുന്നു.

 

“ഡീ!” ദിവ്യ പ്രിയയുടെ തോളിൽ നുള്ളി വിളിച്ചു.

 

ചുണ്ട് കടിച്ചുപിടിച്ച് ഒരു കള്ളച്ചിരിയോടെ പ്രിയ ദിവ്യയെ നോക്കി.

 

“പെണ്ണിന്റെ മുഖത്ത് എന്തൊരു നാണം! മൂന്ന് വർഷം കഴിഞ്ഞിട്ടും വീണ്ടും അവനുമായി ഒട്ടാനുള്ള പ്ലാനാണോ?” ദേഷ്യത്തോടെയുള്ള ദിവ്യയുടെ ചോദ്യത്തിന് പ്രിയ മറുപടി നൽകിയില്ല. അവൾ പഴയ ഓരോന്ന് ഓർക്കുകയായിരുന്നു.

 

 

——————————————————————

 

സണ്ണിയെ അവിടെ വെയിലത്ത് ഉപേക്ഷിച്ച് ഞാൻ മുന്നോട്ട് നടന്നു. എന്റെ പേരിൽ അവൻ ഇങ്ങനെയൊരു കളി കളിച്ചെങ്കിലും, ദിവ്യയെ എന്റെ മുന്നിൽ എത്തിച്ചത് കൊണ്ട് സണ്ണിക്കുട്ടനോട് തൽക്കാലം ക്ഷമിക്കാൻ ഞാൻ അത്ര നല്ലവനൊന്നുമല്ല. അവന് തിരിച്ചൊരു പണി ഞാൻ ഉറപ്പായും കൊടുക്കും.

 

ദേഷ്യം മാറ്റിവെച്ച് ഇപ്പോൾ അവന്റെ വീട്ടിൽ പോയാലും ആ തെണ്ടിയെ അവിടെ കാണില്ല. റോഡിൽ അധികം ആളുകളില്ലായിരുന്നു. അടുത്ത ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി ഞാൻ നിന്നു. ഓട്ടോ പിടിച്ചാൽ അമ്മയുടെ വീട്ടിൽ (അമ്മയുടെ തറവാട്) പോകാം. പക്ഷേ സത്യം പറഞ്ഞാൽ എനിക്ക് അങ്ങോട്ട് പോകാൻ അത്ര വലിയ താല്പര്യമില്ല.

 

അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു ബസ് വന്നു. വിൻഡോ സീറ്റ് തന്നെ പിടിച്ചു. സൺഗ്ലാസ് ഊരി പോക്കറ്റിലിട്ടു. കണ്ടക്ടർക്ക് പണം നൽകി ടിക്കറ്റ് വാങ്ങി. എന്റെ ലുക്ക് കണ്ടിട്ടാണോ അതോ മുഖത്തിരുന്ന സൺഗ്ലാസ് കണ്ടിട്ടാണോ എന്നറിയില്ല, എതിർവശത്തിരുന്ന രണ്ട് ചേച്ചിമാർ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ഞാനും അവരെ നോക്കി ഒന്ന് ചിരിച്ചു, എന്നിട്ട് സൺഗ്ലാസ് വീണ്ടും എടുത്തു വെച്ചു.

 

അടുത്ത സ്റ്റോപ്പിൽ നിന്ന് ഒരു അപ്പൂപ്പൻ കയറി എന്റെ അടുത്തുതന്നെ ഇരുന്നു. പുള്ളിക്കാരൻ എന്റെ വീടും നാടും ചോദിക്കാൻ തുടങ്ങി. സംസാരം നീണ്ടപ്പോൾ മനസ്സിലായി പുള്ളി എന്റെ വല്യപ്പന്റെ പഴയൊരു ജോലിക്കാരനാണെന്ന്.

 

“ഹാരിസ് സാറിനെതിരെയുള്ള കേസ് എന്തായി മോനേ?” അത്രയും നേരം ചിരിച്ചു സംസാരിച്ച കിളവൻ പെട്ടെന്ന് പുച്ഛം കലർന്നൊരു ചോദ്യം എറിഞ്ഞു.

മുൻനിരയിലെ പല്ല് പോയ ആ കിളവന്റെ ദേഹത്ത് തൊട്ടാൽ പോലും ഞാൻ അകത്താകും. എന്നെ ഒന്ന് ചൊടിപ്പിക്കാൻ തന്നെ ചോദിച്ചതാണ്.

 

”ജഡ്ജിക്ക് കുറച്ച് കാശ് കൊടുത്തപ്പോൾ പുള്ളി ആ കേസ് അങ്ങ് തള്ളിക്കളഞ്ഞു!” ഞാൻ പച്ചക്കള്ളം അങ്ങ് കാച്ചി. ജഡ്ജിക്ക് കൈക്കൂലി കൊടുത്തു എന്ന് കേട്ടതും പേടിച്ച് വിറച്ച് കിളവൻ സീറ്റിൽ നിന്ന് ചാടിയെഴുന്നേറ്റു. വടിയും കുത്തിപ്പിടിച്ച് പുള്ളി മുന്നോട്ട് നടന്നു, പിന്നെ എന്നെ തിരിഞ്ഞുപോലും നോക്കിയില്ല.

 

അപ്പൻ സർവീസിന്റെ അവസാന ഘട്ടത്തിൽ ജയിൽ ഡ്യൂട്ടിയിലായിരുന്നു. ആ സമയത്ത് ജയിലിനുള്ളിൽ നടന്ന ഒരു കൊലപാതകം അപ്പന്റെ കരിയറിനെ ബാധിച്ചു. അതിന്റെ പേരിൽ പ്രമോഷൻ തടഞ്ഞു വെച്ചു. ന്യൂസിലും പത്രത്തിലും വലിയ വാർത്തയായിരുന്നു അത്.

 

എനിക്ക് ഇറങ്ങാനുള്ള സ്റ്റോപ്പ് എത്തി. ലോപ്പസിന്റെ ഇരുനില കൊട്ടാരം ദൂരെ നിന്നുതന്നെ കാണാം. റോഡ് ക്രോസ്സ് ചെയ്ത് ഗേറ്റിന് മുന്നിലെത്തിയപ്പോൾ സെക്യൂരിറ്റി എന്നെ തടഞ്ഞു. വീണ്ടും സൺഗ്ലാസ് ഊരി മാറ്റേണ്ടി വന്നു. ഭാഷാപ്രശ്നം ഉള്ളതുകൊണ്ട് അവനോട് കൂടുതൽ സംസാരിക്കാൻ നിന്നില്ല.

 

“സോറി സാബ്…” ഒരു കാര്യവുമില്ലാതെ അവൻ എന്റെ പിന്നാലെ വീടിന്റെ വാതിൽ വരെ പറഞ്ഞു കൊണ്ടേയിരുന്നു. കുഴപ്പമില്ലെന്ന് ഹിന്ദിയിൽ പറഞ്ഞപ്പോൾ അവന്റെ മുഖം ഒന്ന് തെളിഞ്ഞു.

 

മുറ്റത്ത് കാറുകളൊന്നുമില്ല. വല്യപ്പനും മാമന്മാരും കമ്പനിയിൽ പോയിട്ടുണ്ടാകും. പകുതി ആശ്വാസം! ഞാൻ വീടിനകത്തേക്ക് കയറി. നല്ല മീൻ കറിയുടെ മണം പിടിച്ചു നേരെ അടുക്കളയിലേക്ക് ചെന്നു. ലില്ലി ആന്റിയും റെബേക്ക ആന്റിയും അവിടെ വലിയ ജോലിയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *