അഗ്നിയുടെ ആവരണം ഭദ്രക്ക് താങ്ങാൻ കഴിയുന്നതിലുമപ്പുറത്തായിരുന്നു.
ശരീരം മുഴുവനും ചുട്ടുപൊള്ളുന്ന പോലെ തോന്നിയ ഭദ്ര അവിടെ കിടന്നുകൊണ്ട് പറഞ്ഞു
“വേണ്ടാ… ഞാൻ വരാം…
തിരുമേനി ന്റെ അമ്മാളുനെ ഇവൻ…
എനിക്ക് ഇവനെ കൊണ്ടോയെ പറ്റു..”
ഭദ്രയുടെ ശബ്ദം ഇടറി
“ഇല്ല്യാ…. ഞാൻ വീണ്ടും ഓർമ്മിപ്പിക്കുന്നു.
ഒരു കാലത്ത് ന്റെ കാൽക്കൽ അഭയം പ്രാപിച്ചവനാ ഓന്റെ ജീവൻ ഞാൻ രക്ഷിക്കും, അത് ന്റെ കടമയാണ്..”
“ഓം കാളിശക്തി ദുർഗ്ഗായ നമഃ
ആളിക്കത്തുന്ന ഹോമാകുണ്ഡത്തിലേക്ക് അയാൾ നെയ്യും, തീർത്ഥജലവും അർപ്പിച്ചു അഗ്നി ആളിക്കത്തി.
ഭദ്ര അലറിവിളിച്ചു.
അവളെ ചുറ്റിയ അഗ്നിവലയം ചെറുതാകൻ തുടങ്ങി.
പതിയെ പതിയെ അവളെ അഗ്നി പ്രാപിക്കാൻ തുടങ്ങി.
ഭദ്ര എഴുന്നേൽക്കാൻ കഴിയാതെ കട്ടിലിൽ കിടക്കുന്ന രാമൻനായർക്ക് നേരെ തിരിഞ്ഞു.
“സന്തോഷിക്കണ്ട നീയ്യ്…നിന്റെ മരണം… അതടുത്തിരിക്കുന്നു”
കട്ടിലിന്റെ കാലിൽ ഫണമുയർത്തി നിൽക്കുന്ന സ്വർണ നിറമുള്ള സർപ്പത്തെനോക്കികൊണ്ടവൾ പറഞ്ഞു.
“നാഗരാജാവേ… അങ്ങു കാണുന്നില്ലേ…
തിരുമേനിടെ മന്ത്രശക്തിക്ക് മുൻപിൽ നിക്ക് പിടിച്ച് നിൽക്കാൻ കഴിയിണില്ല്യാ .. ന്റെ അമ്മാളുനെ മാംസകൊതിയന്മാർക്കിട്ടുകൊടുത്തവനെ
ഇവിടെ ഉപേക്ഷിച്ച് പോവ്വാ…
നിത്യവും അവിടത്തെ മുൻപിൽ തിരിതെളിയിക്കുന്നവളായിരുന്നില്ല്യേ ഞാൻ.
ന്നിട്ടും ന്നെ കൈവിട്ടില്ല്യേ..”
സ്വർണ്ണ നിറമുള്ള സർപ്പം നാവ് പുറത്തേക്ക് നീട്ടിക്കൊണ്ട് ഭദ്രയെയും, രാമൻനായരെയും മാറി മാറി നോക്കി.
മാധവനെ അന്വേഷിച്ചിറങ്ങിയ തിരുമേനിയുടെ സഹായി ഉണ്ണിയും സുഹൃത്തും വൈകാതെ തന്നെ മടങ്ങിവന്നു.
ഹോമാകുണ്ഡത്തിന് മുൻപിലിരിക്കുന്ന മഠത്തിൽ തിരുമേനിയുടെ അടുത്തു വന്ന് ചെവിയിൽ പറഞ്ഞു.
“മാധവൻ കൊല്ലപ്പെട്ടു,മൃതദേഹം കൊണ്ടുവന്നിട്ടുണ്ട്. ന്താ ചെയ്യേണ്ടേ..?.”
“രക്ഷ…”
ഉണ്ണി തേക്കിന്റെ ഇലയിൽ പൊതിഞ്ഞ രക്ഷ അയാൾക്ക് നേരെ നീട്ടി.
തിരുമേനി അതുവാങ്ങി നാക്കിലയിൽവച്ചിട്ട് പറഞ്ഞു
“തെക്കുഭാഗത്ത് ഒരു ചിതയൊരുക്കികൊളൂ. മ്… വൈകിക്കേണ്ട..”
ഉണ്ണിയും സഹായിയും മറുത്തൊന്നും പറയാതെ എഴുന്നേറ്റ് പോയി.
തിരുമേനി വീണ്ടും ഹോമാകുണ്ഡത്തിലേക്ക് മന്ത്രങ്ങൾ ജപിച്ച് നെയ്യ് അർപ്പിച്ചു.
തിരുമേനിയുടെ മന്ത്രശക്തിയൊരുക്കിയ അഗ്നി ഭദ്രയെ വലിഞ്ഞുമുറുക്കികൊണ്ടേയിരുന്നു
അവൾ സ്വർണനിറമുള്ള സർപ്പത്തെയെന്ന് നോക്കി.
ഫണമുയർത്തി നിൽക്കുന്ന സർപ്പം ഇരുവരേയും മാറിമാറി വീക്ഷിച്ചു കൊണ്ടേയിരിക്കുകയായിരുന്നു.
“ഓം ശംഭൂർനയനസംഭൂതായേ നമഃ
ഓം ശിവാത്മാന്ദകാരിണ്ണ്യേ നമഃ
ഓം കാളീ കരാളവദാനയേ നമഃ”
തിരുമേനി മന്ത്രങ്ങൾ ജപിച്ചുകൊണ്ടേയിരുന്നു
ദേവിയുടെ ശക്തിയിൽ ഭദ്രക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല, അവൾ ഹരിയുടെ ദേഹവുമായി അവിടെ നിന്ന് അപ്രത്യക്ഷയായി.
“ഭഗവാനെ..ന്റെ പ്രാർത്ഥന കേട്ടു..”
ഇടറിയ ശബ്ദത്തിൽ രാമൻനായർ ഭഗവാനെ വിളിച്ചു പ്രാർത്ഥിക്കുമ്പോഴും
സ്വർണനിറമുള്ള സർപ്പം കട്ടിലിന്റെ കാലിൽനിന്നിറങ്ങി പുൽപായയിലേക്ക് ഇഴഞ്ഞു നീങ്ങിയത് അയാളറിഞ്ഞില്ല.
ഭദ്രക്ക് തന്നെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലയെന്ന പരിഹാസഭാവത്തിൽ പുഞ്ചിരിക്കുകയായിരുന്നു അയാൾ. പെട്ടന്ന് ശരീരത്തിലൂടെ എന്തോ ഇഴയുന്നത്പോലെ അനുഭവപ്പെട്ട രാമൻനായർ
ഇടത്തവശത്തേക്ക് ഒന്ന് നോക്കി.
ഭയം തന്റെ ശ്വാസം പിടിച്ചുനിർത്തി.
വൈകാതെ മലന്ന് കിടക്കുകയായിരുന്ന അയാളുടെ വയറിന് മുകളിൽ സർപ്പം ഫണമുയർത്തി നിന്നു.
ഉറക്കെ നിലവിളിക്കാൻ പോലും അയാളെ അനുവദിക്കാതെ സർപ്പം തന്റെ നീളമുള്ള നാവ് പുറത്തേക്ക് നീട്ടി സിൽക്കാരംമീട്ടി നിന്നു.
ചെയ്തുകൂട്ടിയ പാപങ്ങളെല്ലാം ഒരുനിമിഷം രാമൻ നായരുടെ കണ്ണുകളിൽ മിന്നിമാഞ്ഞു.
വൈകതെ സർപ്പം അയാളുടെ മുഖത്തിന്റെ അടുത്തേക്ക് ഇഴഞ്ഞുവന്നു.
അതിന്റെ കണ്ണുകളിൽ കാണാമായിരുന്നു ഭദ്രയുടെ പ്രതികാരത്തിന്റെ കാഠിന്യം.
നിമിഷനേരംകൊണ്ട് സർപ്പം രാമൻനായരുടെ ഇടത് കണ്ണ് കൊത്തിയെടുത്തു
രക്തം കണ്ണിൽനിന്നും മണ്ണ് കൊണ്ട് തേച്ചചുമരിലേക്ക് തെറിച്ചു.
തൊട്ടടുത്ത നിമിഷം വലത്തേകണ്ണും ഉഗ്രവിഷമുള്ള സർപ്പം കൊതിയെടുത്തു.
