“എബി… നീ തിരിച്ചുവന്നല്ലേ?” കണ്ണട താഴ്ത്തി വെച്ച് ടീച്ചർ എന്നെ നോക്കി.
“അതെ ടീച്ചർ. ഒന്ന് കാണണം എന്ന് കരുതിയിരിക്കുകയായിരുന്നു.”
“കണ്ടല്ലോ! പണ്ട് ക്ലാസ്സിലിരുന്ന് ഉറങ്ങുന്ന നിന്നെ തല്ലിയ വടി ഈ കയ്യിലുണ്ട്. ഇപ്പോൾ എന്റെ കാലിന് ആധാരമായി ഇത് മാത്രമേയുള്ളൂ.” ടീച്ചർ തന്റെ വടി ഉയർത്തി കാണിച്ചു.
“ഇപ്പോഴും ആ പഴയ തല്ലിന്റെ ചൂട് മാറിയിട്ടില്ല ടീച്ചർ,” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“നിനക്ക് മാറ്റമൊന്നുമില്ല. പണ്ടും ചിരിച്ചുകൊണ്ട് അടിയും മേടിച്ചിരിക്കും, ഇപ്പോഴും അങ്ങനെ തന്നെ. വലിയവീട്ടിലെ കുരുവിളയുടെ പേരക്കുട്ടി ഇനിയിപ്പോൾ പഴയ പത്തനംതിട്ട സ്റ്റൈലിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ നിൽക്കരുത്. വേഗം നന്നാവാൻ നോക്ക്,” ടീച്ചർ ഗൗരവത്തിൽ പറഞ്ഞെങ്കിലും ആ കണ്ണുകളിൽ സ്നേഹമുണ്ടായിരുന്നു.
“ശ്രമിക്കാം ടീച്ചർ!” ഞാൻ ഒന്ന് തൊഴുതു.
“ശ്രമിച്ചാൽ പോരാ, ചെയ്യണം. സഞ്ജന വിളിക്കാറുണ്ടോ?” ടീച്ചറുടെ ആ ചോദ്യത്തിൽ ഞാൻ ശരിക്കും പതറിപ്പോയി. ടീച്ചർക്ക് എല്ലാം അറിയാമായിരുന്നു എന്ന് അന്നേ തോന്നിയിട്ടുണ്ട്. ഒന്ന് ചിരിച്ചു കാണിച്ച് ഞാൻ വേഗത്തിൽ നടത്തം തുടർന്നു.
⏩⏩⏩
“ഫസ്റ്റ് ഇയർ?” മുഖത്ത് ഒരു വളിച്ച ചിരി സെറ്റ് ചെയ്ത് ടിറ്റോ ചോദിച്ചെങ്കിലും, സിമന്റ് ബെഞ്ചിലിരുന്ന പെൺകൊച്ച് അവനെ പാടെ അവഗണിച്ചു. ടിറ്റോ വിടുമോ? “എന്താ മോളെ… ഇത്ര ജാഡയാണോ?”
“തനിക്ക് മലയാളം വായിക്കാൻ അറിയില്ലേ?” അവൾ ദേഷ്യത്തിൽ ചോദിച്ചു. വഴി ചോദിക്കാൻ കണ്ടെത്തിയ സമയം കൊള്ളാം! ഫസ്റ്റ് ഇയർ ബ്ലോക്കിന് മുന്നിലിരിക്കുന്നവളോട് തന്നെ പോയി വഴി ചോദിക്കാൻ ടിറ്റോ കാണിച്ച ആ മനസ്സ്!
“എന്താടി ഇവിടെ പ്രശ്നം?” ചുരിദാർ ഇട്ട മറ്റൊരു പെൺകുട്ടി അങ്ങോട്ട് വന്നു.
“എന്റെ പേര് ടിറ്റോ!” അവൻ സ്വയം പരിചയപ്പെടുത്തി.
“ഇതുതന്നെയാ പ്രശ്നം!” കൂട്ടുകാരിയോട് പറഞ്ഞ് അവൾ ബെഞ്ചിൽ നിന്നെഴുന്നേറ്റു. “ചേട്ടൻ ക്ലാസ്സിൽ പോകാൻ നോക്ക്,” മറ്റേ കുട്ടി പറഞ്ഞു.
“കുറച്ച് മര്യാദയൊക്കെ ആകാം,” ബെഞ്ചിലിരുന്നവളെ വിട്ട് ടിറ്റോ മറ്റവളുടെ പിന്നാലെ കൂടി.
“എടോ… തന്നോട് പോകാനല്ലേ പറഞ്ഞത്!” അവൾ ശബ്ദം ഉയർത്തി.
“എന്താ അനിയാ പ്രശ്നം?” അഞ്ചടി ഏഴിഞ്ച് പൊക്കത്തിൽ അങ്ങോട്ട് വന്നത് ഇഷാനാണ്. ടിറ്റോ ശല്യം ചെയ്ത ആ ബെഞ്ചിലിരുന്ന കുട്ടി ബബിതയുടെ സ്വന്തം ചേട്ടൻ! ഇഷാൻ വന്നപ്പോൾ തന്നെ കൂട്ടുകാരി ശരണ്യയെയും വലിച്ചുകൊണ്ട് ബബിത അവിടുന്ന് മുങ്ങി. ശരണ്യ ഇഷാന്റെ കൂട്ടുകാരൻ സന്ദീപിന്റെ അനിയത്തിയാണ്.
“ഇവിടെ ഒരു പ്രശ്നവുമില്ല ചേട്ടാ, പോകാമല്ലോ,” ഇഷാനെ ഒഴിവാക്കി തിരിഞ്ഞു നോക്കിയ ടിറ്റോ കണ്ടത് അവിടുന്ന് ഓടിപ്പോകുന്ന പെൺകുട്ടികളെയാണ്.
“ആരാ അനിയാ ഇവിടെയിരുന്ന കൊച്ച്? നിന്റെ കാമുകിയാണോ?” ഇഷാൻ തമാശയായി ചോദിച്ചതാണെങ്കിലും, ടിറ്റോയ്ക്ക് അതൊരു പരിഹാസമായി തോന്നി.
“ആണെങ്കിൽ ഏട്ടന് എന്താ?” തന്ന അനിയാ എന്ന് വിളിച്ച ഇഷാനെ ടിറ്റോ ‘ഏട്ടാ’ എന്ന് തിരിച്ചു വിളിച്ചു. ആ വിളി ഇഷാനിൽ ഒരു ചിരിയുണ്ടാക്കി.
“അളിയാ… വാ!” ഇഷാൻ ടിറ്റോയുടെ തോളിൽ കയ്യിട്ടു.
“അളിയൻ ദേഹത്തുനിന്ന് കൈ എടുക്ക്!” ടിറ്റോ ആ കൈ തട്ടിമാറ്റി മുന്നോട്ട് നടന്നു. സ്വന്തം അളിയനല്ലേ മുന്നിൽ നിൽക്കുന്നത്, ഇഷാൻ വീണ്ടും വിടാതെ തോളിൽ പിടിച്ചു.
“നിന്നോട് പറഞ്ഞല്ലോ!” പെട്ടെന്ന് ടിറ്റോ ഇഷാന്റെ കോളറിൽ കുത്തിപ്പിടിച്ചു. കോളേജിലെ ആദ്യ ദിവസം തന്നെ ഷൈൻ ചെയ്യാനുള്ള ടിറ്റോയുടെ പുറപ്പാടായിരുന്നു അത്.
“വന്ന ദിവസം തന്നെ ഷോ ഇറക്കാതെ മോൻ വിട്ടോ,” ഇഷാന്റെ കോളറിലെ ടിറ്റോയുടെ കൈ വിടുവിച്ച് സന്ദീപ് ഇടപെട്ടു.
“നീ ആരാടാ?” ടിറ്റോ സന്ദീപിന്റെ നേരെ തിരിഞ്ഞു. ചുറ്റും പെൺകുട്ടികൾ കൂടി നിൽക്കുന്നത് കണ്ടപ്പോൾ ടിറ്റോയ്ക്ക് ആവേശം കൂടി.
