മഴനീർതുള്ളികൾ – 7 1അടിപൊളി  

സ്വർഗം ആയിരുന്നു സ്നേഹം കൊണ്ടും സമാധാനം കൊണ്ടും….രണ്ടമ്മമാരും ഇരട്ടയെപ്പോലൊരു കൂടപ്പിറപ്പും പിന്നൊരു കുഞ്ഞു പെങ്ങളും….

ഒക്കെയും പക്ഷേ തിരിച്ചറിവിന്റെ തുടക്കം വരെ മാത്രം….

രാത്രികളിലെ അമ്മയുടെ തോരാത്ത കണ്ണീരിന് കാരണമെന്തെന്ന് ഓർത്ത് ഉഴറിതുടങ്ങിയ കാലം….

ചില അർധരാത്രികളിൽ കയ്യിൽ വാക്കത്തിയോ വെട്ടരിവാളോ കയ്യിലോങ്ങി വാതിലിൽ കേൾക്കുന്ന മുട്ടുകൾക്ക് നേരെ ആക്രോശിക്കുന്ന ലളിതമ്മയെ ഉറക്കം ഞെട്ടിയുണരുമ്പോൾ കണ്ടു തുടങ്ങിയതെന്നാണ്….കൃത്യമായി ഓർമയില്ല….

ദാരിദ്ര്യം അതിന്റെ മൂർത്തീഭാവം വിട്ടൊഴിഞ്ഞ നേരത്തെപ്പോഴോ നരച്ച നിറം പിടിപ്പിക്കാത്ത അലങ്കാരം തെല്ലുമില്ലാത്ത വസ്ത്രങ്ങളിൽ അമ്മയൊളിപ്പിക്കാൻ ശ്രമിച്ചിട്ടും വെളിവായി തുടങ്ങിയ യൗവനം നാട്ടിലേ പകലമാന്യന്മാരുടെ ഉറക്കം കെടുത്തിയ സമയത്തെപ്പോളോ ആയിരുന്നെന്നു ഇപ്പോൾ മനസ്സിലാകുന്നുണ്ട്….

ഒറ്റയ്ക്ക് ജീവിക്കുന്ന പെണ്ണൊരുത്തിയുടെ വികാരങ്ങളോട് നാട്ടുകാർക്ക് തോന്നിയ സഹായ മനസ്കത…പേടിച്ചു പതുങ്ങിയിരുന്നു കരയുന്ന അമ്മയെ പ്രതീക്ഷിച്ചു വന്നവർക്ക് മുന്നിലേക്ക് കയ്യിൽ വെട്ടരിവാളും ഓങ്ങി ചെല്ലുന്ന ലളിതമ്മ…..

ആകെയുള്ള കട്ടിലിൽ  ചിന്നുവിനെ നടുക്ക് കിടത്തി അപ്പുറവും ഇപ്പുറവും കിടക്കുന്ന താനും അരുണും…

നിലത്ത് പായിൽ അമ്മയും ലളിതമ്മയും….അവിടേ കുടിച്ചു മറിഞ്ഞുകിടക്കുന്ന ഭർത്താവ് ഉള്ളതുകൊണ്ട് തങ്ങളെ അങ്ങോട് വിളിക്കാതെ ഇങ്ങോട് വന്നു കൂട്ടുകിടക്കുന്നതാണ്….

ലളിതമ്മയുടെ പിറുപിറുക്കുമ്പോലുള്ള ഉപദേശങ്ങൾ…അമ്മയുടെ എങ്ങലടികൾ…അവസാനം പുള്ളിക്കാരി രണ്ട് ഒച്ചയിടുമ്പോൾ അമ്മ നിർത്തും….ഇതായിരുന്നു പതിവ് കലാപരിപാടി…

ഇതിനിടയ്ക്ക് ഉറങ്ങിപോകുന്ന തങ്ങൾ മൂന്നെണ്ണവും…

ഒരു രാത്രി പാവം പിടിച്ചൊരു പെണ്ണിനെ ജീവിക്കാൻ അനുവദിക്കാത്ത നായിന്റെ മക്കളെന്ന ലളിതമ്മേടെ അലർച്ച കേട്ടു ഞെട്ടിയുണരുമ്പോൾ അമ്മ നിലത്തിരുന്നു കരയുന്നുണ്ട്…ലളിതമ്മ വാതിൽ തുറന്നാരോടോ കലഹിക്കുന്നുണ്ട്….

പൊടുന്നനെ അമ്മ എണീറ്റ് ഓടുന്നത് കണ്ടു….ഒന്നുമറിയാതെ ഉറങ്ങികിടക്കുന്ന ചിന്നുവിനെ ഉണർത്താതെ പിറകെ ചെന്നു അന്ന് പത്തുവയസുകാരായിരുന്ന താനും അരുണും…..

അയ്യോ ഒന്നും ചെയ്യല്ലേ ചേച്ചീ ഹരീടച്ഛനാണെന്ന് ലളിതമ്മയുടെ കയ്യിൽ കടന്നു പിടിച്ച് അമ്മ കരഞ്ഞുപറയുന്നത്…..പിന്നവർ തമ്മിലുണ്ടായ സംഭാഷണം പ്രോസസ്സ് ചെയ്തെടുക്കാൻ അന്നത്തെ ബോധം വച്ചു തനിക്കു സാധിച്ചില്ല……

അച്ഛനെവിടെയെന്ന് ചോദിച്ചപ്പോളൊക്കെ ദൂരെയെവിടെയോ ആണെന്ന് ഒഴുക്കൻ മട്ടിൽ പറയും അമ്മ….പിന്നെ നാട്ടുകാർ പറഞ്ഞു കേട്ടിരുന്നു ഉപേക്ഷിച്ചു പോയതാണെന്ന്…അതുകൊണ്ട് തന്നെ  അമ്മയോട് അധികമൊന്നും ചോദിച്ചിട്ടില്ല…..

പക്ഷേ മുന്നിൽ നിൽക്കുന്നയാള്…..അയാൾ വന്നിറങ്ങിയ വല്യ കാറ്….സിനിമ നടനെ പോലെയുള്ള രൂപം…..അച്ഛനെന്നു മാത്രം അംഗീകരിക്കാൻ ആയില്ല…

അയാളുടെ സ്നേഹത്തോടെയുള്ള നോട്ടം അസ്വസ്ഥതയാനുള്ളവാക്കിയത്…

അമ്മയെ കൊണ്ടുപോകാൻ വന്നതാണോ എന്ന പേടി മാത്രമായിരുന്നു…..

അത്രയേ ചിന്തിച്ചെടുക്കാൻ അന്ന്  കഴിഞ്ഞുള്ളു…..

പേടിച്ചുപേടിച്ചൊരു രാത്രി തുള്ളി പനിച്ചു തനിക്ക്….

പനികൂടി ബോധം മറഞ്ഞിട്ട് രാത്രിയിൽ തന്നെയും എടുത്ത് ഓടുമ്പോൾ വാവിട്ടു കരയുകയായിരുന്നു അമ്മയെന്ന് അരുൺ പറഞ്ഞോരറിവുണ്ട്….അയാൾ ചീത്തയാണെന്നോ അമ്മ പോവല്ലെന്നോ ഒക്കെ താൻ പുലമ്പുന്നുണ്ടായിരുന്നെന്നും……

അതിന് ശേഷം ഇടയ്ക്കൊക്കെ വഴിയിലും മറ്റും ദൂരെ നിൽക്കുന്നയാളെ കണ്ടിട്ടുണ്ട്….ഒരിക്കലും തനിക്കടുത്തേക്ക് വരുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല മുഖം തിരിച്ചു കടന്നുപോകുന്ന താൻ അതിന് അനുവദിച്ചിട്ടില്ലെന്നതാണ് സത്യം….

അമ്മയെ തന്നിൽ നിന്നും പറിച്ചുമാറ്റാൻ വന്നൊരാൾ അതായിരുന്നു തനിക്ക് അയാളെന്ന് പിന്നീട് ചിന്തിക്കുമ്പോൾ തോന്നിയിട്ടുണ്ട്….അതുകൊണ്ട് തന്നെ വെറുപ്പേ കാണിച്ചിട്ടുള്ളു….

Leave a Reply

Your email address will not be published. Required fields are marked *