“എന്റെ ആന്റി…, ആന്റി നല്ല ദേഷ്യത്തിലാണല്ലോ..?” ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു. “എന്റെ തിരക്കൊക്കെ ആന്റിക്കും അറിയാവുന്നതല്ലേ..?”
“ശെരി, ശെരി, നിന്റെ തിരക്കൊക്കെ നിന്നോട് തന്നെ ഇരിക്കട്ടെ, ഞാൻ ഷീന മോൾക്ക് ഫോൺ കൊടുക്കാം.” ആന്റി എന്റെ മറുപടിക്ക് നില്‍ക്കാതെ ഫോൺ വേഗം കൈമാറി.
“ചേട്ടാ, എപ്പഴാ ഇങ്ങോട്ട് വരുന്നേ..?”
“ഷീന മോളെ, —”
“ചേട്ടൻ ഒന്നും പറയേണ്ട, എനിക്കൊന്നും അറിയണ്ട.” അവൾ പിണക്കത്തിൽ തന്നെ പറഞ്ഞു. “ഇപ്പൊ 11 മണിയായി. ഞാൻ എന്റെ ഇച്ചായന്റെ വീട്ടില്‍ തന്നെയുണ്ട്. ഇച്ചായനും കൂടെയുണ്ട്. ഒരു മണിക്ക് മുമ്പ് ചേട്ടൻ ഇങ്ങോട്ട് വന്നിരിക്കണം. ഭക്ഷണം ഇവിടന്ന് ഞങ്ങള്‍ക്കൊപ്പം കഴിച്ചിരിക്കണം. വരുമ്പോ ധ്വനി ചേച്ചിയേയും കൂട്ടിക്കൊണ്ട് വരണം. ഞങ്ങൾ കഴിക്കാതെ കാത്തിരിക്കും.” അത്രയും പറഞ്ഞിട്ട് അവള്‍ പെട്ടന്ന് കട്ടാക്കി.
ഈ പെണ്ണിന്റെ കാര്യം..! ഉള്ളില്‍ അവളോടുള്ള വാത്സല്യം നിറഞ്ഞു തുളുമ്പി. എന്തായാലും ഞാൻ ചെയ്തത് തെറ്റാണ്. ജെസ്സിയെ പോലെയാണ് ഷീനയും എനിക്ക്. ഷീനയുടെ കല്യാണത്തിന് ശേഷം ഒരിക്കൽ പോലും ഞാൻ സ്റ്റെല്ല ആന്റിയുടെ വീട്ടില്‍ ഞാൻ പോയിട്ടില്ല. വലിയ തെറ്റാണ് ചെയ്തത്. എത്ര തിരക്കാണെങ്കിലും ഒരു ദിവസമെങ്കിലും ഞാൻ അങ്ങോട്ട് പോകണമായിരുന്നു. അങ്കിളും, ആന്റിയും, ഷീനയും, അലനേയും ചെന്ന് കാണണമായിരുന്നു. ഇവിടെ നിന്ന് വെറും മുക്കാല്‍ മണിക്കൂറത്തെ യാത്രയെ ഉള്ളു. ഷീനയെ പോലെ ആന്റിയും പിണക്കത്തിലാണെന്നാ തോന്നുന്നത്.
പോട്ടെ, കഴിഞ്ഞതൊക്കെ പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഇനി കുറച്ച് മാറ്റങ്ങളൊക്കെ എന്റെ ടൈം ടേബിളിൽ വരുത്തി എന്റെ ഫാമിലിക്ക് വേണ്ടിയും സമയം മാറ്റി വെക്കാൻ ഞാൻ തീരുമാനിച്ചു. ശേഷം ഞാൻ പോയി കുളിയും മറ്റും കഴിഞ്ഞ് ഒരു കോട്ടൻ പാന്റും ഫുൾ കൈ ഷർട്ടും എടുത്തിട്ടിട്ട് ഷർട്ടിന്റെ കൈ മടക്കി വച്ചു.
ധ്വനിയെ കുറിച്ച് ചിന്തിച്ചുകൊണ്ട് മാരുതിയുടെ ചാവിയുമെടുത്ത് വീടും പൂട്ടി ചെന്ന് വണ്ടിയില്‍ കേറി.
ധ്വനിക്ക് ജോലി ഒന്നും അറിയില്ലെങ്കിലും അവള്‍ക്ക് കൊടുക്കാൻ ഒരുപാട് ജോലി ചോയ്സ് ഉണ്ടായിരുന്നു. പക്ഷേ അവളുടെ പഠിത്തത്തിന് ചെറിയ ഭംഗം പോലും വരുത്താത്ത തരത്തിലുള്ള ജോലി കൊടുക്കാനായിരുന്നു പാട്. എങ്കിലും അതിലൊരു തീരുമാനം രാത്രി തന്നെ ഞാൻ എടുത്ത് കഴിഞ്ഞിരുന്നു.
കാറിൽ കേറി സ്റ്റാര്‍ട്ട് ചെയ്ത ശേഷം ഞാൻ ധ്വനിക്ക് കോൾ ചെയ്തു.
“ഹലോ ജിനു…!” രണ്ടാമത്തെ റിംഗിൽ ധ്വനി എടുത്ത് സംസാരിച്ചു.
“എങ്ങനെയുണ്ട് നിന്റെ പുതിയ ചുറ്റുപാടൊക്കെ..? സൗകര്യങ്ങള്‍ ഓക്കെയല്ലേ…?”
“എല്ലാം ഓക്കെയാണ്. ജെസ്സി മുമ്പ് ഉപയോഗിച്ചിരുന്ന റൂമിലാണ് എന്റെ താമസം. എല്ലാവർക്കും എന്നോട് ഭയങ്കര സ്നേഹം. ഞാൻ ശെരിക്കും വളരെ ഹാപ്പിയാണ് ജിനു.” ധ്വനി ഭയങ്കര സന്തോഷത്തോടെ പറഞ്ഞു.
“മതി, അത്രയും കേട്ടാല്‍ മതി.” ഞാൻ പറഞ്ഞു.
“ഓക്കെ ജിനു, ഉച്ചക്ക് മുമ്പ് എന്റെ ജോലിയുടെ കാര്യം പറയാമെന്ന് പറഞ്ഞില്ലേ, എന്തായി..?” ആകാംഷയോടെ അവള്‍ തിരക്കി.
“അതൊക്കെ ഞാൻ നേരിട്ട് പറയാം. ഇപ്പൊ ഇത് പറ, നീ ഷീനയോട് സംസാരിച്ചായിരുന്നോ..?”
“മ്മ്, ഇന്ന് വെളുപ്പിന് ജെസ്സിയാണ് അവളുടെ മൊബൈലില്‍ വിളിച്ചു തന്നത്. നീ ഉച്ചക്ക് അങ്ങോട്ട് പോകുമെന്നും, നിന്റെ കൂടെ ഞാനും വരണമെന്നും ഷീന എന്നോട് പറഞ്ഞായിരുന്നു.”
“ഓക്കെ, ഇപ്പൊ നീ റെഡിയാണോ..?”
“റെഡിയാവുകയായിരുന്നു. അപ്പഴാ നിന്റെ കോൾ വന്നത്.”
“എന്നാ റെഡിയായിക്കൊ, ഞാൻ ഇപ്പൊ അവിടെയെത്തും.” അത്രയും പറഞ്ഞിട്ട് ഞാൻ വച്ചു. എന്നിട്ട് വണ്ടി എടുത്തു.
വഴിക്ക് ഒരു മൊബൈൽ ഷോപ്പിൽ വണ്ടി നിര്‍ത്തി പുതിയൊരു മൊബൈൽ വാങ്ങി, പുതിയ സിം ഇട്ടിട്ട് തിരികെ വണ്ടിയില്‍ വന്നിട്ട് വേണ്ട സെറ്റിംഗ്‌സ് സൊക്കെ പുതിയ മൊബൈലില്‍ ചെയ്തു. എന്നിട്ട് എന്റെ കുടുംബ വീട്ടിലേക്ക് വിട്ടു.
