“അത്രയ്ക്ക് തിരക്കായിരുന്നു അമ്മാമ്മേ.” പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.
“മ്ഹും കേറി വാ. ഞാൻ പോയി കുടിക്കാന്‍ എന്തെങ്കിലും എടുക്കാം.” അമ്മച്ചി മെല്ലെ വീട്ടിനകത്തേക്ക് നടന്നുപോയി.
“അപ്പോ തുടങ്ങാം, അല്ലേ..?” സ്വർണ്ണയോട് ഞാൻ ചോദിച്ചു.
“തുടങ്ങാം. ജിനു വരൂ.”
ഞാൻ എന്റെ ട്രോളി ബാഗുമായി കേറി പോയപ്പോ അവർ രണ്ടുപേരും വഴിയില്‍ നിന്നും മാറി.
ഞാൻ പൂമുഖത്ത് കേറി അവര്‍ക്ക് മുന്നിലായി നിന്നു.
“വേറെ ആരെയും കാണുന്നില്ലല്ലോ സർ..?” അകത്ത് ഹാളിലൊക്കെ എന്റെ കണ്ണുകൾ പരത്തി കൊണ്ട് ഞാൻ പറഞ്ഞു.
“അവർണ മോള് അവളുടെ ഭർത്താവിന്റെ വീട്ടില്‍ ഒരാഴ്ച നില്‍ക്കാന്‍ പോയി. ഇന്നലെയാണ് പോയത്.” സുബാഷ് സർ പറഞ്ഞു. “പിന്നെ കാര്‍ത്തിക മോള് അവളുടെ ഫാഷന്‍ ഡിസൈൻ വർക്ക്സിനായി വേണ്ട ഫാബ്രിക്ക് മെറ്റീരിയൽസും മറ്റും ബൾക്കായി എടുക്കുന്നതിന് വേണ്ടി എന്റെ ഭാര്യയെയും കൂട്ടി എറണാകുളത്ത് പോയിരിക്കുകയാണ്. വെളുപ്പിനെ പോയി. അത്രയും ദൂരമുള്ളത് കൊണ്ട് തിരികെയെത്താൻ രാത്രിയാകും. വണ്ടി കൊണ്ടുപോയത് കൊണ്ട് അവര്‍ക്ക് നല്ല ഈസിയായിരിക്കും.”
“കുട്ടികൾ നാലും സ്കൂളിൽ പോയേക്കുവ.” സ്വർണ്ണ പറഞ്ഞു.
അന്നേരം അമ്മച്ചി ഒരു വലിയ കുപ്പി ഗ്ളാസിൽ പേരക്ക ജ്യൂസ് കൊണ്ടുവന്നു. “നി ആ ബാഗ് താഴെ വച്ചിട്ട് അവിടെ ഇരിക്ക്.” അമ്മച്ചി കുഷൻ ചെയറുകൾ കിടക്കുന്ന ഭാഗത്തേക്ക് കണ്ണുകൾ കൊണ്ട് കാണിച്ചു.
ഞാൻ എന്റെ ബാഗ് താഴെ വച്ചിട്ട് ചെയറിൽ ഇരുന്നതും അമ്മച്ചി ആ ജ്യൂസടങ്ങിയ ഗ്ളാസ് എന്റെ കൈയിലേക്ക് തന്നു.
“അത് ഒട്ടും കലപ്പടമില്ലാത്ത ജ്യൂസാണ് കൊച്ചനെ,” സോഫയിൽ ഇരിക്കുന്ന ആ അപ്പച്ചൻ എന്നോട് പറഞ്ഞു. “ഇവിടത്തെ പേര മരത്തിൽ നിന്നും പറിച്ച് ഉണ്ടാക്കിയതാണ്, കുടിക്ക്. നല്ല സ്വാദായിരിക്കും.”
അപ്പോ ഞാൻ ടേസ്റ്റ് ചെയ്തു നോക്കിയിട്ട് അപ്പച്ചനെ നോക്കി കണ്ണുകൾ വിടര്‍ത്തി പുഞ്ചിരിച്ചു. “ശെരിയാണ് അപ്പച്ച, നല്ല ടേസ്റ്റാണ്.” ഞാൻ കുറച്ച് കുറച്ചായി കുടിച്ചു.
“മോളെ, ജിനു ജ്യൂസ് കുടിക്കട്ടെ. മോള് മുകളില്‍ പോയി തെറാപ്പി ടേബിൾ കവറൊക്കെ മാറ്റി വച്ചിട്ട് മോള് റെഡിയായിക്കൊ.” അന്നേരം സുബാഷ് സർ സ്വർണ്ണയോട് പറഞ്ഞു.
“ശെരിയച്ചാ.” അവളുടെ അച്ഛനോട് പറഞ്ഞിട്ട് അവളെന്നെ നോക്കി. “ഈ ബാഗ് ഞാൻ മുകളില്‍ കൊണ്ട് വയ്ക്കാം.”
“യേയ് വേണ്ട, വെറുതെ ബുദ്ധിമുട്ടണ്ട, ഞാൻ കൊണ്ടുവരാം.” അവളോട് ഞാൻ പറഞ്ഞെങ്കിലും അത് കേള്‍ക്കാതെ സ്വർണ്ണ എന്റെ ട്രോളി ബാഗ് തൂക്കി പിടിച്ചു. “നല്ല വെയിറ്റുണ്ടല്ലോ..?” പറഞ്ഞിട്ട് അവള്‍ ബാഗുമായി അകത്തേക്ക് പോയി.
“ഞാൻ പോയി കുറച്ച് നേരം മയങ്ങട്ടെ.” അന്നേരം അപ്പച്ചൻ സോഫയിൽ നിന്നും എഴുനേറ്റു കൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു, “ഒരുമണി കഴിഞ്ഞുള്ള ഉച്ചക്കയുറക്കം പതിവാണ്, വയസായില്ലേ, ഉച്ചക്ക് രണ്ട് രണ്ടര മണിക്കൂര്‍ ഉറങ്ങിയില്ലെങ്കിൽ ഒരു ഉന്മേഷം കിട്ടില്ല.” അതും പറഞ്ഞ് അപ്പച്ചനും അകത്തേക്ക് പോയി.
അന്നേരം ജ്യൂസ് കുടിച്ചു കഴിഞ്ഞ് എഴുനേറ്റപ്പൊ അമ്മച്ചി എന്റെ കൈയിൽ നിന്നും ഗ്ളാസ് വാങ്ങി. “ശെരി, നി പോയി സ്വര്‍ണ്ണ കൊച്ചിന്റെ തെറാപ്പി കാര്യം നോക്ക്. ഞാൻ ഇവിടെ താഴെ ടിവിയൂം കണ്ട് ഇവിടെതന്നെ ഉണ്ടാവും. നിനക്ക് എന്തെങ്കിലും വേണമെങ്കിൽ താഴെ വന്ന് എന്നോട് പറഞ്ഞാൽ മതി.” അത്രയും പറഞ്ഞിട്ട് അമ്മച്ചിയും അകത്ത് കേറി പോകാനായി മെല്ലെ തിരിഞ്ഞു.
“ശെരി, ജിനു പോയി തെറാപ്പി ചെയ്തോളൂ. ഞാൻ പുറത്ത് പോകുകയാണ്. നമ്മുടെ ഹരേ കൃഷ്ണ ക്ഷേത്രത്തിന്റെ ഭാരവാഹികളും, മറ്റു പ്രധാന അംഗങ്ങളും ചേര്‍ന്ന് ഒരു ചെറിയ ഉത്സവവും, അതിന്റെ ഭാഗമായി ചില മത്സരങ്ങളും നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഞാനും പ്രധാന അംഗങ്ങളിൽ ഒരാളാണ്. കുറച്ച് കഴിഞ്ഞ് നടക്കാനിരിക്കുന്ന മീറ്റിംഗിൽ പങ്കെടുക്കാൻ വേണ്ടിയാണ് ഞാൻ പോകുന്നത്. തിരികെ എപ്പോ വരാൻ കഴിയുമെന്ന് അറിയില്ല, ഞാൻ നേരത്തെ വരികയാണെങ്കില്‍ നമുക്ക് വീണ്ടും കാണാം. ഇല്ലെങ്കില്‍ പിന്നെ എപ്പോഴെങ്കിലും നമുക്ക് മീറ്റ് ചെയ്യാം.”
