“എന്റെ ധ്വനി..,” ഞാൻ സീരിയസ്സായി അവളെ ഒന്ന് നോക്കി ശേഷം വീണ്ടും റോഡില്‍ ഉണ്ടായിരുന്ന ചെറിയ ട്രാഫിക്കിലൂടെ സൂക്ഷിച്ച് ഓടിച്ചു. “ഞാൻ പറഞ്ഞ ജോലി കേൾക്കാൻ നല്ല ഈസിയാണ്. പക്ഷേ ചെയ്യുമ്പോ നിനക്ക് മനസ്സിലായിക്കോളും.”
“അത്രയ്ക്ക് ബുദ്ധിമുട്ടുള്ള ജോലിയാണെന്ന് എനിക്ക് തോന്നുന്നി—”
“വെറുതെ കേൾക്കുമ്പോ നിനക്ക് തോന്നില്ല. പക്ഷേ ചെയ്യുമ്പോ മനസ്സിലാവും. എന്തായാലും നീ ജോലി തുടങ്ങി ഒരാഴ്ച കഴിയുമ്പോ നമുക്ക് ഇതിനെക്കുറിച്ച് വീണ്ടും സംസാരിക്കാം. അപ്പോഴും നിനക്ക് ഇതേ അഭിപ്രായം തന്നെയാണെങ്കിൽ നീ പറയുന്ന അത്രയും ഞാൻ കുറയ്ക്കാം. ഓക്കെയാണോ..?”
അപ്പോ അവള്‍ പുറത്തെ കാഴ്ചകൾ നോക്കി കൊണ്ട് കുറച്ചുനേരം ആലോചിച്ചു. എന്നിട്ട് എന്നെ നോക്കി. “ഓക്കെ, ഞാൻ സമ്മതിച്ചു.” അവൾ ആശ്വാസത്തോടെ പറഞ്ഞു.
“ശെരി, നിന്റെ പേരില്‍ അക്കൗണ്ട് ഇല്ലെന്നല്ലേ മുമ്പ് നീ പറഞ്ഞത്. അതുകൊണ്ട് നാളെ തന്നെ നീ അമ്മേയും കൂട്ടി ബാങ്കിൽ പോയി പുതിയ അക്കൗ—”
“അക്കൗണ്ടൊക്കെ എടുത്ത് കഴിഞ്ഞു, ജിനു.”
“ഏഹ്.. എപ്പോ..?” ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു.
“ഇന്ന് രാവിലെ.”
“ഓ…!”
“രാവിലെ 8 മണിക്ക് പപ്പ എന്നെ കൂട്ടിക്കൊണ്ടു പോയത് ആദ്യം ഷോ റൂമിലേക്കായിരുന്നു.”
“പപ്പ ജോലി ചെയുന്ന ബാങ്കിനടുത്തുള്ള ആ ഷോ റൂമായിരിക്കും, അല്ലേ..?”
“മ്മ്. അത് തന്നെ. പപ്പയ്ക്ക് നല്ല പരിചയമുള്ള ആളാണ് അതിന്റെ ഓണർ. അതുകൊണ്ട് പപ്പ വെളുപ്പിന് തന്നെ പുള്ളിക്ക് കോൾ ചെയ്തു പറഞ്ഞിരുന്നത് കൊണ്ട് 9:30 ന് തുറക്കാറുള്ള ഷോ റൂം 8 മണിക്കേ തുറന്നെന്നാ ആ പുള്ളി പറഞ്ഞെ. എനിക്ക് ഇഷ്ടപ്പെട്ട സ്ക്കൂട്ടി ഞാൻ സെലക്റ്റ് ചെയ്തതും, വളരെ വേഗത്തിൽ തന്നെ അവർ റെജിസ്റ്റേഷൻ പ്രോസസ്സ് തുടങ്ങി വച്ചു. പത്ത് മണിക്ക് എല്ലാം കഴിഞ്ഞിരുന്നു. നാല് ദിവസത്തിൽ നമ്പർ പ്ലേറ്റും ഇന്‍ഷൂറന്‍സും ബൂക്കുമൊക്കെ കിട്ടുമെന്നാ പറഞ്ഞത്.
“അതുകഴിഞ്ഞ്, തൊട്ടടുത്തു തന്നെ പപ്പ മാനേജറായി ജോലി ചെയുന്ന ബാങ്കിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയി. എന്നെ പപ്പയുടെ ഓഫീസിൽ തന്നെ ഇരുത്തി പപ്പ തന്നെ ഫോമൊക്കെ ഫില്‍ ചെയ്ത് എനിക്ക് അക്കൗണ്ട് ഓപ്പൺ ചെയ്ത് പാസ് ബുക്കും തന്നു. എന്നിട്ട് ആ പ്രൂഫ് ഉപയോഗിച്ച് തന്നെ പപ്പ എന്റെ ആധാറിലെ അഡ്രസ്സും ഇവിടത്തേക്ക് മാറ്റി. എല്ലാം കഴിഞ്ഞ് എനിക്ക് വീട്ടിലേക്കുള്ള വഴിയൊക്കെ കാണിച്ചു തരാനായി പപ്പ കാറിൽ വഴി നയിക്കുകയും ഞാൻ വഴിയൊക്കെ നോക്കി മനസ്സിലാക്കി കൊണ്ട് സ്കൂട്ടിയിൽ പുറകെ പോകുകയും ചെയ്തു. എന്നെ വീട്ടിലാക്കിയിട്ട് പപ്പ തിരികെ പോയി. ഒരാഴ്ചയിൽ എന്റെ എടിഎം കാർഡ് കിട്ടുമെന്നും പപ്പ പറഞ്ഞായിരുന്നു.”
“വൗവ്, പപ്പ എല്ലാത്തിലും ഭയങ്കര ഫാസ്റ്റാണല്ലോ..!!” ഞാൻ ചിരിച്ചു. എതായാലും അതൊക്കെ ഉടനെ ചെയ്തത് നന്നായി. ശെരി, നിന്റെ അക്കൗണ്ട് ഡീറ്റെയിൽസ് എനിക്ക് വാട്സാപ്പ് ചെയ്തേക്ക്.”
“മ്മ്, ഇപ്പൊ കൈയിലില്ല, വീട്ടില്‍ പോയിട്ട് ഞാൻ ചെയ്യാം.” അവൾ അത്രയും പറഞ്ഞിട്ട് എന്നോട് ആകാംഷയോടെ ചോദിച്ചു, “അപ്പോ എന്ന് തൊട്ട് എന്റെ ജോലി ഞാൻ തുടങ്ങണം..?”
“ഇന്ന് ബുധനാഴ്ചയല്ലേ. വരുന്ന തിങ്കള്‍, ചൊവ്വാ, ബുധന്‍, എന്നീ ദിവസങ്ങളില്‍ നിനക്ക് എക്സാമുമുണ്ട്. ആദ്യം നിന്റെ എക്സാം കഴി—”
“ജിനു എന്റെ എക്സാം വിചാരിച്ച് നീ ടെൻഷനാവണ്ട. BPT പഠിച്ചു കൊണ്ടിരുന്നപ്പോ ഓരോ വര്‍ഷവും 95% മാർക്കോടേയാണ് മൂന്ന് വര്‍ഷവും ഞാൻ പാസായത്. എല്ലാം ഞാൻ ഇപ്പൊ പഠിച്ചത് പോലെ അതൊക്കെ ഒരു വള്ളി പുള്ളി തെറ്റാതെ എന്റെ മനസ്സിൽ പതിഞ്ഞു കിടക്കുന്നുമുണ്ട്. കൂടാതെ നീ അയച്ചുതന്ന ആ സ്റ്റഡി മെറോഹ്റിയസ് ഓക്കെ രാത്രി തന്നെ ഞാൻ വെറുതെ ഓടിച്ചിട്ട് നോക്കിയായിരുന്നു, എല്ലാം എനിക്ക് അറിയാവുന്നത് തന്നെയാണ്. ഇനി ഇതിൽ കൂടുതൽ പ്രിപ്പെയർ ഒന്നും എനിക്ക് ചെയ്യാൻ കഴിയില്ല.” നല്ല ആത്മവിശ്വാസത്തോടെ അവള്‍ പറഞ്ഞു.
