‘ശരിക്ക് ജീവനുണ്ടോ..?
അവൻ ഒറ്റ ശ്വാസത്തിൽ ചോദിച്ചു
‘ഉണ്ട്.. നീ ആദ്യം കുറച്ചു വെള്ളം കുടിക്ക്..’
അവന്റെ അണപ്പ് കണ്ടു ഞാൻ ഒരു ഗ്ലാസ്സ് വെള്ളം എടുത്തു അവന്റെ കയ്യിൽ കൊടുത്തു. ഗ്ലാസ്സ് വാങ്ങി വെള്ളം കുടിച്ചു കഴിഞ്ഞു അവൻ ജീവിതത്തിൽ ആദ്യമായ് കാണുന്ന പോലെ എന്നെ നോക്കി.. പിന്നെ എന്തോ സംശയത്തിൽ എന്റെ വയറിൽ ഒന്ന് തള്ളി
‘ജീവനുണ്ടോ എന്ന് നോക്കിയത് ആണോ..?
ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു
‘ഹ്മ്മ്..’
അവൻ മൂളി
‘ഇപ്പൊ വിശ്വാസം വന്നോ..?
ഞാൻ ചോദിച്ചു
അതിനവൻ മറുപടി ഒന്നും തന്നില്ല. പകരം കൈ കൊണ്ട് എന്റെ വയറ്റിൽ ആഞ്ഞൊരു കുത്ത് തന്നു.. വേദന എടുത്തു ഞാൻ വയറ്റിൽ കൂട്ടി പിടിച്ചു
‘നിനക്ക് പ്രാന്ത് ആയോ മൈരേ…?
ഞാൻ ദേഷ്യത്തോടെ അവനോട് ചോദിച്ചു
‘ഇപ്പൊ വിശ്വാസം ആയി..’
അവൻ പറഞ്ഞു
‘പക്ഷെ.. നീ. എങ്ങനെ മാഞ്ഞു പോയി..?
അവൻ ചോദിച്ചു
‘ദേ ഇത് കാരണം..’
ഞാൻ മോതിരം അവന്റെ നേരെ കാണിച്ചു കൊണ്ട് പറഞ്ഞു
‘ഇത്.. പെരിയവരുടെ മോതിരം അല്ലേ.. ഇത് നീ കളഞ്ഞില്ലേ..?
അവൻ ചോദിച്ചു
‘കളയുന്നതിന് മുമ്പാണ് ഇതിന്റെ പവർ എനിക്ക് പിടി കിട്ടിയത്..’
ഞാൻ പറഞ്ഞു
‘പവർ എന്ന് വച്ചാൽ..?
അവൻ ചോദിച്ചു
‘ഇത്തവണ പേടിച്ചു ബഹളം വയ്ക്കരുത്.
ഇതിന് കുറച്ചു മാജിക് പവർ ഉണ്ട്.. ശ്രദ്ധിച്ചു നോക്കിക്കോ..’
ഇത്തവണ അവനെ പേടിപ്പിക്കാതെ ഞാൻ മോതിരം കയ്യിലിട്ട്. ഞാൻ അപ്രത്യക്ഷമായ ഉടനെ ഭയത്തിന് പകരം അവന്റെ കണ്ണിൽ അത്ഭുതം നിറയുന്നത് ഞാൻ കണ്ടു
‘നീ ഇവിടെ ഉണ്ടോ..?
സുനി ചോദിച്ചു
‘ദേ ഇവിടെ..’
ഞാൻ കൈ നീട്ടി അവനെ തൊട്ടു. തൊട്ട് മുന്നിൽ അശരീരിയായ് നിന്ന എന്റെ കയ്യിൽ സുനി പിടിച്ചു. ഒരു സ്വപ്നം പോലെയാണ് സുനിക്ക് ഇത് ഫീൽ ചെയ്തത്. കണ്ണിന് കാണാൻ പറ്റാത്ത ഒന്നിൽ സ്പർശിക്കുന്നത് ഒരിക്കലും വിവരിച്ചു തരാൻ പറ്റാത്ത ഒരു അനുഭവം തന്നെ ആണ്..
‘ഇപ്പൊ വിശ്വാസം ആയോ…?
മോതിരം ഊരി ഞാൻ പഴയ അവസ്‌ഥയിൽ വന്നു
‘ഇത്.. ഇത് എങ്ങനെ ..?
അവന് ഇപ്പോളും വിശ്വസിക്കാൻ പറ്റിയില്ല
‘എങ്ങനെ എന്നൊന്നും എനിക്ക് അറിയില്ല. അറിയാതെ കയ്യിലിട്ടപ്പോ ആണ് എനിക്കിത് മനസ്സിലായെ..’
ഞാൻ പറഞ്ഞെ
‘അപ്പോൾ സനൂപേട്ടൻ ഇവന്മാരെ പറ്റി പറഞ്ഞ ആഭിചാരം ഒക്കെ ഉള്ളത് തന്നെ അല്ലേ..?
സുനി കുറച്ചു അസ്വസ്‌ഥനായി ചോദിച്ചു
‘ഉള്ളത് തന്നെ.. പെരിയവരെ കൊന്നവൻ ആരായാലും അവന് വേണ്ടത് ഈ മോതിരം ആയിരുന്നു. ഇതിന്റെ ശക്തി ആയിരുന്നു..’
ഞാൻ പറഞ്ഞു
‘ഇത് ഇട്ടാൽ ഞാനും അദൃശ്യൻ ആകുമോ..?
സുനി ജിജ്ഞാസയോടെ ചോദിച്ചു
‘എനിക്ക് ഉറപ്പില്ല. എനിക്ക് ആകാൻ പറ്റുമെങ്കിൽ നിനക്കും ആകാം.. ഇട്ട് നോക്ക്..’
ഞാൻ മോതിരം അവന് കൊടുത്തു. സുനി അത് വിരലിലേക്ക് കയറ്റി
‘ആ വിരലിൽ ആണോടാ മോതിരം ഇടുന്നത്.. മറ്റേ വിരലിൽ..’
സുനിയെ ഞാൻ തിരുത്തി. മോതിരവിരലിൽ അവൻ ചോരക്കല്ല് മോതിരം മെല്ലെ കയറ്റി..
അവന്റെ വിരലിൽ മോതിരം കയറിയതും അവനെ എനിക്ക് കാണാൻ പറ്റാതെ ആയി. ആ അനുഭവം എനിക്ക് പുതിയത് ആയിരുന്നു.
‘മോനെ ബാലു.. നിനക്ക് എന്നെ കാണാൻ പറ്റുന്നുണ്ടോ..?
സുനി എന്നോട് ചോദിച്ചു
‘ ഇല്ലടാ.. നീ invisible ആണ്..’
ഞാൻ പറഞ്ഞു
‘യൂറേക്കാ…’
സുനി ആഹ്ലാദത്തിൽ ഉറക്കെ കൂവി
‘ടാ പതിയെ..’
ഞാൻ അവനോട് അടങ്ങാൻ പറഞ്ഞു. പക്ഷെ ഇത് അനുഭവിച്ചറിഞ്ഞ ആർക്കും അത്ര എളുപ്പം ഒന്നും ആ excitement അടക്കാൻ പറ്റില്ല
‘എന്റെ ഷർട്ടും പാന്റും ചെരുപ്പും അടക്കമെങ്ങനെ ഇല്ലാണ്ട് ആയി..?
സുനി എനിക്ക് എല്ലാം അറിയാമെന്ന മട്ടിൽ എന്നോട് ചോദിച്ചു
‘അത് എനിക്ക് എങ്ങനെ അറിയാമെടാ.. എങ്ങനെയോ സംഭവിക്കുന്നു..’
ഞാൻ പറഞ്ഞു
‘ഇത് ശരിക്ക് ഒരു മെഡിക്കൽ മിറാക്കിൾ തന്നെ..’
അവൻ വായിൽ വന്ന ഒരു ടേം എടുത്തങ്ങു കാച്ചി…
‘മെഡിക്കൽ മിറക്കിളോ..? നീ അത് ഊരിയെ.. ഒരു കാര്യം നോക്കാനാണ്..’
ഞാൻ പറഞ്ഞു
അവൻ മോതിരം ഊരി എന്റെ കയ്യിൽ തന്നു. ഞാൻ അവനെ തൊട്ട് കൊണ്ട് മോതിരം
എന്റെ വിരലിൽ ഇട്ടു..
‘നീ മാഞ്ഞു പോയില്ലല്ലോ..?
മോതിരം ഇട്ടിട്ടും invisible ആകാത്ത എന്നെ അത്ഭുതത്തോടെ നോക്കി സുനി പറഞ്ഞു. പക്ഷെ എന്റെ പരീക്ഷണം മറ്റൊന്നായിരുന്നു.
