ചാരു മൗനം പാലിച്ചു…
“മാധവനെ കണ്ടില്ല്യല്ലോ.. ഒന്ന്ങ്ങട് വരാൻ പറയ്യ..”
“വിടെ ഇല്ല്യാ തിരുമേനി… ഇന്നലെ സന്ധ്യക്ക് രാമൻനായരെ വിഷം തീണ്ടി.
ശങ്കുപുഷ്പ്പത്തിന്റെ വേര് തേടിയിറങ്ങിതാ പിന്നെ വന്നില്ല്യാ,
രാവിലെ കാര്യസ്ഥൻ തിരഞ്ഞുപോയിട്ടുണ്ടായിരുന്നു..
അയാളെയും കാണാനില്ല്യ…
ഹരിക്കുട്ടനാണെൽ അതിനെപ്പറ്റി ഒരു വേവലാതിയും ഇല്ല്യാ.. ഒന്നത്രെടം വരെ പോയിനോക്കൻ തോന്നിട്ടില്ല്യാതുവരെ, പിന്നെ തിരുമേനിക്കറിയാലോ മാധവൻ ഇതുപോലെ പലപ്പൊഴും പോവാറുണ്ട്, ചിലപ്പോൾ നാളുകൾ കഴിയും മടങ്ങിവരാൻ…”
വിഷമത്തോടെ ഭാർഗ്ഗവിതമ്പുരാട്ടി ആരാഞ്ഞു.
“മ്..”
മഠത്തിൽ തിരുമേനി ദീർഘശ്വസാമെടുത്തുകൊണ്ട് മൂളി..
“ന്താണോ നടക്കരുതെന്ന് ഞാൻ കരുതിയോ അതുതന്നെ നടന്നിരിക്കിണു.”
“ന്താ തിരുമേനി… ന്തച്ചാ പറയു..”
തിരുമേനി മനസിൽ എന്തോ ഒളിക്കുന്നുണ്ടെന്ന് ഭാർഗ്ഗവിതമ്പുരാട്ടിക്ക് മനസിലായി.
“തമ്പ്രാട്ടിക്ക് അറിയത്തൊരു സത്യണ്ട്,
ഭദ്രയുടെ ദുർമരണത്തിന് ഉത്തരവാദി മ്മടെ മാധവനും, വർഷങ്ങൾക്ക് മുൻപേ വിഷംതീണ്ടി കാലംചെയ്ത വടക്കേപ്പാട്ടേ ദേവനുമാണ്,”
“ന്റെ ദേവീ.. ”
ഭാർഗ്ഗവിതമ്പുരാട്ടി അന്താളിച്ചിരുന്നു.
തമ്പുരാട്ടിയുടെ കൂടെ ഹരിയും അമ്പരന്നു.
“സത്യാണോ തിരുമേനി ന്റെ മാധവൻ ….”
തമ്പുരാട്ടിയുടെ ശബ്ദം ഇടറി.
തിരുമേനി തുടർന്നു..
“ആണ്ടുകൾക്ക് മുൻപ്, ഭദ്രയുടെ ദുർമരണത്തിന് ശേഷമുള്ള അമാവാസി നാളുകളിൽ ശാന്തിലഭിക്കത്ത അവളുടെ ആത്മാവ് അലഞ്ഞുനടക്കാൻ തുടങ്ങിയിരുന്നു. ഒന്നുരണ്ടു തവണ വകവരുത്താൻ ഭദ്ര തുനിഞ്ഞിട്ടുണ്ട്.
ആയിടക്കാണ് ന്റെ അടുത്തേക്ക് അഭയംപ്രാപിച്ച് വന്നത്.
അന്നവളെ ആവാഹിച്ച് കാവിലെ പാലവൃക്ഷത്തിലായിരുന്നു ബന്ധിച്ചത്.
അറിയാലോ ലേ…
“ഉവ്വ് ,തീരുമേനി.
കിണ്ടിയിൽനിന്നെടുത്ത തീർത്ഥം തിരുമേനി എല്ലാവരെയും തെളിച്ചു
ഹരിയുടെ മുഖത്തേക്ക് തെറിച്ച തീർത്ഥത്തുള്ളി അവൻ കൈകൊണ്ട് തട്ടിമാറ്റി.
“മാധവന്റെ നാള് ന്താ..”
ഹോമകുണ്ഡത്തിൽ വരിക്കപ്ലാവിന്റെ കഷ്ണങ്ങൾ അടക്കിവക്കുന്നതിനിടയിൽ തിരുമേനി ചോദിച്ചു.
“അത്തം…”
ഇടറിയ ശബ്ദത്തിൽ സവിത്രിതമ്പുരാട്ടി പറഞ്ഞു.
“ന്താ ചെറിയമ്പ്രാട്ടി, എല്ലാം അറിഞ്ഞിട്ടും മിണ്ടാതിരിക്കാണ് ലേ..”
തീരെ പ്രതീക്ഷിക്കാത്ത ആചോദ്യം തമ്പുരാട്ടിയിൽ അസ്വസ്ഥത ഉടലെടുത്തു.
“നിനക്ക് അറിയായിരുന്നോ സാവിത്രി…”
ഭർഗ്ഗാവിതമ്പുരാട്ടി ചോദിച്ചു.
“ഉവ്വമ്മേ ന്നോട് ഒരിക്കൽ പറഞ്ഞിട്ടുണ്ട്.”
മുഖത്തേക്ക് നോക്കാതെ തമ്പുരാട്ടി പറഞ്ഞു.
“ഓളെ ദ്രോഹിക്കാൻ മാത്രം ഓള്ന്ത് തെറ്റാ ചെയ്തെ നിക്കറിയണം..”
തമ്പുരാട്ടിയുടെ കണ്ണുകളിൽ നിന്നും മിഴിനീർക്കണങ്ങൾ തടാകം പോലെ ഒഴുകാൻ തുടങ്ങി.
ചാരു മുത്തശ്ശിയെ സമാധാനിപ്പിച്ചു.
മഠത്തിൽ തിരുമേനി വിഘ്‌നേശ്വരനെ മനസിൽ ധ്യാനിച്ചുകൊണ്ട് പൂജ തുടങ്ങി.
തന്റെ മുൻപിൽ കത്തിച്ചുവച്ച നിലവിളക്കിന്റെ ഒരു തിരി ഉടനെ അണഞ്ഞു.
“അശുഭലക്ഷണം..ദേവീ ന്തായിത്”
അണഞെരിയുന്ന തിരിയെ നോക്കിക്കൊണ്ട് തിരുമേനി വ്യാകുലനായി
“ഓം വിഘ്‌നേശ്വരായ നമഃ
ഓം വിഘ്‌നേശ്വരായ നമഃ
ഓം വിഘ്‌നേശ്വരായ നമഃ”
നടക്കാൻ പോകുന്ന ആവാഹകർമ്മങ്ങളിൽ വിഘ്‌നങ്ങൾ അകറ്റിനിർത്താൻ തിരുമേനി മനസുരുകിപ്രാർത്ഥിച്ചു.
എന്നിട്ട് അണഞ്ഞതിരി വീണ്ടും തെളിയിച്ചു.
അരിയും പൂവും ചന്ദനവും തീർത്ത ജലത്തിൽകൂട്ടി തന്നെ മൂന്ന് പ്രാവശ്യം ഉഴിഞ്ഞ് ദേവിയുടെ കാൽക്കൽ സമർപ്പിച്ചു.
അൽപ്പനേരം ധ്യാനത്തിലിരുന്ന തിരുമേനിയുടെ നെറ്റിയിൽ നിന്നും വിയർപ്പുതുള്ളികൾ അടർന്നുവീഴുന്നത് ചാരു ശ്രദ്ധിച്ചു.
പെട്ടന്ന് കണ്ണ് തുറന്ന തിരുമേനി ഹരിക്ക് നേരെ തിരിഞ്ഞു
“ഹരീ… അച്ഛന് ന്തോ അപകടം പറ്റിയിരിക്കുന്നു , ഞാൻ കൊടുത്ത രക്ഷക്ക് ചുറ്റും അന്ധകാരം വ്യാപിക്കുന്നുണ്ട് ഒന്നും വ്യക്താവുന്നില്ല്യാ… “
അത്കേട്ടതും സാവിത്രിയും ഭാർഗ്ഗവിതമ്പുരാട്ടിയും പരിഭ്രാന്തി പരത്തി.
തിരുമേനി വീണ്ടും കണ്ണുകളടച്ച് ദുർഗ്ഗാദേവിയെ ധ്യാനിച്ചു.
