ഒടുവില്‍, 7:55 ന്, ഞങ്ങൾ എന്റെ വീട്ടിലെത്തുകയും ചെയ്തു. വണ്ടി കൊണ്ട് നിര്‍ത്തിയതിന് തൊട്ട് പിന്നാലെ ജെസ്സിയും അവളുടെ ഹോണ്ടയിൽ എത്തിച്ചേർന്നു.
“അച്ചാച്ചാ, ഔഷധങ്ങളും മറ്റും വേര്‍തിരിച്ച് ലാബൽ ചെയ്യാനായി അച്ചാച്ചൻ രാത്രി ഒറ്റക്ക് കഷ്ടപ്പെടണ്ട, ഞങ്ങൾക്ക് പറഞ്ഞു തന്നാൽ മതി ഞങ്ങളും സഹായിക്കാം.” വന്നിറങ്ങിയ പാടെ ജെസ്സി ഞങ്ങളുടെ അടുത്തേക്ക് വന്ന് എന്നോട് പറഞ്ഞു.
“ശെരിയാണ് ജിനു, ഞങ്ങളും സഹായിക്കാം. അങ്ങനെ ചെയ്യുമ്പോ എനിക്ക് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാന്‍ കഴിയും. ജോലിയും വേഗം തീരും. കുറച്ച് മണിക്കൂറെങ്കിലും നിനക്ക് ഉറങ്ങാനുള്ള സമയവും കിട്ടുമല്ലോ.” ധ്വനിയും പറഞ്ഞു.
അത് നല്ലതാണെന്ന് എനിക്കും തോന്നി. കുറച്ചുനേരമെങ്കിലും ഉറങ്ങാൻ കഴിയുമെങ്കിൽ എനിക്കും നല്ലതാണ്.
“ഓക്കെ.” ഞാൻ ഉടനെ സമ്മതിച്ചു.
“പിന്നേ അച്ചാച്ചാ, നമ്മൾ ഡെല്‍ഹിയിൽ പോയിട്ട് വന്നതിന് ശേഷം ഞാനും ധ്വനി ചേച്ചിയുടെ കൂടെ ചേര്‍ന്ന് ജോലി ചെയ്തോട്ടെ, എന്തെങ്കിലും ചെറിയ സാലറി മാത്രം മതി. പിന്നെ ചേച്ചിക്ക് ഒരു കൂട്ടുമാകുമല്ലോ..?”
“ശെരിക്കും നിനക്ക് താൽപര്യമുണ്ടോ ജെസ്സി മോളെ..?” ഞാൻ ചോദിച്ചു.
“ഉണ്ട് അച്ചാച്ചാ.” അവൾ ഉത്സാഹത്തോടെ പറഞ്ഞു.
“അങ്ങനെയാണെങ്കില്‍ കാര്യമായ ജോലി തന്നെ നിങ്ങൾ രണ്ടുപേര്‍ക്കും ഞാൻ തരാം. നിങ്ങൾ തന്നെ പരസ്പരം ആലോചിച്ച് ജോലിയൊക്കെ ഷെയർ ചെയ്താൽ മതി. ധ്വനിക്ക് കൊടുക്കുന്ന അതേ സാലറി നിനക്കും ഞാൻ തരാം.”
“ഹയ്യ്….” ജെസ്സി തുള്ളിച്ചാടി. എന്നിട്ട് എനിക്ക് കവിളിൽ ഉമ്മ തന്നു. “ഇനി മുതൽ ഞാനും ധ്വനി ചേച്ചിയെ പോലെ പരമാവധി ആരെയും ആശ്രയിക്കാതെ ജീവിക്കാൻ ശ്രമിക്കും. പക്ഷേ വലിയ കാശിന്റെ ആവശ്യം വരുമ്പോ, എനിക്ക് പറ്റിയില്ലെങ്കില്‍ മാത്രം, അച്ചാച്ചൻ എന്നെ സഹായിച്ചാൽ മതി. എന്റെ ചെറിയ കാര്യങ്ങളൊക്കെ ഞാൻ സ്വയം നോക്കിക്കോളാം.” ഉത്സാഹത്തോടെ അവൾ തുള്ളിച്ചാടി.
എല്ലാം നല്ലതിന് തന്നെ. ഇവർ രണ്ടുപേര്‍ക്കും അത്യാവശ്യം ചില കാര്യങ്ങൾ പഠിപ്പിച്ച് കൊടുത്താൽ, ഞാൻ നാട്ടില്‍ ഇല്ലാത്തപ്പൊ ഇവിടത്തെ ചില കാര്യങ്ങളെങ്കിലും ഇവർ മാനേജ് ചെയ്തോളും.
“ശെരി, സമ്മതിച്ചു.” അവളുടെ തലയില്‍ കൈ അമർത്തി ഒന്ന് കുലുക്കി വിട്ടു. അപ്പൊ ജെസ്സി ചിരിച്ചു.
അങ്ങനെ, ഞാൻ ജെസ്സിയേയും ധ്വനിയേയും വീട്ടിലേ എന്റെ ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ മൂന്ന് തരം സ്റ്റോറേജിലേക്കും കൂട്ടിക്കൊണ്ടു പോയി ഓരോന്നായി അവര്‍ക്ക് മാനേജ് ചെയ്യാൻ കഴിയുമെന്ന് ഞാൻ വിശ്വസിച്ച കാര്യങ്ങൾ മാത്രം കാണിച്ചു കൊടുക്കുകയും; പിന്നെ അതിന്റെ ഗുണങ്ങളും, എന്തിന് ഉപയോഗിക്കണം, എങ്ങനെ ഉപയോഗിക്കണം, എന്നൊക്കെ പറഞ്ഞു കൊടുക്കാനും തുടങ്ങി.
ഓരോ സ്റ്റോറേജിലും വ്യത്യസ്ത താപനിലയാണ് മെയിൻറ്റെയിൻ ചെയ്യേണ്ടത്. അതിനായി ചൂടും തണുപ്പും ഉല്‍പ്പാദിപ്പിക്കാൻ ശേഷിയുള്ള മൂന്ന് ഡ്യൂവൽ ടൈപ്പ് എസിയാണ് മൂന്ന് സ്റ്റോറേജിലും ഞാൻ സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു. പിന്നെ വൈദ്യുതി എപ്പോഴും മെയിൻറ്റെയിൻ ചെയ്യാനായി ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന ജനറേറ്റർ റൂമും അണ്ടർ ഗ്രൗണ്ടില്‍ സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു. അതിനെ കുറിച്ചെല്ലാം ഞാൻ വിശദമായി തന്നെ അവര്‍ക്ക് പറഞ്ഞു കൊടുത്തു.
അതുകഴിഞ്ഞ് പുറത്തുള്ള ഗ്രീന്‍ ഹൗസും അവര്‍ക്ക് ഞാൻ കാണിച്ച് കൊടുത്തിട്ട് അതിനെ പരിപാലിക്കാൻ വേണ്ട ബേസിക് വിവരങ്ങളും വിവരിച്ചു. ഒടുവില്‍ എന്റെ കൺസൾട്ടിങ് റൂമിലും, പിന്നെ വീട്ടിലുള്ള ലാബിലും അവരെ കൊണ്ടുപോയി വെറുതെ അതൊക്കെ കാണിച്ചു കൊടുത്തു.
അവസാനം, ഞാൻ അവരെയും കൂട്ടി അണ്ടർ ഗ്രൗണ്ടിലുള്ള എന്റെ സീക്രട്ട് സ്റ്റഡി റൂമിൽ പോയി. വലിയ റൂമായിരുന്നു. വലുതെന്ന് പറഞ്ഞാൽ, ഏകദേശം ഇരുപത് ആനകള്‍ക്ക് സുഖമായി നിൽക്കാൻ കഴിയുന്നത്ര വലിയ റൂം.
