മഴനീർതുള്ളികൾ – 7 1അടിപൊളി  

വിതുമ്പിപോയതും മായ വാ പൊത്തി പിടിച്ചു  …..അനുവാദത്തിന് കാക്കാതെ ഇനി തനിക്ക് അർഹതയുണ്ടോയെന്ന് ചിന്തിക്കാതെ നന്ദനവളെ കൈത്തുടയിൽ പിടിച്ചു വലിച്ചു തന്നോട് ചേർത്തു……

മുട്ടുകുത്തി നിൽക്കുന്നയാളുടെ  ദേഹത്തേക്ക് വീണ് മായ നിലവിട്ടു പൊട്ടിക്കരഞ്ഞു….

ഇക്കാലമത്രയും അയാളിൽ പെയ്തുതൊരാതെ കടം കിടന്നതെല്ലാം ഇറക്കി വെക്കുംപോലെ അയാളെ ഇറുക്കെ ഇറുക്കെ കെട്ടിപിടിച്ചു മായ കരഞ്ഞു…..

കലങ്ങിയൊഴുകട്ടെ….അവളൊന്ന് തെളിയട്ടെയെന്ന് നന്ദനും ആഗ്രഹിച്ചിരുന്നു…..

ഏറെനേരം കഴിഞ്ഞതും അവൾ മുഖം ഉയർത്തി….

തള്ളിപ്പിടച്ചെണീക്കാൻ ആഞ്ഞതും അവളെയും കൊണ്ട് നന്ദൻ ആ വെറും നിലത്തേക്ക് ഇരുന്നു…..വാരിയടുക്കി തന്നെ പിടിച്ചു……

“നോവൊക്കെ ഇറക്കി വെച്ചോ…..” വാത്സല്യത്തോടെയാവളുടെ കരഞ്ഞു ചുവന്നു ചാമ്പക്ക പോലെയായ മുഖത്തേക്ക് നോക്കി നന്ദൻ….കണ്ണീരിലും വിയർപ്പിലും ഒട്ടി മുഖത്തോട് പറ്റിച്ചേർന്ന മുടിയിഴകൾ ഒതുക്കിവച്ചു……തന്റെ കൈക്കുള്ളിൽ തന്നെത്തന്നെ ഉറ്റുനോക്കി കിടക്കുന്നവൾക്കിന്നും പതിനേഴു തന്നെയെന്ന് തോന്നിപോയി നന്ദന്…..അതേ നിഷ്കളങ്കഭാവം……

“തെറ്റ് ചെയ്തത് നമ്മളായിരുന്നെങ്കിലും

നരകിച്ചു ജീവിച്ചതെന്റെ കുഞ്ഞാ…..അവൻ അനുവദിക്കാതെ അംഗീകരിക്കാതെ ഞാനൊന്നും ചെയ്യില്ല…..ഇനിയൊരു ജീവിതവും ഉണ്ടാകില്ല അവന് തൃപ്തിയില്ലാതെ…..”

“നമ്മളെന്ത് തെറ്റ് ചെയ്തെന്നാ…..ഞാൻ കെട്ടിയ താലിയും ഇട്ടെന്റെ പെണ്ണ് എനിക്കൊപ്പം കിടന്നിട്ടുണ്ടേൽ എന്റെ കുഞ്ഞിനെ വയറ്റില് ചുമന്നിട്ടുണ്ടേൽ അതെവിടെയാണ് തെറ്റാകുന്നത് മായേ…..”

മറുപടി ഒന്നും വന്നില്ല…..

“അഴിച്ചു മാറ്റേണ്ടി വന്നല്ലേ അത്…..” നോവോടെ അതിലധികം കുറ്റബോധത്തോടെ നന്ദൻ ചോദിച്ചു…..

“അവിടത്തെ അമ്മ…..പൊട്ടിച്ചുകളഞ്ഞു…….” ഏങ്ങിക്കരഞ്ഞു കൊണ്ട് മായ നന്ദന്റെ നെഞ്ചിൽ കുഴഞ്ഞുകിടന്നു…..

നന്ദനൊന്നും മിണ്ടിയില്ല പകരം നെറുകിൽ മുത്തിവിട്ടു….ചുംബനത്തിന്റെ തണുപ്പും കണ്ണീരിന്റെ ചൂടും ഒരുപോലവളുടെ നെറുകിൽ പടർന്നു…..

ഏറെനേരം…….

“നന്ദേട്ടാ……”

വരിഞ്ഞുമുറുക്കിപ്പോയി നന്ദനവളെ…….കാലങ്ങൾക് ശേഷം കേൾക്കുന്നത്…..കണ്ണു വീണ്ടും എരിഞ്ഞു തുടങ്ങി…….

മൂളാൻ പോലും അശക്തനായിപോയി…..

“എന്തുറപ്പിലാ ഇനിയുമിങ്ങനെ എനിക്കു വേണ്ടി……”

പൂർത്തിയാക്കും മുമ്പേ നന്ദന്റെ വിരലുകൾ ചുണ്ടിനെ പൊതിഞ്ഞു…..കണ്ണുയർത്തിനോക്കിയവളോട് അരുതെന്ന് വിലങ്ങനെ തലയാട്ടി……

“ഇന്നീ ദിവസം മരിക്കേണ്ടി വന്നാലും ചിരിച്ചുകൊണ്ട് ഞാൻ പോകും…..നീ തന്ന ഓർമകളുണ്ട് അത്‌ മാത്രം മതിയെനിക്ക്…..”

മായയുടേത്  നന്ദന്റെ ചുണ്ടിനെയും പൊതിഞ്ഞു അരുതെന്നവളും തലയാട്ടി…..

പക്ഷെ ഇരുവരുമാ  കണ്ണുകളിലേക്ക് നോക്കിയിരിക്കെ എന്തോ ഒരു മാറ്റം പോലെ…..

കൈ ഊർത്തി  വലിച്ചതും തട്ടി മലച്ചുവിടർന്നുപോയ കീഴ്ചുണ്ടിലേക്ക് നോട്ടം പാളിവീണു……

നന്ദന്റെ കടുംകാപ്പി നിറമുള്ള കൃഷ്ണമണികൾ മോഹത്താൽ തിളങ്ങുന്നത് മായ കണ്ടു…..

നന്ദനാ ചുണ്ടുകളിലും കണ്ണിലും മാറിമാറിനോക്കികൊണ്ട് മുഖമല്പം കുനിച്ചതും

“ചായ….ചായ വേണ്ടേ…..”

മായ തള്ളിമാറ്റി നീങ്ങിയിരുന്നു…..

അതിലും വേഗത്തിൽ നന്ദൻ ആ കയ്യിൽ പിടിച്ചു തന്നിലേക്ക് അടുപ്പിച്ചിരുന്നു….ആ മുഖം ഒരു കൈകൊണ്ട് കോരിയെടുത്തു ചുണ്ടുകളിലേക്ക് വീണ്ടും ചായാനൊരുങ്ങുമ്പോഴാണ് ഹരിയുടെ ബൈക്കിന്റെ ശബ്ദം കേൾക്കുന്നത്……

പഴയൊരു fz ബൈക്ക് ആണ് അത്രയധികം ശബ്ദം ഒന്നുമില്ല പക്ഷേ മായയ്ക്കത് ഏതുറക്കത്തിലും തിരിച്ചറിയാൻ സാധിക്കും…..

ഞെട്ടി വിറച്ച് വെപ്രാളത്തിൽ എഴുന്നേറ്റു ഹാളിലേക്ക് നീങ്ങി മായ….

“ഹരി….ഹരിയാ….എണീറ്റ് വന്നേ…..” നന്ദനോട് പറഞ്ഞിട്ട് നൈറ്റി കൈകൊണ്ടോന്ന് ഒതുക്കി മുൻവശത്തേക്ക് ചെന്നു……

“അമ്മാ…..” വിളിച്ചുകൊണ്ട് വന്നു ചെരിപ്പഴിച്ചു നടക്കല്ലിലേക്ക് കയറിയവൻ അമ്മയുടെ നേരെ നോക്കിയതും പുരികം ചുളിഞ്ഞു…..

ഉലഞ്ഞ മുടിയും വാകപ്പൂ പോലെ തുടുത്തു ചുവന്ന മുഖവും ആയി അമ്മ….ആകെ വിയർത്തത് പോലെ….

Leave a Reply

Your email address will not be published. Required fields are marked *