മഴനീർതുള്ളികൾ – 7 1അടിപൊളി  

കയ്യിലെ സോപ്പ് പത വടിച്ചു തുണിക്ക് മേലെ തന്നെ വീഴിച്ചിട്ട് ബക്കറ്റിലെ നല്ല വെള്ളത്തിൽ വലതുകയ്യൊന്ന് മുക്കി നൈറ്റിയിൽ തുടച്ചിട്ട് ബഡ്സിൽ ടാപ്പ് ചെയ്തു പിന്നെയും പ്ലേ ആക്കി മായ…….

ഓഹ് ഹൈടെക് ഹൈടെക്…..ചിരിയോടെ നന്ദൻ പിന്നെയും പോസ് ചെയ്യാൻ ഒരുങ്ങിയതും ആരുടെയോ കാൽപെരുമാറ്റം കേട്ടു കൂട്ടത്തിൽ മായേ എന്നുള്ളൊരു വിളിയും…..

വെട്ടിത്തിരിഞ്ഞു അടുക്കള വഴി ഹാളിലേക്ക് നടന്നു….

അയല്പക്കത്തെ ശാന്തേച്ചിയാണ്….. ഒരു ഗ്ലാസിൽ മുൻപ് കടം വാങ്ങികൊണ്ടുപോയ കുരുമുളകുമായി വരുന്നത്…

“വിരുന്നുകാരുണ്ടല്ലോ മായേ…..മരുമോൾടെ വീട്ടീന്നാണോ….” അവർ പറഞ്ഞുകൊണ്ട് ഗ്ലാസ്‌ അവളുടെ കയ്യിലേക്ക് കൊടുത്തു….

മായ അവരെ സംശയത്തിൽ നോക്കി….

“അന്നമ്മുവിന്റെ വീട്ടീന്ന് ആരോ വന്നില്ലേ…അതെ വണ്ടി പുറത്ത് കിടപ്പുണ്ടല്ലോ….നീ അറിഞ്ഞില്ലേ….”

നന്ദൻ……അല്ലാതെ മറ്റാര്…….

തിടുക്കത്തിൽ ബക്കറ്റിലെ വെള്ളത്തിൽ കൈ മുക്കി കഴുകി ബാക്കിയുള്ളത് കാലിലേക്കും ഒഴിച്ച് എടുത്ത് കുത്തിയിരുന്ന നൈറ്റിയഴിച്ചു മായ അകത്തേക്ക് പോകാനൊരുങ്ങി……

“ഈ കോലത്തിലാണോ ചെല്ലുന്നേ നീയ്….അവരൊക്കെ വല്യേ ആൾക്കാരല്ലേ…ഒരു നല്ല നൈറ്റിയെടുത്തിട്ട് ചെന്നെ…”

മായ മറുത്തു പറയാൻ നിൽക്കാതെ അഴയിൽ കിടന്നൊരു ഉണങ്ങിയ നൈറ്റിയെടുത്ത് ബാത്‌റൂമിൽ കയറി അത്‌ മാറിയിറങ്ങി…..അഴിഞ്ഞു തൂവികിടന്ന മുടി ഒന്നൊതുക്കി ശാന്തേച്ചിയുടെ കയ്യിൽ നിന്നും കുരുമുളകും വാങ്ങി അകത്തേക്ക്

നടന്നു…..

ഒരു പതർച്ചയോടെ സിറ്റൗട്ടിലേക്ക് ചെന്നതും മുറ്റത്ത് ദാ ഇപ്പൊ വന്നതേയുള്ളെന്ന മട്ടിൽ നിൽപ്പുണ്ട് നന്ദൻ…..

ഒരു കടും നീല ഷർട്ടും വെള്ളമുണ്ടും….നെറ്റിയിൽ എന്നത്തേയും പോലെയൊരു കളഭക്കുറിയും….

തേജസ്സുള്ള മുഖം….മായ നന്ദന്റെ മായാവലയത്തിലാണ്…മിഴി ചിമ്മാതെ…..

സൗമ്യമായി നന്ദൻ ഒന്ന് പുഞ്ചിരിച്ചു….

“നന്ദൻ കുഞ്ഞിപ്പോൾ വന്നതേയുള്ളോ…..” ശാന്തേച്ചിയുടെ  അതിവിനയം….പഴയയാ ഫ്യൂഡൽ കാലഘട്ടം അല്ലിതെന്ന് പറയാൻ തോന്നി മായയ്ക്ക്….

അതേയെന്ന മട്ടിൽ തലയാട്ടി ചിരിച്ചു നന്ദൻ…

മായ എന്ത് വേണം എന്നറിയാതെ നിൽക്കുവാണ്….

ശാന്തേച്ചി അവിടെ നിൽക്കുന്നതുകൊണ്ട് തള്ളാനും വയ്യാ കൊള്ളാനും വയ്യാത്ത അവസ്ഥ ആണ്….

നിവർത്തിയില്ലാതെ കയറിയിരിക്കാൻ പറഞ്ഞു….ശാന്തേച്ചിയെ ഒന്ന് നോക്കി നന്ദൻ സിറ്റൗട്ടിലേക്ക് കയറി അവിടെയിട്ടിരുന്ന കസേരകളിലൊന്നിൽ ഇരുന്നു…..

മായ അകത്തേക്ക് കയറിയതും  എന്നാ ഞാനിറങ്ങുവാണെന്നും പറഞ്ഞ് ശാന്തെച്ചിയും മുറ്റം കടന്നു….

അടുക്കളയിൽ നൈറ്റിയുടെ മുകളിലേക്ക് എടുത്തിട്ട തോർത്തിന്റെ നൂലും കടിച്ചു വലിച്ച് നിൽക്കുവാണ് മായ….

എന്തിന് വന്നത് ആവോ….ഹരിയും ഇവിടില്ല ലളിതേച്ചിയുടെ അവിടെയും ആരുമില്ല….ഇപ്പോൾ നാട്ടുകാര് കാണെ ഇറക്കിവിടാനും പറ്റില്ല…..ബന്ധുക്കാരൻ കൂടെയല്ലേ….

“മായേ……” അകത്തേക്ക് കയറിപോയിട്ട് ഏറെ നേരമായിട്ടും അനക്കം ഒന്നും കാണാഞ്ഞിട്ട് നന്ദൻ വിളിച്ചു…..

“ഓ….ദാ വരുന്ന്…….” ചിന്തയിലാണ്ട് നിന്ന മായ അറിയാതെ മറുപടി കൊടുത്തുപോയതാണ്…..അടുത്ത നിമിഷം നാക്ക് കടിച്ചു…..തലയ്ക്കിട്ടൊരു കൊട്ട് കോട്ടി…

നന്ദന്റെ മുഖത്തെ ചിരിക്ക് നൂറ്‌ നിലാവിന്റെ മാറ്റ്……

എഴുന്നേറ്റ് അകത്തേക്ക് കയറി….

“എനിക്കൊരു ചായ കിട്ടുമോ…..” കഴുത്തിലെ കരിമണിമാലയിൽ വിരൽ ചുറ്റി അടുക്കളജനലിലൂടെ പുറത്തേക്ക് നോക്കി നിന്ന മായ ഞെട്ടി തിരിഞ്ഞുനോക്കുമ്പോൾ ഹാളിൽ നിന്നും അടുക്കളയിലേക്കിറങ്ങുന്ന വാതിലിന്റെ കട്ടിളപ്പടിയിൽ ചാരി നിൽപ്പുണ്ട് നന്ദൻ…..

“വീട്ടുകാരിയെ പുറത്തേക്ക് കണ്ടില്ല അതുകൊണ്ട് വന്നു നോക്കിയതാണ്…..” പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് ഇറങ്ങി…..മായ അതേപോലെ  രണ്ട് സ്റ്റെപ് പിന്നാക്കം വച്ചു…..

“എന്നോടിത്ര മാത്രം വെറുപ്പെന്തിനാടി…..പറ്റിപ്പോയൊരു തെറ്റിന് എന്റെ ജീവിതം കൊണ്ടു ഞാൻ മാപ്പ് ചോദിച്ചില്ലേ…..പരിഹാരം ചെയ്യാൻ തയ്യാറായില്ലേ….പിന്നെയും എന്തിനാ….” നന്ദൻ നിസ്സഹായനായി ചോദിച്ചുപോയി…..

Leave a Reply

Your email address will not be published. Required fields are marked *