“ഹഹഹ…”ഭദ്ര ആർത്തുച്ചിരിച്ചു
“ഇല്ല്യാ… ഈ തറവാട്ടിലെ അവസാന ആൺതരിയെയും കൊണ്ടേ ഭദ്ര പോവൂ..”
“ഇത്രയൊക്കെയായിട്ടും നീ ഇനിയും പഠിച്ചില്ല്യേ ഭദ്രേ….”
പരിഹാസത്തോടെ തിരുമേനിചോദിച്ചു.
“ഹും, തൈക്കാട്ട് മനയിൽ ഇനിയൊരു സന്തതി ണ്ടാവാൻ പാടില്ല്യാ..”
“ഇത്രേം നേരം ഞാൻ ക്ഷമിച്ചത്, നിന്റെ ഭക്തിയിൽ നിക്ക് വിശ്വാസമുള്ളത് കൊണ്ടാ, എന്നാൽ
ദുർമരണപ്പെട്ട നീ,”
തിരുമേനി ഭദ്രയുടെ നേരെ വിരൽചൂണ്ടി.
“നിന്റെ മരണശേഷം ഏഴാം നാൾ നീ വീണ്ടും ആത്മാവായി അലയാൻ തുടങ്ങി, നിന്റെ സാനിധ്യമറിഞ്ഞ മാധവനും ദേവനുംകൂടെ ന്റെ അടുത്തേക്ക് അഭയം പ്രാപിച്ചുവന്നു.
ന്റെ കാൽകീഴിൽ ജീവന് രക്ഷതേടി വന്നോർക്ക് ഞാൻ സംരക്ഷണം നൽകുമെന്ന് ഉറപ്പ് നൽകിട്ടുണ്ട്.”
“ന്നിട്ട് ന്തായി തിരുമേനി രക്ഷകൻ കൈവെടിഞ്ഞോ.?”
ഇടയിൽകയറി ഭദ്ര ചോദിച്ചു,
എന്നിട്ട് പരിഹാസഭവത്തിൽ ആർത്തുച്ചിരിച്ചു.
“നിന്റെ ഭക്തിയെ നിക്ക് തളക്കാനാവില്ല്യാല്ലോ.. അതൊണ്ടല്ലേ വർഷങ്ങൾക്ക് മുമ്പ് നിന്നെ ഞാൻ ആവാഹിച്ചെടുത്തിട്ടും സർപ്പക്കാവിലെ കരിനാഗംതന്നെ ദേവനെ ഉന്മൂലനം ചെയ്തത്. അന്നെനിക്ക് മനസിലായി നിന്റെ ഭക്തി.”
ഭദ്ര വീണ്ടും അട്ടഹസിച്ചു.
“പക്ഷെ മാധവൻ, അവിടെ ന്റെ കണക്കുകൂട്ടലുകൾ പിഴച്ചു.
51 ദിവസം പ്രത്യേകം പൂജിച്ചെടുത്ത രക്ഷ ഞാനവന് നൽകിയിരുന്നു.
അതുള്ളപ്പോൾ ഒരു ദുഷ്ട്ടശക്തികൾക്കും
ദേഹത്തപോലും സ്പർശിക്കാൻ കഴിഞ്ഞിരുന്നില്ല.
സൂത്രത്തിൽ നീയത് അവനിൽ നിന്ന് അതൂരിയെടുത്ത് അവനെ ഉന്മൂലനം ചെയ്തു. ല്ലേ…”
“തിരുമേനി… ന്റെ കുട്ടി.”
ഭാർഗവിതമ്പുരാട്ടി ഇടറിയശബ്ദത്തിൽ ചോദിച്ചു.
“തമ്പ്രാട്ടി… ക്ഷമിക്ക്യാ മാധവൻ….”
വാക്ക് പൂർത്തികരിക്കുവാൻ തിരുമേനി നന്നേ കഷ്ട്ടപെട്ടു.
“ന്താ തിരുമേനി ന്താച്ചാ പറയ്യാ.”
സാവിത്രിതമ്പുരാട്ടി ധൃതികൂട്ടി.
“മാധവൻ പോയി..”
ഊറി വന്ന ഉമിനീർ ഇറക്കിക്കൊണ്ടു തിരുമേനി പറഞ്ഞു.
“ദേവീ…. ”
തനിക്ക് താലിചാർത്തിയ,സീമന്തരേഖയിൽ സിന്ദൂരംതെളിയിച്ച തമ്പുരാൻ ഇന്ന് ജീവിച്ചിരിപ്പില്ലയന്നറിഞ്ഞ
സാവിത്രി തമ്പുരാട്ടി മുൻപിൽ കത്തിച്ചുവച്ച
നിലവിളക്കിന്റെ മുൻപിലേക്ക് വീണ്ടും ബോധരഹിതയായി കുഴഞ്ഞുവീണു.
ചാരുവും,മുത്തശ്ശിയും,
തമ്പുരാട്ടിയെ കവിളിൽ തട്ടിവിളിക്കുമ്പോഴും ഇരുവരുടെയും കണ്ണുകളിൽ നിന്ന് മിഴിനീർക്കണങ്ങൾ തടാകംപോലെ ഒഴുകാൻ തുടങ്ങിയിരുന്നു.
അതുകണ്ട് ഭദ്ര ആർത്തുച്ചിരിച്ചു. അവളുടെ അട്ടഹാസത്തിൽ ആ ഒറ്റമുറി പ്രകമ്പനം കൊണ്ടു.
“മതി നിർത്താ നിന്റെ അട്ടഹാസം,
വേഗം ഈ ശരീരം വിട്ട് പോവാ.. ഇല്ല്യാച്ചാ,
നന്നേ കഷ്ടപ്പെടും ഭദ്രേ..”
രൗദ്രഭാവത്തിൽ തിരുമേനി പറഞ്ഞു.
ഭദ്ര തലകുടഞ്ഞ് മുട്ടോളമുള്ള മുടിയിഴകളെ വായുവിലേക്ക് ഉയർത്തി.
“ഞാൻ പോവ്വാ,പക്ഷെ ന്റെകൂടെ ഈശരീരത്തിന്റെ ആത്മാവും ണ്ടാകും..”
ഭദ്രയുടെ കണ്ണുകളിൽ അഗ്നിജ്വലിച്ചു.
അവൾ പുറത്തേക്കുള്ള വാതിലിലും, ജാലകത്തിലേക്കും തറപ്പിച്ചുനോക്കി.
അടഞ്ഞുകിടന്നിരുന്ന വാതിലുകളും ജാലകപ്പൊളികളും വലിയ ശബ്ദത്തോടെ തുറന്നു.
കാറ്റിന്റെ ശക്തി ക്രമാതീതമായി കൂടിവന്നു.
ആവാഹനക്കളം പൂർണ്ണമായും കാറ്റിനോട് അലിഞ്ഞുചേർന്നു കരിയും, കുങ്കുമവും, മഞ്ഞൾപ്പൊടിയുമെല്ലാം വായുവിൽലയിച്ചുചേർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ചുറ്റിലും കുരുത്തോലകൊണ്ട് അലങ്കരിച്ച ആവാഹനക്കളം ഭദ്ര പൂർണ്ണമായും നശിപ്പിച്ചു.
തിരിയിട്ട് കത്തിച്ച നിലവിളക്ക് ഹോമാകുണ്ഡത്തിലേക്ക് തട്ടിമറഞ്ഞു.
എണ്ണയും,നെയ്യും ഒരുമിച്ചുചേർന്നപ്പോൾ
അഗ്നി ശക്തിപ്രാപിച്ച് ആളിക്കത്തി.
തിരുമേനി തളികയിൽ നിന്നും ഭസ്മമെടുക്കാൻ തുനിഞ്ഞതും
രക്തമൊഴുകുന്ന അവളുടെ കണ്ണുകൾ കൊണ്ട് തളികയെ സൂക്ഷിച്ചുനോക്കി.
പെട്ടന്ന്തന്ന ചെമ്പിൽ പണിതീർത്ത തളിക
അന്തരീക്ഷത്തിലേക്കുയർന്ന് തിരുമേനിയുടെ നെറ്റിയുടെ ഇടത് വശത്ത് ചെന്നുവീണു.
അപ്രതീക്ഷിതമായി നെറ്റിൽ തളികവീണ തിരുമേനി പിന്നിലേക്ക് മറിഞ്ഞുവീണു.വേദനകൊണ്ട് അയാൾ നെറ്റിത്തടം പൊത്തിപിടിച്ചു,
രക്തം ഒലിച്ചിറങ്ങി.
