ആ മോഹക്കൂട്ടിലേക്ക് മേലെപ്പാട്ടെ മാണിക്യം തന്നെ വന്നു കയറുമെന്ന് ചിന്തയിൽ പോലും കടന്നുവന്നിട്ടില്ല….ഉറ്റകൂട്ടുകാരിയുടെ കുഞ്ഞായിട്ട് പോലും ഒന്ന് കാണാൻ ശ്രമിച്ചിട്ടില്ല…പക്ഷെയൊരു ദിവസം അവൻ ആ നിധിയും കൊണ്ട് വന്നുകയറിയപ്പോൾ സങ്കടവും സന്തോഷവും ഒരുമിച്ചായിരുന്നു….ഇങ്ങനെയൊരിടത്തേക്കായിരുന്നോ അവളെ കൊണ്ടുവരേണ്ടിയിരുന്നത് അതും അവർ പ്രണയത്തിൽ പോലും അല്ലാതെ….ആ വീട് അവൾക്കൊരു തടവറയോ നരകമോ ആകാതിരിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട് താൻ….പിന്നീടവർ സ്നേഹിച്ചു തുടങ്ങിയപ്പോൾ ഇരട്ടിമധുരം ആയിരുന്നു…സ്വപ്നങ്ങൾക്ക് നൂറു നൂറു പുതുവർണ്ണങ്ങൾ ആയിരുന്നു…അവരൊരുമിച്ചൊരു ജീവിതം ഒന്നും തുടങ്ങിയില്ലെന്ന് അറിയാം…അതുകൊണ്ട് തന്നെ അമ്മുവിനോട് പറയാൻ ഇരുന്നതാ പുതിയ വീട്ടിലേക്ക് മാറുന്നതിനു മുന്നേ കണ്ണന്റെ നടയിൽ വച്ച് ഒരു താലികെട്ടി തരാൻ ഹരിയോട് പറയണമെന്ന്….
മതിലകത്തെ അത്ര സൗകര്യം ഒന്നും ഇല്ലെങ്കിലും ആ വീട്ടിലേക്ക് മഹാറാണിയെപ്പോലെ അവൻ കൈപിടിച്ചു കയറ്റണം എന്നായിരുന്നു….
മകന്റെ താലികെട്ട് കാണണമെന്ന ആഗ്രഹം മാത്രം ആയിരുന്നോ എന്ന് ചോദിച്ചാൽ……അറിയില്ല ഇപ്പോൾ അതിനുള്ളിൽ എവിടെയോ ഹരി അമ്മുവിന്റെ കൈ പിടിക്കുന്നത് അയാൾ കാണണമെന്ന വാശി കൂടെ കലർന്നിട്ടുണ്ടെന്ന തോന്നൽ….
നന്ദനോടുള്ള വാശിക്ക് തന്റെ കുഞ്ഞുങ്ങളുടെ നല്ല നിമിഷം കളഞ്ഞു കുളിക്കുകയാണോ താൻ എന്ന തോന്നൽ ചെന്നു കിടന്നപ്പോൾ തൊട്ട് തുടങ്ങിയതാണ്…എന്തായാലും ഹരി എണീറ്റ് വരട്ടേ ഒന്നുകൂടെ സംസാരിക്കണം…
ചിന്തിച്ചുറപ്പിച്ചു മായ ചായപാത്രം സ്റ്റോവിലേക്ക് വച്ചു…
അന്ന് വൈകുന്നേരം തൊഴിലുറപ്പ് കഴിഞ്ഞു വരുമ്പോൾ ഹരി വീട്ടിൽ ഇല്ല…കരിയില വീണു കിടന്ന മുറ്റം അടിച്ചുവാരി കുളി കഴിഞ്ഞു വന്നപ്പോളേക്ക് ചിന്നു എത്തി…കൂടെ വെയിലുകൊണ്ട് വാടികുത്തി വന്നുകയറുന്നവൾ ഇന്നുമുതൽ ഇല്ലെന്നറിയാമായിരുന്നിട്ടും വെറുതേ ചിന്നുവിന്റെ പിന്നിൽ വേലിക്കലേക്ക് നോട്ടം പോയി….
ഒട്ടുനേരം മാറിനിന്ന സങ്കടം പലിശയടക്കം കുന്നുകൂടി…
എന്നത്തേയുംപോലെ
ചായക്ക് മൂന്ന് ഗ്ലാസ് പാല് അളന്ന് ഒഴിച്ചപ്പോളാണ് മൂന്നിലൊന്ന് വേറെ കൂട്ടിലാണല്ലോ എന്ന ഓർമ്മ വരുന്നത്….
പണിക്കു കൊണ്ടുപോകുന്ന ഹരീടെ പഴയ കോളേജ് ബാഗിനുള്ളിൽ നിന്നും ഫോൺ തപ്പിയെടുത്തു നോക്കുമ്പോൾ അമ്മുവിന്റെ മിസ്സ്ഡ് കോൾ ഉണ്ട്…
കുളിക്കാൻ കയറിയപ്പോൾ വിളിച്ചതാകും ശബ്ദമൊന്നും കേട്ടിരുന്നില്ല….
“അമ്മാ……..” അപ്പുറത്ത് നിന്നും നീട്ടിയൊരു വിളിയായിരുന്നു….
മായ ചുണ്ട് കടിച്ചുപിടിച്ചു….വിതുമ്പിപോവാതിരിക്കാൻ….
ഒന്ന് മൂളി മാത്രം കൊടുത്തു…..
“ഒരൂസം കഴിഞ്ഞമ്മാ ഇനി പതിമൂന്നെണ്ണം കൂടെ….അതൂടെ കഴിഞ്ഞാൽ ഞാൻ ദാ അവിടേ എത്തിയിരിക്കും….ഇങ്ങനെ വിഷമിക്കല്ലെന്നേ……” അപ്പുറത്തെ മൗനത്തിനുത്തരം അമ്മു കണ്ടെത്തിയിരുന്നു….
“മ്മ്മ്…….” അങ്ങനെ അത്ര പെട്ടെന്ന് ഇവിടേക്ക് ഇനി നീ തിരിച്ചുവരില്ലല്ലോ കുഞ്ഞേയെന്ന് എങ്ങനെ പറയും ഇതിനോട്…..ഹരിയോടങ്ങനെ പറയേണ്ടിയിരുന്നില്ലെന്ന് തോന്നി മായക്ക്…..
“ദേ എനിക്കാണേൽ ഉറങ്ങാഞ്ഞിട്ടും പിന്നമ്മേടെ സ്പെഷ്യൽ ചായ കിട്ടാഞ്ഞിട്ടും തലയങ്ങ് വെട്ടിപൊളിക്കുവാ അപ്പൊ ഇങ്ങനെ മിണ്ടാണ്ട് പിണങ്ങി ഇരിക്കല്ലെന്നേ…….”
“മണി അഞ്ച് കഴിഞ്ഞല്ലോ ഇതുവരേം ഒന്നും കഴിച്ചില്ലേ അമ്മൂ……”കേട്ടപാതി വിഷമത്തിനൊക്കെ ബ്രേക്ക് കൊടുത്തിട്ട് മായ അമ്മ മോഡിലേക്ക് തിരിച്ചുകയറി….
“അവിടേ ഒറ്റയ്ക്കുള്ളോ നിങ്ങള്……പണിക്കൊന്നും ആരും ഇല്ലേ…..” വല്ലതും വച്ചുണ്ടാക്കുന്നുണ്ടോ അതോ പുറത്തുന്നാണോ കഴിപ്പ് എന്ന രീതിക്ക് ചോദിച്ചതാണ്….
“ഒരു അക്ക വരും അമ്മാ….എല്ലാം ഉണ്ടാക്കി വച്ചിട്ട് പോകും….പിന്നെ തൂക്കാനും തുടയ്ക്കാനും ഒക്കെ ആഴ്ച്ചേൽ മൂന്നുദിവസം ഒരു ചേച്ചിയും വരും…..”
“മ്മ്മ്…..”
“എനിക്ക് പക്ഷേ അമ്മേടെ ചായ പോലാവില്ല വേറെവിടെന്ന് ആണെങ്കിലും…..” കറങ്ങി കറങ്ങി എങ്ങോടോ ലക്ഷ്യം വയ്ക്കുന്നുണ്ട്…..
