“ഇല്ല മമ്മി. ഒരുപാട് കാര്യങ്ങൾ പെന്‍ഡിംഗിൽ കിടപ്പുണ്ട്.” അവർ എല്ലാവരെയും മാറിമാറി നോക്കി പറഞ്ഞു. “നാളെ മുതൽ എന്റെ ബിസി ലൈഫ് പിന്നെയും തുടങ്ങും. അതിനുമുമ്പ് എനിക്ക് നല്ല റെസ്റ്റാണ് വേണ്ടത്. ഈ രാത്രി മുഴുവനും എനിക്ക് റെസ്റ്റ് ആവശ്യമാണ്. നാളെ വൈകി ഉണര്‍ന്നാലും സാരമില്ല, എന്റെ ക്ഷീണം മാറുന്നത് വരെ എനിക്ക് ഉറങ്ങണം. പക്ഷേ ധ്വനി വന്നത് കൊണ്ട് നിങ്ങളാരും ഉറങ്ങാൻ പോണില്ലെന്നറിയാം, അതുകൊണ്ട് ഞാൻ ഇവിടെ നിന്നാൽ തീര്‍ച്ചയായും നിങ്ങളുടെ കൂടെ ചേര്‍ന്ന് ഞാൻ ഉറങ്ങാതെ കഥ പറഞ്ഞിരിക്കും. അതുകൊണ്ട് എനിക്ക് പോണം മമ്മി. പിന്നീട് സമയം കിട്ടുന്നത് പോലെ ഞാൻ ഇങ്ങോട്ട് വരാം, സത്യം.” ഞാൻ തുറന്നടിച്ച് പറഞ്ഞു.
“ഹ്മ്, അവന്‍ പറയുന്നതിലും കാര്യമുണ്ട്.” പപ്പ എന്നെ സപ്പോര്‍ട്ട് ചെയ്തു സംസാരിച്ചു.
അമ്മ എന്നെ തുറിച്ചുനോക്കി. ജെസ്സി മുഖം വീർപ്പിച്ചു. ധ്വനി അസ്വസ്ഥതയോടെ എന്നെ നോക്കി നിന്നു.
“ജെസ്സി മോളെ, അവന്റെ ഇവിടത്തെ നോര്‍മല്‍ ലൈഫ് തുടങ്ങി കഴിഞ്ഞാല്‍ പിന്നെ, അറിയാലോ, അവന് അധികം റെസ്റ്റൊന്നും കിട്ടില്ല. രാത്രി പതിനൊന്ന് കഴിഞ്ഞ് ഉറക്കം, രാവിലെ നാല് മണിക്ക് മുന്നേ അവന്‍ ഉണരുകയും ചെയ്യും. അതുകൊണ്ട് അവന്‍ പോട്ടെ, പോയി നല്ലത് പോലെ ഉറങ്ങട്ടെ, അതല്ലേ നല്ലത്..?” പപ്പ പറഞ്ഞിട്ട് അമ്മയേയും ജെസ്സിയേയും നോക്കി.
“ജിനു ഉടനെ പോകുന്നത് എനിക്കും ഇഷ്ട്ടമല്ല, പക്ഷേ പപ്പ പറയുന്നതാണ് ശെരി.” ധ്വനി പപ്പയെ സപ്പോര്‍ട്ട് ചെയ്തു.
അപ്പൊ എല്ലാവരും ധ്വനിയെ നോക്കി. ധ്വനി തുടർന്നു. “ജിനു ആഴ്ചകളോളം കാട്ടിലൊക്കെ അലഞ്ഞ് തിരിഞ്ഞ് എന്റെ ലോഡ്ജിലാണ് വന്നത്. അവിടെ കുറച് റെസ്റ്റ് മാത്രമാണ് അവന് കിട്ടിയത്. പിന്നെ എന്റെ പ്രശ്നങ്ങൾ, അതുകഴിഞ്ഞ് ഞങ്ങളുടെ യാത്ര.. എല്ലാം കൊണ്ടും അവന്‍ ശെരിക്കും ഉറങ്ങിയിട്ടില്ല, ശെരിക്കും റെസ്റ്റ് പോലും അവന്‍ എടുത്തില്ല. എത്ര മണിക്കൂറുകളാണ് തുടര്‍ച്ചയായി വണ്ടി ഓടിച്ചത്. അതുകൊണ്ട് അവന്‍ പോട്ടെ ജെസ്സി.”
ധ്വനി അങ്ങനെയൊക്കെ പറഞ്ഞപ്പോ ജെസ്സി എന്നെ കൂടുതൽ മുറുക്കി പിടിച്ചുകൊണ്ട് തല ഉയർത്തി അലിവോടെ നോക്കി. “സോറി അച്ചാച്ചാ, ഞാൻ അതൊന്നും ചിന്തിച്ചില്ലായിരുന്നു. അച്ചാച്ചൻ പൊയ്ക്കോ.” അതും പറഞ്ഞ് അവളെന്നെ വിട്ടു. “പക്ഷേ സമയം കിട്ടിയതും ഇങ്ങോട്ട് വരണം. കൂടാതെ ധ്വനി ചേച്ചിയുടെ അഡ്മിഷൻ കാര്യം ശെരിയാക്കണ്ടേ..?”
“വേണ്ട, എന്റെ മോന്‍ ബുദ്ധിമുട്ടേണ്ട, ധ്വനി മോളുടെ കാര്യം അമ്മ നോക്കി ചെയ്തോളാം.” പെട്ടന്ന് അമ്മ എന്റെ അടുത്തേക്ക് വന്നിട്ട് എന്നോട് പറഞ്ഞു.
“ഹാ, ഇക്കാര്യം ഞാൻ പറയാൻ മറന്നുപോയി. ധ്വനിയുടെ കാര്യം ഞാൻ ഓൾറെഡി ശെരിയാക്കി വച്ചിട്ടുണ്ട് മമ്മി.”
“ആണോ, എവിടെ..?” അമ്മ ചോദിച്ചു.
“ഞാൻ പഠിച്ചില്ലേ, ബെഥനി നവജീവൻ കോളേജ് ഓഫ് ഫിസിയോതെറപ്പി, അവിടെ തന്നെയാ ഞാൻ വിളിച്ച് സംസാരിച്ച് റെഡിയാക്കിയത്.” പുഞ്ചിരിച്ചുകൊണ്ട് ഞാൻ അമ്മയോട് പറഞ്ഞിട്ട് ധ്വനിയെ നോക്കി.
“ഓഹ്, എപ്പോഴാ നീ അതൊക്കെ സംസാരിച്ചത്. അതൊന്നും നീ എന്നോട് പറഞ്ഞില്ലായിരുന്നല്ലോ..!” ആശ്ചര്യത്തോടെ അവൾ കണ്ണുകൾ ചുരുക്കി എന്നെ നോക്കി നിന്നു.
“നി വണ്ടിയില്‍ ഉറങ്ങി കിടന്നപ്പോഴാ ഞാൻ അറേഞ്ച് ചെയ്തത്, പക്ഷേ നിന്നോട് പറയാന്‍ വിട്ടുപോയി.” ഞാൻ അവളോട് പറഞ്ഞു. “പിന്നേ, അഡ്മിഷൻ എടുക്കുകയും ഡൊണേഷൻ കെട്ടുകയും ചെയ്തിട്ടുണ്ടെങ്കിലും നിനക്ക് ആദ്യത്തെ വർഷത്തിൽ ആണോ നാലാമത്തെ വർഷത്തിൽ ആണോ അഡ്മിഷൻ കിട്ടുക എന്നത് ഇതുവരെ തീരുമാനമായിട്ടില്ല.”
“ആണോ, അതെന്താ അങ്ങനെ…?” പപ്പ ചോദിച്ചു.
“പപ്പ, അവൾ BPT മൂന്ന് വര്‍ഷം കംപ്ലീറ്റ് ചെയ്തത് നേരാണ്. പക്ഷേ ഇത്രയും വര്‍ഷത്തെ ഗ്യാപ്പ് വന്നത് കൊണ്ട് അവർ മൂന്ന് എക്സാം നടത്തും, മൂന്ന് ദിവസമായി. അതും അടുത്തയാഴ്ച തന്നെ. ഓരോ എക്സാമിലും കുറഞ്ഞത് 60% മാർക്കോടെ ധ്വനി പാസാകുകയാണെങ്കിൽ മാത്രമേ അവള്‍ക്ക് നാലാം വർഷത്തിൽ ജോയിൻ ചെയ്യാനുള്ള അഡ്മിഷൻ കിട്ടുകയുള്ളൂ. ഇല്ലെങ്കില്‍ ആദ്യം മുതലേ തുടങ്ങേണ്ടി വരും.”
