മസാജ് തെറാപ്പിസ്റ്റ് – 6 11

 

അത് കേട്ട് എന്റെ പപ്പയും അമ്മയും ജെസ്സിയും ഞെട്ടലോടെ എന്റെ മുഖത്തേക്ക് നോക്കി. പക്ഷേ ഞാൻ ഒന്നും മിണ്ടാതെ സങ്കടം മറച്ച് വെറുതെ പുഞ്ചിരിച്ചു.

 

“ധ്വനി മോളെ, നിന്നെ ഞാൻ എന്റെ ജെസ്സി മോളെ പോലെതന്നെ നോക്കിക്കോളാം. ഈ നിമിഷം മുതൽ ഞാൻ നിനക്ക് പപ്പയും, ഷൈനി നിനക്ക് അമ്മയും ആയിരിക്കും.” എന്റെ ജീവിതത്തിൽ ആദ്യമായിട്ട് എന്റെ പപ്പയുടെ തൊണ്ട ഇടറിയത് ഞാൻ കണ്ടു. കണ്ണുകൾ പോലും ഈറനണിഞ്ഞു വന്നു.

 

ഉടനെ ധ്വനി പപ്പയുടെ രണ്ട് തോളിലും പിടിച്ചു കൊണ്ട്‌ പപ്പയുടെ മാറില്‍ നെറ്റി ചേര്‍ത്തുവച്ച് കരഞ്ഞു. അപ്പൊ പപ്പ ഒന്ന് ശങ്കിച്ചു നിന്നെങ്കിലും ആ ശങ്ക മാറ്റി എപ്പോഴും ജെസ്സിയെ ചേര്‍ത്ത് പിടിക്കാറുള്ളത് പോലെ പപ്പ ധ്വനിയെ സ്നേഹത്തോടെ ചേര്‍ത്തു പിടിച്ചു.

 

എന്നോട് ഇല്ലെങ്കിലും, ജെസ്സി മോളോട് പപ്പ കൊഞ്ചി സംസാരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് അപൂര്‍വമായി മാത്രം തരാറുള്ള പുഞ്ചിരി ജെസ്സിക്ക് സ്ഥിരമായി കൊടുക്കാറുണ്ട്. എന്നോട് പുറമെ കാണിക്കാത്ത സ്നേഹം പോലും ജെസ്സിയോട് ഓപ്പണായി തന്നെ പ്രദര്‍ശിപ്പിക്കാറുമുണ്ട്. എന്നെ ഒരിക്കൽ പോലും പപ്പ ചേര്‍ത്ത് പിടിച്ചിട്ടില്ല. ചുംബനം തന്നിട്ടില്ല. പക്ഷേ എന്നിട്ടും ജെസ്സിക്ക് അതൊക്കെ കിട്ടുന്നതിൽ എനിക്ക് അസൂയ ഒന്നും തോന്നിയിട്ടില്ല, കാരണം എന്റെ പപ്പയ്ക്ക് എന്നോട് സ്നേഹമുണ്ടെന്ന് നല്ലപോലെ എനിക്ക് അറിയാമായിരുന്നു. എന്നോട് നേരിട്ട് കാണിക്കില്ലെന്നേയുള്ളു. ഞാനും തിരിച്ച് പപ്പയോട് അങ്ങനെയായത് കൊണ്ട്‌ എനിക്ക് പരാതിയുമില്ല.

 

ജെസ്സിക്ക് കിട്ടാറുള്ള അതേ സ്നേഹവും പരിഗണനയും എല്ലാം പപ്പ ധ്വനിക്കും ഓപ്പണായി കൊടുക്കുന്നത് കണ്ടപ്പോ എന്റെ മനസ്സ് നിറയുകയാണ് ചെയ്തത്. ധ്വനി ഇപ്പൊ സുരക്ഷിതമായ കൈകളിൽ ആണെന്ന് ഉറപ്പായി. ഇനി അവളെ വിചാരിച്ച് ഒരു പേടിയും എനിക്കില്ല. അവള്‍ക്ക് ഇഷ്ടപ്പെടുന്ന അവളുടെ കുടുംബമായി തന്നെ അവരൊക്കെ മാറാൻ പോകുന്നു.

 

അന്നേരം ജെസ്സി എന്റെ അടുത്തേക്ക് വന്ന് എന്റെ ഇടുപ്പിൽ കൈകൾ ചുറ്റി കെട്ടിപിടിച്ചു നിന്നു. ഞാൻ അവളുടെ തോളിൽ കൈ ചുറ്റി അവളെ ചേര്‍ത്തു പിടിച്ചു.

 

“അച്ചാച്ചനോട് മാത്രം എന്തുകൊണ്ടാ പപ്പ സ്നേഹം പുറത്ത്‌ കാണിക്കാതിരിക്കുന്നേ..?” ജെസ്സി ശബ്ദം താഴ്ത്തി ഞങ്ങളുടെ പപ്പ ധ്വനിയോട് കാണിക്കുന്ന സ്നേഹം കണ്ടുകൊണ്ട് വിഷമത്തോടെ എന്നോട് ചോദിച്ചു.

 

“ഓഹ്, അതൊന്നും നീ കാര്യമാക്കേണ്ട. ഭൂരിപക്ഷ ആണുങ്ങളും അങ്ങനെയാണ് മോളെ. പാപ്പയുടെ സ്ഥാനത്ത് ഞാനും അങ്ങനെതന്നെയാകുമായിരുന്നു എന്നാണ്‌ എന്റെ മനസ്സ് പറയുന്നത്.”

 

“ഹും, നിങ്ങൾ ആണുങ്ങള്‍ മരമണ്ടന്‍മാരാണ്…, ഒരു സംശയവുമില്ല.” ജെസ്സി ഗൗരവത്തിൽ പറഞ്ഞിട്ട് തലയാട്ടി.

 

അതുകേട്ട് എനിക്ക് ചിരിയടക്കാൻ കഴിയാതെ കുറച്ചുനേരം ഞാൻ ചിരിച്ചു.

 

അപ്പോ അമ്മ ചോദ്യ ഭാവത്തിൽ എന്നെ നോക്കി.

 

“ജെസ്സി മോള് പറയുകയാ പപ്പ മരമണ്ടന്‍ ആണെന്ന്.”

 

“അച്ചാച്ചാ…..!!” പെട്ടന്ന് എന്നെ തള്ളിവിട്ടിട്ട് ജെസ്സി നിലത്ത് ചവിട്ടി മെതിച്ച് കൊണ്ട്‌ അലറി. “അങ്ങനെയാണോ ഞാൻ പറഞ്ഞത്..?”

 

അന്നേരം അമ്മയും പപ്പയും, പിന്നെ ധ്വനി പോലും പൊട്ടിച്ചിരിച്ചു. അതുകണ്ട് ഞാനും ചിരിച്ചപ്പോ ജെസ്സി പിന്നെയും എന്റെ ഇടുപ്പിൽ കെട്ടിപിടിച്ചു കൊണ്ട്‌ അവളും ചിരിച്ചു. ഒടുവില്‍ അന്തരീക്ഷത്തിൽ തളംകെട്ടി നിന്നിരുന്ന ടെൻഷൻ മാറി സന്തോഷം പടർന്നു.

 

“എന്നാൽ പിന്നെ ഞാൻ പോകുവാ.” ജെസ്സിയുടെ തലയിൽ മുത്തം കൊടുത്തിട്ട് ഞാൻ എന്റെ അമ്മയും പപ്പയേയും നോക്കി. ധ്വനിക്ക് കണ്ണ് ചിമ്മി കാണിക്കുകയും ചെയ്തു.

 

“ടാ മോനെ—” അമ്മ തുടങ്ങി. പപ്പയും എന്തോ പറയാനായി വായ തുറന്നു. ജെസ്സി ചിണുങ്ങിക്കൊണ്ട് എന്നെ മുറുകെ പിടിച്ചുകൊണ്ട് എന്നെ നോക്കി. ധ്വനിയും പപ്പയെ വിട്ടിട്ട് തിരിഞ്ഞു നിന്നു, പക്ഷേ പപ്പയോട് ചേര്‍ന്ന് തന്നെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *