തിരിഞ്ഞു നോക്കിയപ്പോൾ എമിലിയും വിനിതയും!
“ചേട്ടനെ കാണാനില്ലല്ലോ!” വിനിയായിരുന്നു ആക്കി സംസാരിച്ചു തുടങ്ങിയത്. രണ്ടുപേരും സാരിയാണ് ഉടുത്തിരിക്കുന്നത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വരുന്നതിന്റെ ക്ഷീണം രണ്ടുപേരുടെയും മുഖത്തുണ്ട്.
“ഞാൻ ഇവിടെയൊക്കെത്തന്നെയുണ്ട്. നിങ്ങൾ ഇരിക്ക്,” ഞാൻ അവരോട് പറഞ്ഞു.
“വർഷാ…” എമിലി അല്പം മാറി നിൽക്കുന്ന ഒരു പെണ്ണിനെ വിളിച്ചു.
എന്റെ നോട്ടം അങ്ങോട്ട് പോയി. ലൈറ്റ് മഞ്ഞ നിറത്തിലുള്ള സാരി ഉടുത്ത ഒരു പെൺകുട്ടി. വട്ടമുഖം, നീട്ടിയെഴുതിയ കണ്ണുകൾ, ലിപ്സ്റ്റിക് പുരട്ടിയ ചുണ്ടുകൾ. കഴുത്തിന് താഴെ വെട്ടി നിർത്തിയ മുടി. അധികം പൊക്കമില്ലാത്ത ഒരു ‘ഗുണ്ടുമണി’ പെണ്ണ്!
അവൾ എന്നെയും ഉണ്ണിയെയും നോക്കി ചിരിച്ചു. ഞാൻ തിരിച്ചു ചിരിച്ചെങ്കിലും ഉണ്ണി ഭക്ഷണത്തിലേക്ക് തന്നെ ശ്രദ്ധ മാറ്റി.
“വർഷാ, ഇതാണ് ഞങ്ങൾ പറയാറുള്ള ‘കൊച്ചുമുതലാളി’,” വിനി പരിചയപ്പെടുത്തിയപ്പോൾ വർഷ ചിരിയടക്കാൻ പാടുപെടുന്നത് ഞാൻ കണ്ടു.
“ഞാൻ വർഷ. ഇവരുടെ കൂടെ വർക്ക് ചെയ്യുന്നു,” അവൾ സ്വയം പരിചയപ്പെടുത്തി. ഒരു ഡോക്ടറുടെ പക്വതയൊന്നും അവൾക്കില്ല, നല്ല നാണവുമുണ്ട്.
“ഇരിക്കൂ,” ഞാൻ വർഷയോട് പറഞ്ഞു. അവർക്ക് കൂട്ട് കൊടുക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.
അടുത്തു കിടന്ന കസേര വലിച്ചിട്ട് വർഷയ്ക്ക് ഇരിക്കാൻ കൊടുത്തുകൊണ്ട്, അതുവരെ മിണ്ടാതിരുന്ന ഉണ്ണി കളി തുടങ്ങി. “വെജ് ഓർ നോൺ വെജ്?” ഉണ്ണി വർഷയെ നോക്കി ഒലിപ്പിച്ചു തുടങ്ങി.
“ബിരിയാണി!” അധികം ആലോചിക്കാതെ എമിലി മറുപടി പറഞ്ഞു.
ഉണ്ണി ഞെട്ടി എന്നെ നോക്കി. എല്ലാവരും നൂഡിൽസ് കഴിക്കുമെന്ന് കരുതി ബാക്കി വന്ന പൈസ എണ്ണി നോക്കി നിന്ന ഉണ്ണിയുടെ അവസ്ഥ കഷ്ടമായിരുന്നു. വാ പൊളിച്ചു നിന്ന ഉണ്ണിയെ നോക്കി ചിരിച്ചുകൊണ്ട് ഞാൻ മൂന്ന് ചിക്കൻ ബിരിയാണി പറഞ്ഞു. വർഷയും ഉണ്ണിയുടെ ഭാവം കണ്ട് ചിരിക്കുന്നുണ്ടായിരുന്നു.
“ഉണ്ണി എപ്പോഴാ വന്നത്?” അവന്റെ ചമ്മൽ മാറ്റാൻ വിനി ചോദിച്ചു.
“ഇന്നലെ എത്തി. അഡ്മിഷൻ കിട്ടിയത് ഇവിടെയാണ്,” ഉണ്ണി കഷ്ടപ്പെട്ട് പറഞ്ഞു. ഇടയ്ക്ക് എന്നെ ഒന്ന് ദേഷ്യപ്പെട്ട് നോക്കാനും അവൻ മറന്നില്ല.
“എബി, നിന്റെ ബിസിനസ് പൂട്ടിയെന്ന് കേട്ടല്ലോ?” എമിലി വീണ്ടും എനിക്കിട്ട് കൊട്ടി. വിനിയും എമിലിയും കണ്ണുകൊണ്ട് എന്തൊക്കെയോ സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
“പാപ്പർ ഹർജി കൊടുത്തു മോളേ,” ഞാൻ തിരിച്ചും പരിഹസിച്ചു.
ബിരിയാണി വന്നു, അവർ കഴിക്കാൻ തുടങ്ങി. ഞാൻ മൂന്ന് ഐസ്ക്രീം കൂടി പറഞ്ഞു. ബിൽ സെറ്റ് ചെയ്ത് കൈ കഴുകി തിരികെ വന്നു.
“നീ വിക്കിയെ കണ്ടോ?” വിനി ഒരു ചേച്ചിയുടെ അധികാരത്തോടെ ചോദിച്ചു. സ്വന്തം അനിയനാണെങ്കിലും എന്ത് പ്രശ്നം വന്നാലും വിക്കി എന്നെയാണ് വിളിക്കാറുള്ളത്.
“അവന്റെ സ്കൂളിൽ എന്തോ പ്രശ്നം,” ഞാൻ കവർ കയ്യിലെടുത്തു.
”നന്നാവാൻ ഉദ്ദേശമില്ലേടാ?” എമിലി ചോദിച്ചു.
“ഉണ്ടല്ലോ… ഞാനും കോളേജിൽ അഡ്മിഷൻ എടുത്തിട്ടുണ്ട്.”
എന്റെ മറുപടി കേട്ട് മൂന്നുപേരും കഴിക്കുന്നത് നിർത്തി. “തമാശ പറയുകയാണോ?” എമിലിയാണ് ചോദിച്ചത്. വിനി ഒരു ഗ്ലാസ് വെള്ളം കുടിച്ച് ദയനീയമായി എന്നെ നോക്കിയിരുന്നു.
“ഉണ്ണിയോട് ചോദിക്ക്…” ഞാൻ ചിരിച്ചുകൊണ്ട് ഉണ്ണിയെ പിടിച്ച് മുന്നിൽ നിർത്തി.
“അതെ ചേച്ചിമാരേ…” ആവേശത്തോടെ ഉണ്ണി അത് ശരിവെച്ചെങ്കിലും, അവനെ ശ്രദ്ധിക്കാതെ വിനിയും എമിലിയും എന്നെ നോക്കി പല്ലുകടിക്കുകയായിരുന്നു.
“നിങ്ങൾ കഴിച്ചോളൂ, ഞാൻ ബിൽ കൊടുത്തിട്ടുണ്ട്. ഞങ്ങൾ ഇറങ്ങുകയാണ്,” എമിലിയുടെ തോളിൽ പിടിച്ച് വിനിയെ നോക്കി ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു. വിനി തിരിച്ചൊരു കൃത്രിമ ചിരി നൽകിയപ്പോൾ, എമിലി തന്റെ ഇടതു കൈകൊണ്ട് എന്റെ കയ്യിൽ അസലായി ഒന്ന് നുള്ളി. ആ സ്നേഹം ഏറ്റുവാങ്ങി ഉണ്ണിയോടൊപ്പം ഞാൻ പുറത്തേക്ക് നടന്നു. ഇറങ്ങുന്നതിന് മുൻപ് വർഷയെ നോക്കി ഒന്ന് ചിരിക്കാനും ഞാൻ മറന്നില്ല.
