ആ മൂടിക്കെട്ടൽ അങ്ങ് ഒഴിവാക്കാൻ ഞാൻ ബാർ ൽ ഇരുന്നു രണ്ടെണ്ണം കീച്ചി. ബാറിൽ പോയാൽ അവിടെ പരിചയം ഇല്ലെങ്കിലും ഒരു വൈബ് ലുള്ള ആരെങ്കിലും ഒക്കെ ഉണ്ടാകും. അടിക്കമ്പിനി ആയിട്ട് എന്തെങ്കിലും ഒക്കെ ലോക കാര്യങ്ങൾ സംസാരിച്ചു ഇരിക്കാൻ പറ്റുന്നവർ.. അന്നും കിട്ടി ഒരു gang നേ. പിളേളർ സെറ്റാണ്.. ഞാൻ ഫിലിം ഫീൽഡിൽ ഉള്ളത് ആണെന്ന് അറിഞ്ഞപ്പോൾ അവർക്ക് ഇന്ട്രെസ്റ് കൂടി..
പിന്നെ ഞങ്ങളുടെ ചർച്ചകൾ ഭരതൻ തൊട്ട് tarantino വരെ സഞ്ചരിച്ചു.. സിനിമയെ സ്നേഹിക്കുന്ന
ഹൃദയങ്ങൾ തമ്മിൽ സംസാരിക്കുമ്പോ സമയം പോകുന്നത് അറിയുകയേ ഇല്ല. ബാറിലെ ജീവനക്കാരൻ വന്നു പറഞ്ഞപ്പോ ആണ് സമയം ഏറെ വൈകി എന്ന് എനിക്ക് മനസിലായത്.. ഇനിയും ആ പിള്ളേരെ പിടിച്ചിരുത്തി മുഷിപ്പിക്കണ്ട എന്ന് വച്ചു സലാം പറഞ്ഞു ഞങ്ങൾ പിരിഞ്ഞു.
അടിച്ച കെട്ട് എനിക്ക് ഉണ്ടായിരുന്നു എങ്കിലും വണ്ടി ഓടിക്കാൻ ഉള്ള ബോധം ഒക്കെ ഉണ്ടായിരുന്നു.. എന്നാലും ചെറിയൊരു ചാഞ്ചാട്ടം ഉണ്ട്.. അത് കൊണ്ട് ഞാൻ മോതിരം എടുത്തു നടു വിരലിൽ ഇട്ടു.. ഇപ്പോൾ ആ ചാഞ്ചാട്ടം കുറഞ്ഞു.. ലോഡ്ജ് ഇവിടെ അടുത്താണ്.. കുറച്ചു ദൂരം പോയാൽ മതി
ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു.. റോഡിൽ വണ്ടികൾ ഉണ്ട്. പക്ഷെ അധികം ഇല്ല.. ചെറിയൊരു മഴ കഴിഞ്ഞു നനഞ്ഞ റോഡ്.. ഞാൻ ബൈക്ക് എടുത്തു ലോഡ്ജിലേക്ക് വിട്ടു..
പോണ വഴിയാണ് ഒരു വളവുങ്കൽ വച്ചു ഒരു കാർ പാളി എന്റെ അടുത്തേക്ക് വന്നത്. അവർ ബ്രേക്ക് ഇട്ടിട്ട് കിട്ടാഞ്ഞത് ആണ്.. മഴ ആയി തെന്നി കിടക്കുന്ന റോഡ് ആയത് കൊണ്ടാണ്.. ഞാൻ കാർ എന്നിൽ തട്ടാതെ ബൈക്ക് മാക്സിമം വെട്ടിച്ചു നീക്കി.. പക്ഷെ ബ്രേക്ക് പിടിച്ചപ്പോ എന്റെ വണ്ടിക്കും same പ്രോബ്ലം.. ഫ്രണ്ട് ബ്രേക്ക് പിടിച്ചപ്പോ വണ്ടി പാളി.. കാർ ബൈക്കിനേ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ മുന്നോട്ടു പോയി.. എന്റെ ബൈക്ക് ആണേൽ ചെരിഞ്ഞു വീഴുകയും ചെയ്തു. പക്ഷെ മോതിരത്തിന്റെ ശക്തി കൊണ്ടാവണം ഞാൻ ചാടി ഇറങ്ങിയിരുന്നു.. ഭാഗ്യത്തിന് ഒരു പോറൽ പോലും ദേഹത്ത് വീണില്ല.. ബൈക്ക് ചെരിഞ്ഞു കുറച്ചു മുന്നോട്ടു പോയി..
ഞാൻ പിന്നിലേക്ക് നോക്കി.. കാറും സേഫ് ആയി നിന്നിട്ടുണ്ട്. എവിടെയും കൊണ്ട് കേറ്റിയിട്ടില്ല.. ഭാഗ്യം. അല്ലേൽ വള്ളി ആയേനെ.. കാറുകാരുടെ അടുത്തേക്ക് ഞാൻ സ്വല്പം ദേഷ്യത്തിൽ ചെന്നു.. ഡ്രൈവർ കാറിൽ നിന്നും പുറത്ത് ഇറങ്ങി
‘എന്തെങ്കിലും പറ്റിയോ..?
അയാൾ അത് തെലുങ്കിൽ ആണ് ചോദിച്ചത്. ഞാൻ നമ്പർ പ്ലേറ്റ് നോക്കി.. അപ്പോൾ ഇവിടെ ഉള്ളവർ അല്ല
‘എനിക്കൊന്നും പറ്റിയില്ല.. വണ്ടിക്ക് എന്തേലും ഉണ്ടേല് ഉള്ളു.. എന്ത് വരവാടോ വന്നെ..?
ഞാൻ മലയാളത്തിൽ ആണ് തിരിച്ചു പറഞ്ഞത്
ഞാൻ അത് പറഞ്ഞപ്പോ ആണ് പിന്നിലെ ഡോർ തുറന്നു ഒരു പെൺകുട്ടി പുറത്തേക്ക് ഇറങ്ങിയത്..
‘ഐആം സോറി.. വീ ആർ വെരി വെരി സോറി.. ബട്ട് ദിസ് ഇസ് നോട് ഔർ മിസ്റ്റേക്..’
അവൾ എന്നോട് പറഞ്ഞു. ഞാൻ ചൂടായത് ആണെന്ന് അവൾ ധരിച്ചു.. ഞാൻ സ്വല്പം റെയ്‌സ് ആയിട്ടാണ് സംസാരിച്ചത്. പക്ഷെ ദേഷ്യപ്പെടൽ ഒന്നും ആയിരുന്നില്ല. അവരുടെ അശ്രദ്ധമായ ഡ്രൈവിംഗ് ചൂണ്ടി കാണിക്കാൻ ഒരു ഗൗരവം ഇട്ടു എന്ന് മാത്രം. അധികം ചൂടാവാൻ എനിക്കും പറ്റില്ലല്ലോ. ഞാൻ അടിച്ചിട്ട് അല്ലേ
വണ്ടി എടുത്തത്..
‘നിങ്ങടെ മിസ്റ്റേക്ക് അല്ലേൽ പിന്നെ എന്റെ മിസ്റ്റേക്ക് ആണോ..?
ഞാൻ ചോദിച്ചു
അപ്പോൾ ആണ് അവളുടെ മുഖം ഞാൻ വെളിച്ചത്ത് കണ്ടത്. എവിടോ കണ്ടിട്ട് ഉണ്ടല്ലോ ഞാൻ ഇവളെ.. മദ്യത്തിന്റെ പെരുപ്പ് വിട്ടു എന്റെ തലച്ചോർ അവളെ തിരയാൻ തുടങ്ങി
‘അല്ല സാർ.. എതിരെ വന്ന ഒരു വണ്ടി റോങ്ങ് കേറിയാണ് വന്നത്. അത് തട്ടാതെ ഇരിക്കാൻ ബ്രേക്ക് പിടിച്ചത് ആണ്. പക്ഷെ വണ്ടി പാളി പോയി.. അതാണ് മേഡം ഉദ്ദേശിച്ചത്..’
ഡ്രൈവർ തെലുങ്കിൽ പറഞ്ഞു
മേഡമോ..? ആരാണ് ഇവൾ.. ഞാൻ ഒന്ന് കൂടി സൂക്ഷിച്ചു അവളെ നോക്കി. അപ്പോൾ ഞാൻ കണ്ടത് ജീൻസിലും ടോപ്പിലും നിൽക്കുന്ന ഒരു യുവതിയെ അല്ല. സർവ്വാഭരണവിഭൂഷിതയായ് പട്ടു ചേല ചുറ്റി നിൽക്കുന്ന ഒരു രാജ്ഞിയേ ആണ്.. അഥവാ എന്റെ തലച്ചോർ ഇമേജ് സേർച്ച് ചെയ്തപ്പോ എനിക്ക് മാച്ച് കാണിച്ചു തന്നത് ആ ചിത്രം ആണെന്ന്..
