ആ ആഗ്രഹം കൊണ്ട് തന്നെ സുനി നിന്ന നിൽപ്പിൽ മേലേക്ക് ചാടാൻ തുടങ്ങി. നല്ല ഉയരത്തിൽ ചാടുന്നത് അല്ലാതെ പറക്കൽ നടക്കുന്നില്ല.. അവന്റെ ചാട്ടം കണ്ടിട്ട് പവർ പോയ ഹോംലാണ്ടർ പറക്കാൻ ശ്രമിച്ചത് എനിക്ക് ഓർമ വന്നു..
എന്റെ സംശയങ്ങളും കൗതുകവും ഈയൊരു കണ്ടു പിടിത്തം കൊണ്ട് കൂടുകയാണ് ചെയ്തത്.. സുനിയുടെ പറക്കൽ പരീക്ഷണം മൂഞ്ചിയ സ്‌ഥിതിക്ക് എന്റെ വഴി ഇനി നോക്കാം.. അവനോട് ചാട്ടം നിർത്താൻ പറഞ്ഞു ഞാൻ മോതിരം മേടിച്ചു
സുനി തന്ന മോതിരം കയ്യിൽ വച്ചു ഞാൻ അതിലേക്ക് ഒന്ന് നോക്കി
മോതിരവിരലിൽ ഇത് അണിഞ്ഞാൽ അദൃശ്യനാകും
നടു വിരലിൽ ഇത് ഇട്ടാൽ അമാനുഷികമായ ശക്തി കിട്ടും
രണ്ട് വിരലിനും വേറെ വേറെ ശക്തികൾ.. അപ്പോൾ ബാക്കി മൂന്ന് വിരലുകളിൽ ഇത് ഇട്ടാലോ…? അതിന്
അർഥം മൂന്ന് വ്യത്യസ്തമായ ശക്തികൾ കൂടി ഈ മോതിരത്തിന് ഉണ്ടെന്നല്ലേ…?
എന്തോ, എന്റെ ആ ചിന്ത ശരിയാണ് എന്ന് എനിക്ക് തോന്നി.. അത് പരീക്ഷിക്കാൻ ആദ്യം ആ മോതിരം ഞാൻ എന്റെ ചൂണ്ടു വിരലിൽ അണിഞ്ഞു.. എന്തോ ശക്തി എന്നിലേക്ക് ഒഴുകി എത്തുന്നു എന്ന് സങ്കൽപ്പിച്ചു ഞാൻ വെറുതെ കണ്ണടച്ചു നിന്നു. ഒരു മൈരും ഉണ്ടായില്ല. എനിക്ക് ഒന്നും ഫീൽ ആകുന്നില്ല..
‘നീ എന്താ കാണിക്കുന്നേ…?
സുനി ചോദിച്ചു
‘എടാ രണ്ട് വിരലിലും രണ്ട് വ്യത്യസ്ത പവർ അല്ലേ. അപ്പോൾ ബാക്കി വിരലിലും എന്തെങ്കിലും പവർ കാണേണ്ടത് അല്ലേ…?
ഞാൻ അവനോട് എന്റെ ഉള്ളിലെ ചിന്ത വിശദീകരിച്ചു. അവനും അതിൽ എന്തോ കഴമ്പുണ്ട് എന്ന് തോന്നി
‘നീ ഇങ്ങ് താ.. ഞാൻ നോക്കാം..’
സുനി എന്റെ കയ്യിൽ നിന്നും മോതിരം വാങ്ങി ചൂണ്ടു വിരലിൽ ഇട്ടു. എനിക്ക് അനുഭവപ്പെടാത്ത പവർ അവന് അനുഭവപ്പെടുമെന്നാണ് അവൻ കരുതിയത്. പക്ഷെ അതുണ്ടായില്ല..
‘വേറെ പവർ ഉണ്ടാകേണ്ടത് ആണ് ലോജിക് വച്ചു. ഒരുപക്ഷെ എന്തെങ്കിലും സാഹചര്യം വന്നാലേ നമുക്ക് അത് മനസിലാകുള്ളായിരിക്കും..’
ഞാൻ പറഞ്ഞു
‘ചൂണ്ട് വിരൽ ഇപ്പോൾ കിട്ടിയില്ലേൽ വേണ്ട.. ചെറുവിരലിന്റെ പവർ നോക്കാം..’
സുനി മോതിരം തന്റെ ചെറു വിരലിലും ഇട്ടു നോക്കി.. യാതൊരു മാറ്റവും ഉണ്ടായില്ല
അവന്റെ കയ്യിൽ നിന്നും വാങ്ങി ഞാൻ ചെറു വിരലിൽ ഇട്ടു.. നോ രക്ഷ.. അടുത്ത ഊഴം തള്ള വിരൽ ആയിരുന്നു.. ആ മോതിരം തള്ള വിരലിൽ കയറ്റാൻ നല്ല പാടായിരുന്നു.. കുറച്ചു നേരം ശ്രമിച്ചിട്ടു ഞാൻ ആ ഉദ്യമം വേണ്ടെന്ന് വച്ചു..
‘പെരിയവരുടെ കയ്യിൽ എപ്പോളും ഈ മോതിരം ഉണ്ടായിരുന്നു എന്നാണ് തോന്നുന്നേ.. അതായിരിക്കും കിളവന് ആ പ്രായത്തിലും ഇജ്ജാതി ഔറ ഉണ്ടായിരുന്നത്..’
സുനി പറഞ്ഞു
അവൻ പറഞ്ഞത് ശരിയാണ് എന്നെനിക്കും തോന്നി. പെരിയവരുടെ അറുത്തു മാറ്റിയ കൈ ഞങ്ങൾക്ക് കിട്ടയപ്പോളും മോതിരം നടു വിരലിൽ ആയിരുന്നു.. എപ്പോളും കരുത്തൻ ആയി തുടരാൻ അയാൾ അത് എല്ലായ്‌പോഴും തന്റെ നടു വിരലിൽ ധരിക്കുന്നത് ആവണം.. മോതിരം നടു വിരലിലേക്ക് ചേർത്ത് കൊണ്ട് ഞാൻ ചിന്തിച്ചു
കരുത്തനായ ഞാൻ എങ്ങനെ ഉണ്ടാകുമെന്ന് അറിയാനുള്ള കൗതുകം കൊണ്ട് ഞാൻ ഭിത്തിയിൽ ഇരുന്ന കണ്ണാടിക്ക് മുന്നിലേക്ക് നിന്നു.. പെട്ടന്ന് എന്റെ ശ്വാസം നിലച്ചത് പോലെയായി.. ഞാൻ മുന്നിൽ കണ്ട കാഴ്ച്ച ഇന്നോളം എന്നെ പേടിപ്പിച്ചിട്ടുള്ള ഒന്നായിരുന്നു
കണ്ണാടിയിൽ എന്റെ പ്രതിബിംബത്തിന് പകരം ഒരു പൈശാചിക രൂപം.. ആദ്യം ഒന്ന് ഭയന്നെങ്കിലും ധൈര്യം സംഭരിച്ചു ഞാൻ ഒന്ന് കൂടി കണ്ണാടിയിലേക്ക് നോക്കി..
ആ രൂപം ഞാൻ തന്നെ ആണ്.. പക്ഷെ എന്റെ തലയ്ക്കു പിന്നിൽ ആരോ ഉണ്ട്.. എന്നേക്കാൾ വലിയ തലയുള്ള ഒരു
കറുത്ത രൂപം.. അതിന്റെ തല മാത്രം എന്റെ ശിരസ്സിന് പിന്നിൽ മറഞ്ഞു നിൽക്കുന്നു.. അതിന്റെ കണ്ണുകൾ എന്റെ തലയുടെ ഇരുവശം വഴി ചെറുതായ് കാണാം.. അതിന്റെ തലയിലെ കൊമ്പ് കണ്ണാടിയിൽ നോക്കുമ്പോ എന്റെ തലയിൽ മുളച്ചു വന്നതായേ തോന്നൂ..
മുഴുവൻ ധൈര്യവും സംഭരിച്ചു ഞാൻ ആ രൂപത്തെ നോക്കി. അതെന്നെ ഉപദ്രവിക്കുന്നില്ല എന്നെനിക്ക് മനസിലായി. പക്ഷേ എന്റെ ചുറ്റും ഏതോ ഒരു പൈശാചിക ശക്തി ഉണ്ടെന്നത് എന്നെ വല്ലാതെ പേടിപ്പിച്ചു. ഈ മോതിരത്തിൽ നിന്ന് ഞങ്ങൾക്ക് കിട്ടിയ കഴിവുകൾ എല്ലാം സദാ സമയം ഈ മോതിരത്തിന്റെ ഒപ്പം ഉള്ള, അതണിഞ്ഞ ആളെ സേവിക്കുന്ന ഈ ദുർ മൂർത്തിയുടെ കളിയാണ് എന്ന് ഞാൻ പതിയെ മനസിലാക്കി..
