“വീണതാ..” ഷീന എന്നോട് പറഞ്ഞു.
“കാലിന് മാത്രമാണോ ആന്റി വേദന..?” വീണ്ടും ഞാൻ ആന്റിയെ സൂക്ഷ്മമായി കണ്ണുകൾ കൊണ്ട് പരിശോധിച്ചു.
“ഇടുപ്പിനും വേദന കാണണം. പിന്നെ ഇടത് തോളിലും.” ഞാൻ പറഞ്ഞു. “അതുപോലെ ഇടത് വാരിയെല്ല് ഭാഗത്തും വേദനയുണ്ടാവണം. തുട മസിലും പുരണ്ടു പോയിട്ടുണ്ട്, ശെരിയല്ലേ..?” നിരീക്ഷണത്തോടൊപ്പം തന്നെ അതത് ഭാഗങ്ങളിൽ നോക്കി ഓരോന്നായി പറഞ്ഞു കഴിഞ്ഞിട്ട് ഞാൻ ഒടുവില്‍ ആന്റിയുടെ മുക്കത്തേക്ക് നോക്കി.
ആന്റി ശെരിക്കും അന്തംവിട്ട് നില്‍ക്കുന്നതാണ് കണ്ടത്. അതുപോലെ അലനും ഷീനയും അന്തംവിട്ട് എന്നെ നോക്കി നില്‍ക്കുന്നതും ഞാൻ കണ്ടു. ധ്വനി പോലും വിടര്‍ന്ന കണ്ണുകളോടെ എന്നേയും ആന്റിയേയും മാറിമാറി നോക്കുകയായിരുന്നു.
“മാതാവേ..!!” ഒടുവില്‍ അലൻ ആശ്ചര്യം മാറാതെ തന്നെ അവന്റെ ഭാര്യയെ ഒന്ന് നോക്കി. എന്നിട്ട് അവന്റെ അമ്മയെ പഠിക്കുന്നത് പോലേയും അവന്‍ നോക്കി നിന്നു. പക്ഷേ ഒന്നും മനസ്സിലാക്കാൻ കഴിയാത്തത് പോലെ അവന്‍ തലയാട്ടി കൊണ്ട് വീണ്ടും എന്നെ നോക്കി. “ജിനുവേട്ടാ, മമ്മി ഞൊണ്ടി നടക്കുന്നത് കണ്ടാല്‍ കാലിന് പ്രശ്നമുണ്ടെന്ന് ആര്‍ക്കും മനസ്സിലാവും. പക്ഷേ ബാക്കിയുള്ള കാര്യങ്ങൾ എങ്ങനെയാ ചേട്ടന് മനസിലായത്..?”
“ഹാ, ഇച്ചായാ, എന്റെ ചേട്ടനെ എന്തെന്നാ വിചാരിച്ചത്..? ഇങ്ങനെയുള്ള പല കാര്യങ്ങളും ചേട്ടൻ വെറുതെ നോക്കി കറക്റ്റായി തന്നെ പണ്ടേ പറയുമായിരുന്നു. അതൊക്കെ കണ്ടു കണ്ട് എനിക്കിപ്പോ ആശ്ചര്യം പോലും തോന്നാറില്ല.” ഷീന അഭിമാനത്തോടെ എന്റെ കൈയിലെ പിടിത്തം മുറുക്കി.
“എടി മോളെ, കൂടുതൽ പൊക്കല്ലേ, ഞാൻ വീഴുവേ.” ചിരിച്ചുകൊണ്ട് അവളുടെ നെറ്റിയിൽ എന്റെ വിരൽ കൊണ്ട് പതിയെ ഒരു കുത്ത് കൊടുത്തു. എന്നിട്ട് അലനേ നോക്കി ഞാൻ പറഞ്ഞു, “ഞാൻ ഒരു വൈദ്യനല്ലേ അലാ, ചില ലക്ഷണങ്ങളൊക്കെ കാണുമ്പോ തന്നെ എനിക്ക് മനസ്സിലാവും.”
“എന്നാലും…!”
“എന്റെ ഇച്ചായാ,” ഷീന എളിയിൽ കൈ കൊടുത്തുകൊണ്ട് അവളുടെ ഭർത്താവിനെ നോക്കി. “ജിനു ചേട്ടൻ കുട്ടിക്കാലം തൊട്ടേ പലതും പഠിക്കാൻ തുടങ്ങിയതാണ്. അതൊക്കെ നിങ്ങള്‍ക്കും അറിയില്ലേ..? പണ്ട് വീട്ടിലെ കുഞ്ഞ് ലാബില്‍ നടത്തുന്ന ഓരോ പരീക്ഷണങ്ങള്‍ കാണുമ്പോ വലിയ സയന്റിസ്റ്റ് ആണെന്ന് പോലും എനിക്കും ജെസ്സിക്കും തോന്നിയിട്ടുണ്ട്. ചേട്ടന്റെ ഈ കഴിവുകൾ പെട്ടന്ന് മുളച്ച് വന്നതല്ല, വര്‍ഷങ്ങളായി പഠിച്ചും പരീക്ഷിച്ചും നേടിയ കഴിവുകളാണ് ഇതൊക്കെ.”
“ഓക്കെ, ഓക്കെ, ചൂടാവല്ലെ ഷീനേ. ഞാനും സമ്മതിച്ചു. അതൊക്കെ എനിക്കും അറിയാം. പക്ഷേ ഞാൻ നിന്നെപ്പോലെ അതൊക്കെ നേരിട്ട് കണ്ടിട്ടില്ലല്ലോ..! ഇപ്പൊ ആദ്യമായിട്ട് ഇങ്ങനെ ഒരു അനുഭവം ഉണ്ടാവുമ്പോ ആശ്ചര്യം തോന്നില്ലേ..?”
“മതി, അതൊക്കെ രണ്ടുപേരും വിട്ടുകള.” ഞാൻ ആ നവദമ്പതികളോട് പറഞ്ഞിട്ട് ആന്റിയെ നോക്കി.
“ആന്റി എവിടെയാ വീണത്, എങ്ങനെയാ വീണത്..?” ഞാൻ ചോദിച്ചു.
“ആ കഥ ഞാൻ പറയാം ജിനുവേട്ടാ.” പെട്ടന്ന് അലൻ ചാടിക്കേറി ചിരിച്ചുകൊണ്ട് പറഞ്ഞു. “മമ്മി വീണിട്ട് ഇന്നേക്ക് 6 ദിവസമായി. കിച്ചനിൽ വച്ചാണ് മമ്മി വീണത്. പുതിയ എണ്ണ കവറിനെ പൊട്ടിക്കാനായി ആരെങ്കിലും കവറിന്റെ നടുക്ക് പിടിക്കുമോ ചേട്ടാ..? പക്ഷേ മമ്മി പിടിച്ചു, അതും മൈക്ക് പിടിക്കുന്നത് പോലെ..! എന്നിട്ട് കത്രിക ഉപയോഗിച്ച് അതിന്റെ ഒരു മൂലയില്‍ വെട്ടി. അപ്പൊ കവറിൽ നിന്നും എണ്ണ പുറത്തേക്ക് തെറിച്ച് മമ്മീടെ കൈയിലും തറയിലുമൊക്കെയായി. അപ്പൊ മമ്മീടെ കൈ സ്ലിപ്പായി കവറും എണ്ണയും താഴെ പോയി. പക്ഷേ ആ എണ്ണയടങ്ങിയ കവർ നിലത്ത് വീഴുന്നതിന് മുന്നേ മമ്മി അതിനെ പിടിക്കാൻ നോക്കിയതാണ് ഈ പ്രശ്നങ്ങള്‍ക്കൊക്കെ കാരണമായത്.”
“അതെങ്ങനെ കാരണമായി..?” ധ്വനി അവനോട് ചോദിച്ചു.
“ധ്വനി ചേച്ചി,” അലൻ ചിരിയടക്കാൻ ശ്രമിക്കുന്നത് പോലെ അവന്‍ കൈ കൊണ്ട് അവന്റെ ചുണ്ടും വായും അമർത്തി തുടച്ചു. “ആ പൊട്ടിച്ച എണ്ണയും കവറും നിലത്ത് വീഴാതെ പിടിക്കാനായി മമ്മി ശ്രമിച്ചപ്പോ അതിനെ പിടിക്കാനുള്ള ഗ്രിപ്പ് കിട്ടാതെ മമ്മിയുടെ കൈയിൽ നിന്നും വഴുതി വഴുതി തെറിച്ച് പോകുകയായിരുന്നു. അതോടൊപ്പം കവറില്‍ ഉണ്ടായിരുന്ന എണ്ണ മുഴുവനും പുറത്തേക്ക് തെറിച്ച് അടുക്കള മുഴുവനുമായി കൊണ്ടിരുന്നു. എന്നിട്ടും മതിയാക്കാതെ മമ്മി ഭരതനാട്യവും ഡിസ്കോയും ഒരുമിച്ച് കളിക്കും പോലെ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ചാടിച്ചാടി പകുതി എണ്ണയും പുറത്തേക്ക് പോയ ആ കവറിനെ പിടിക്കാൻ ശ്രമിച്ചു. അപ്പോഴേക്കും മമ്മിയും എണ്ണയിൽ കുളിച്ച് കഴിഞ്ഞിരുന്നു. ഒടുവില്‍ ആ എണ്ണയും കവറും താഴെ വീഴുന്നതിന് മുമ്പ് തന്നെ മമ്മി സ്ലിപ്പായി സൈഡും കുത്തി വീണു.” പറഞ്ഞിട്ട് ചിരി അടക്കാൻ ശ്രമിക്കുന്നത് പോലെ അവന്‍ ഒന്ന് ചുമച്ചു.
