“എടാ കള്ള ചെറുക്കാ, കള്ള ജിനു മോനെ, ഞങ്ങൾ നിന്നെ അവസാനമായി കണ്ടത് ഇവിടത്തെ കല്യാണത്തിനാണ്. കല്യാണത്തിന് ശേഷം ഇടക്ക് നീ ഇങ്ങോട്ട് വരുമെന്നാ ഞങ്ങൾ വിചാരിച്ചത്, പക്ഷേ നിന്നെ ഇങ്ങോട്ട് കണ്ടതേയില്ല. ശെരിക്കും നീ ഞങ്ങളെ മറന്നുപോയി, അല്ലേടാ..? നിന്റെ സ്നേഹവും അത്രേയുള്ളൂ, അല്ലേ..!!” എന്റെ മനസ്സിൽ കൊള്ളുന്നത് പോലെയാണ് ആന്റി സംസാരിച്ചത്.
“അയ്യോ ആന്റി, അങ്ങനെ ഒന്നും പറയല്ലേ. ഞാൻ മറന്നത് കൊണ്ടല്ല, സത്യം. ജോലി, യാത്ര.. അങ്ങനെ തിരക്കിലായി പോയി. എന്റെ തിരക്ക് ആന്റിക്കും അറിയാമല്ലോ. എന്നിട്ടും എന്തിനാ കുറ്റം പറയുന്നത്..!”
“ഞാൻ അങ്ങനെതന്നെ കുറ്റം പറയും.” ആന്റി ദേഷ്യപ്പെട്ടു. “എത്ര തിരക്കാണെങ്കിലും കുറച്ചെങ്കിലും സമയം കണ്ടെത്തണം. ഈയിടെയായി നിന്റെ സ്വന്തം വീട്ടില്‍ പോകാൻ പോലും നിനക്ക് സമയം കിട്ടുന്നില്ല അല്ലെ, നിന്റെ അമ്മയും ജെസ്സിയും എന്നോട് എല്ലാം പറയാറുണ്ട്.” ആന്റി മുഖം കറുപ്പിച്ച് പറഞ്ഞു.
ഞാൻ പെട്ടന്ന് വല്ലാണ്ടായി പോയി. ആന്റി പറഞ്ഞത് സത്യം തന്നെയാണ്. എന്റെ തെറ്റ് തന്നെയാണ്.
“അമ്മ പറഞ്ഞത് ശെരിയാണ് ചേട്ടാ,” ഷീന പെട്ടന്ന് എന്റെ കൈ വിട്ടിട്ട് എന്റെ മുന്നില്‍ വന്ന് എനിക്ക് അഭിമുഖമായി നിന്നിട്ട് അവളുടെ അമ്മായിയമ്മയെ സപ്പോര്‍ട്ട് ചെയ്ത് സംസാരിച്ചു.
അപ്പോ ഞാൻ അവളെ മിഴിച്ചു നോക്കി നിന്നു.
“ലോകം മുഴുവനും ബിസിനസ്സ് തുടങ്ങി വച്ചിട്ട് അതിന്റെ പുറകില്‍ മാത്രം പോയാൽ മതിയോ…?” അവൾ ദേഷ്യത്തില്‍ ചോദിച്ചു. “ബിസിനസ്സ് കാര്യങ്ങൾ മാത്രം കൃത്യമായി നടത്തിയാല്‍ മതിയോ..? അമ്മയെ കാണാന്‍ സമയമില്ല, പെങ്ങന്മാരെ കാണാന്‍ സമയമില്ല, സ്വന്തങ്ങളേയും മറ്റുള്ള ബന്ധങ്ങളേയും കാണാന്‍ സമയമില്ല…, അപ്പൊ സ്നേഹബന്ധത്തിന് എന്തു വിലയാണുള്ളത്..? അത്ര വിലയെ ചേട്ടൻ ഞങ്ങൾക്കൊക്കെ തരുന്നുള്ളോ.!?” അവൾ എന്റെ മുഖത്തടിച്ചത് പോലെ ചോദിച്ചു.
ഞാൻ ശെരിക്കും വല്ലാണ്ടായിപ്പോയി. ചെരുപ്പൂരി എന്റെ ചെകിട്ടത്തടിച്ച പോലെ ഞാൻ തറച്ചു നില്‍ക്കുകയാണ് ചെയ്തത്.
ധ്വനി ഒന്നും മിണ്ടാതെ ഇവിടെ നടക്കുന്നത് മുഴുവനും വിഷമത്തോടെ നോക്കി നിന്നു. എന്റെ ആ നില്‍പ്പ് കണ്ടിട്ട് ആന്റിക്ക് പോലും അലിവുതോന്നി പോയി.
“ശെരി, ശെരി. കഴിഞ്ഞത് കഴിഞ്ഞു.” ഒടുവില്‍ ആന്റി എന്നോട് കനിഞ്ഞു. “എല്ലാവരും വാ, ഫുഡ്ഡൊക്കെ തീന്‍ മേശയിൽ എടുത്ത് വച്ചിട്ടുണ്ട്. ആദ്യം നമുക്ക് കഴിക്കാം, അതുകഴിഞ്ഞ് ജിനു മോന്‍ എന്റെ ഈ പ്രശ്നങ്ങൾ നോക്കിയാൽ മതി.” അത്രയും പറഞ്ഞിട്ട് ആന്റി ധ്വനിയുടെ തോളിൽ കൈയിട്ട് ധ്വനിയെ ഒപ്പം നടത്തി കൊണ്ടുപോയി. അവളോട് ആന്റി എന്തൊക്കെയോ സംസാരിക്കുന്നുമുണ്ടായിരുന്നു. അവളും എന്തൊക്കെയോ മറുപടി പറഞ്ഞുകൊണ്ട് ആന്റിക്കൊപ്പം നടന്നു.
അലനും അവന്റെ അമ്മയുടെ പിന്നാലെ പോകാനായി തിരിഞ്ഞു.
“സോറി ചേട്ടാ, സങ്കടം കൊണ്ടാണ് അത്രയും ഞാൻ പറഞ്ഞത്. പക്ഷേ ഇനിയും ഇതുപോലെ കാണിച്ചാൽ ഇതിലും കൂടുതൽ ഞാൻ ചേട്ടനോട് പറയും.” ഷീന അത്രയും പറഞ്ഞിട്ട് എന്റെ മുന്നില്‍ നിന്നും എന്റെ സൈഡിലേക്ക് വന്നു.
ഷീന എന്റെ കൈ എടുത്ത് അവളുടെ തോളിൽ ഇട്ടിട്ട് അവളുടെ ഒരു കൈ കൊണ്ട് എന്റെ ഇടുപ്പിൽ ചുറ്റിപ്പിടിച്ചു. “വാ ചേട്ടാ, അകത്ത് പോകാം.”
“എടി മോളെ, നീ എന്റെ അനിയത്തി തന്നെയാണ്. അതേ പഴയ സ്നേഹം തന്നെയാണ് എനിക്ക് ഇപ്പോഴും നിന്നോടുള്ളത്, ഇനി എപ്പോഴും ഉണ്ടാവുകയും ചെയ്യും. പക്ഷേ നിന്റെ കല്യാണം കഴിഞ്ഞു. ഞാൻ നിന്റെ തോളത്ത് കൈയിടുന്നതും, എന്നെ നി കെട്ടിപ്പിടിക്കുന്നതും, ഉമ്മ തരുന്നതും, എന്നോട് നി കൂടുതൽ സ്നേഹം കാണിക്കുന്നതും, എന്നോട് നി കാണിക്കുന്ന കുട്ടിത്തവും ഒക്കെ അലന് ഇഷ്ട്ടപ്പെട്ടെന്ന് വരില്ല.” ഞാൻ അവളുടെ തോളിൽ നിന്നും കൈ മാറ്റാൻ ശ്രമിച്ചു കൊണ്ട് ശബ്ദം താഴ്ത്തി അവൾ മാത്രം കേള്‍ക്കെ പറഞ്ഞു.
