സന്ധ്യ മയങ്ങിയതിനാൽ ഇരുട്ട് വീണു തുടങ്ങിയിട്ടുണ്ട്….
കാവിനുള്ളിലേക്ക് കയറിയപ്പോൾ കൂരിരുട്ടായപോലെ…..
സർപ്പകാവല്ല ഭാഗ്യം എന്നുള്ളിൽ ഓർത്തുകൊണ്ട് ഫ്ലാഷടുത്തു തെളിച്ച് കരിയില ആയത്തിൽ ചവിട്ടി ശബ്ദമുണ്ടാക്കി നടന്നു…വല്ല പാമ്പിനും കേറി ഞോണ്ടാൻ തോന്നിയാൽ ഈ പോക്ക് അവസാനത്തെ പോക്ക് ആകും….
കുറച്ച് ദൂരെയായിട്ട് തറവാട് കാണാം….അവിടവിടെയായി തെളിഞ്ഞുകിടക്കുന്ന ആന്റിക് ലാന്റേണിന്റെ മഞ്ഞ വെളിച്ചത്തിൽ അത്ര വ്യക്തമായെങ്കിലും കാണാം….
മാളികപ്പുരയുടെ കുറച്ച് മാറി രണ്ട് അസ്ഥിത്തറയിൽ വിളക്ക് തെളിഞ്ഞു കിടപ്പുണ്ട്
“തള്ള കുഴീലെങ്കിലും ആ മനുഷ്യന് സമാധാനം കൊടുത്താൽ മതിയായിരുന്നു…..”
പിറുപിറുത്തുകൊണ്ട് ഹരി കുളം ലക്ഷ്യമാക്കി നടന്നു…..
കാവിനുള്ളിലെ ഇരുട്ടിൽ നിന്നും പുറത്ത് കടന്നപ്പോൾ അവൻ ഫ്ലാഷ് ഓഫ് ചെയ്തിരുന്നു….
അമ്മുവിനെ ഒന്ന് വിളിച്ചുനോക്കി എന്തെടുക്കുവാണെന്ന മട്ടിൽ അവള് കുളത്തിൽ തന്നെ ഉണ്ടെന്ന് ഉറപ്പുവരുത്താൻ…..കൂടെ ആരെങ്കിലും ഉണ്ടോയെന്ന് അറിയാൻ…..
കുളത്തിലേക്കിറങ്ങുന്ന വാതിൽക്കൽ ആരെങ്കിലും കാണുന്നുണ്ടോയെന്ന് ചുറ്റും നോക്കിയിട്ട് ഹരി ഒന്ന് മുട്ടി….
അമ്മു സതിയക്ക ആണെന്ന് കരുതി സാഷയിട്ടിട്ടില്ല കയറിവരാൻ വിളിച്ചു പറയുന്നുണ്ട്…..
ഹരി വാതിൽ മലർക്കെ തുറന്നു….
താഴെ വെള്ളത്തിനോടടുത്ത പടവുകളിൽ ഒന്നിൽ ഒരു വെള്ളമുണ്ട് മാർക്കച്ച കെട്ടി മുട്ടിലേക്ക് മുഖം ചായ്ച് ഇരിക്കുന്ന അമ്മു….
അടുത്തായി കത്തിച്ചുവച്ചിരിക്കുന്ന തൂക്കുവിളക്കിന്റെ വെളിച്ചത്തിൽ അവളുടെ പിൻഭാഗം കാണാം…..
അവൻ മിണ്ടാതെ പടവുകളിറങ്ങി….
അവളുടെ പിന്നിൽ ചെന്നു തോളിൽ പിടിച്ചൊന്നു കുലുക്കിയതും അമ്മു ഞെട്ടി തിരിഞ്ഞുനോക്കി…..
”എന്റമ്മാ…….“
ഹരി നെഞ്ചിൽ കൈവച്ചു പിന്നോട്ട് ആഞ്ഞു പോയി…..
മുഖത്ത് എന്തൊക്കെയോ വാരിത്തേച്ച് കണ്ണും മിഴിച്ച് ഇരിക്കുന്നവൾ…..
അവനെക്കണ്ട ഷോക്കിൽ മിഴിഞ്ഞുപോയതാണ്…..
”നീയെന്താ ഹരീ ഇവിടെ…..“ അമ്മു അവൻ ചേർത്തടച്ച കുളപ്പുര വാതിലിലേക്കും അവന്റെ മുഖത്തേക്കും മാറിമാറി നോക്കി…..
”കാണാണ്ട് കിടന്ന് കയറുപൊട്ടിച്ചിട്ട് ഇപ്പൊ വന്നതിനായോ കുറ്റം…..“ ആദ്യത്തെ പകപ്പ് മാറിയ ഹരി ഒന്ന് ശ്വാസം വലിച്ചുവിട്ട് അവൾക്കു താഴെയുള്ള പടവിലേക്ക് ഇരുന്നു…..
”എന്നെക്കാണാൻ മാത്രം വന്നെയാ……“
കണ്ണിലും ചുണ്ടിലും മാത്രം ഒഴിച്ച് ബാക്കിയെല്ലാം കാപ്പിപൊടിനിറത്തിലുള്ള ഫേസ്പാക്കിട്ടിരിക്കുന്നവളുടെ ആശ്ചര്യ ഭാവത്തിലുള്ള ചോദ്യം കേട്ട് ഹരിക്ക് ചിരി വന്നു….
”അല്ല എന്റെ അമ്മായിയച്ഛൻ ഇവിടെ പെറ്റുകിടപ്പുണ്ടെന്ന് കേട്ടു അങ്ങേരെ കാണാൻ വന്നതാ…..“
പറഞ്ഞുകൊണ്ട് അവള് അടുത്തു കത്തിച്ചുവച്ചിരുന്ന തൂക്കുവിളക്കും മൺചിരാത്തും തിരി കേട്ടുപോകാതെ ഹരി നീക്കിവെച്ചു……എന്നിട്ടൊരു പൊടിക്കൂടെ അടുത്തേക്ക് നീങ്ങിയിരുന്നു….
“നിന്റെ മാമൻ മേനവന് ഒരു ബൾബിടാനുള്ള കാശില്ലെടി…..വിളക്കൊക്കെ കത്തിച്ച് വച്ചേക്കുന്ന്….”
“നീ അത് നോക്കാനാണോ എന്നെ കാണാനാണോ വന്നേ……”
ഒട്ടൊരു പരിഭവം ഉണ്ട് സ്വരത്തിൽ….എന്തോ ഒരു കുറവുള്ള പോലെ….
ഇങ്ങനൊന്നുമല്ലവൻ…കാണുന്നപാടെ ആണ്ടുപൂണ്ടങ്ങു കയറാറാണ്….ഇതെന്താപ്പോ ഇങ്ങനെ….അതും താനിങ്ങനെ ഒറ്റമുണ്ടൊക്കെ ഉടുത്ത് സെസ്കി ആയിട്ടിരിക്കുമ്പോൾ…
“എന്റെ പെണ്ണേ പണീം കഴിഞ്ഞാവഴി നേരെ വന്നതാ…ഒന്ന് കുളിച്ചിട്ട് കൂടെയില്ല…ഓടിപ്പാഞ്ഞ് വന്നപ്പോ ഇങ്ങനെ മോന്തേം കേറ്റി ഇരിക്കല്ലേ…..”
ഷർട്ടിന്റെ മുകളിലത്തെ രണ്ട് ബട്ടൺ അഴിച്ചിട്ട് ഹരി നെഞ്ചിലേക്കൊന്നൂതി വിയർപ്പാറ്റി…
പോക്കറ്റിൽ നിന്നും ചെറിയ കിറ്റ്കാറ്റ് എടുത്ത് അവളുടെ മടിയിലേക്ക് വച്ചു കൊടുത്തു….
അവിടേ പിന്നെ കവിള് കുത്തി വീർത്തിട്ടുണ്ട്…
“പിന്നെ ഒരുപാടൊന്നും കാണുന്നില്ല നോക്കുന്നുമില്ല….പൂജ കഴിഞ്ഞിട്ടില്ലല്ലോ….ഇനി ഞാനായിട്ട് തമ്പ്രാട്ടി പെണ്ണിനെ തൊട്ടുകൂട്ടിയെന്ന് വേണ്ട…..” അവളിലേക്കാളേറെയൊരു പരിഭവം ഉണ്ട് അവന്റെ സ്വരത്തിൽ…
