കുറച്ച് മാറി അക്കയുടെ ടോർച്ചിന്റെ വെട്ടം കണ്ട അമ്മു അവനെ ഒന്നുകൂടെ നോക്കിയിട്ട് ഓടിയിറങ്ങി…..
ഹരി വേഗം പറമ്പിലേക്കും മാറി….ചുറ്റും പുറവുമെല്ലാം ഒന്ന് നോക്കിയിട്ട് ഷർട്ടിന്റെ പോക്കറ്റിലെ ബൈക്കിന്റെ കീ എടുത്ത് കയ്യിൽ പിടിച്ചിട്ട് കാവ് ലക്ഷ്യമാക്കി വേഗത്തിൽ നടന്നു…
മുകൾനിലയിലെ ബാൽക്കണിയിൽ കോൾ ചെയ്തു നിന്ന നന്ദൻ ആ പോക്ക് കണ്ടൊന്ന് നോക്കി….
ഓടിവരുന്ന പെൺകുട്ടി അമ്മുവാണെന്ന് മനസിലായി അപ്പോൾ കാവിലേക്ക് നടന്നു മറഞ്ഞവൻ സ്വന്തം മുതൽ തന്നെ….
ഈ കഴിഞ്ഞുപോയ ദിവസങ്ങൾക്കിടയിൽ പാതിരാത്രിക്കൊരു മതിൽ ചാട്ടം ഹരിയുടെ സ്വഭാവം വച്ചിട്ട് നന്ദൻ പ്രതീക്ഷച്ചതാണ്…അതുണ്ടായില്ല…
പക്ഷെയീ കുളപ്പുര…അതിന് മാത്രം കൊല്ലങ്ങൾ കഴിഞ്ഞിട്ടും ഡിമാൻഡിന് യാതൊരു കുറവുമില്ല…..ഒരു ചിരിയോടെ കയ്യിലെ കപ്പ് ഒന്നുകൂടെ മുറുകിപിടിച്ചു തിരിഞ്ഞുനടന്നു…..
പിറ്റേന്ന് രാവിലേ അമ്മു ഉത്സവതിമിർപ്പിലാണ്…..രാവിലെയേ കുളിച്ചൊരുങ്ങി ഉള്ളതിൽ ഏറ്റവും നല്ലൊരു അനാർക്കലി ചുരിദാർ എടുത്തിട്ട് ലൈറ്റ് മേക്കപ്പ് ഒക്കെ ചെയ്ത് ഇരിപ്പാണ് കക്ഷി…..
ഇടയ്ക്ക് അടുക്കളയിൽ വന്ന് വിരുന്നിന് ഉണ്ടാക്കുന്നതൊക്കെ നോക്കി തൃപ്തിയാണെന്ന് ഉറപ്പുവരുത്തും……ഹരിയുടെയും മായയുടെയും എരിവും ഉപ്പും പാകവുമൊക്കെ കൃത്യമായി പറഞ്ഞുകൊടുത്തും നോക്കിയും ഓരോ വിഭവവും അവൾ ടേസ്റ്റ് നോക്കി ഉറപ്പുവരുത്തുന്നുണ്ട്….
അവളുടെയീ തുള്ളക്കം കണ്ടിട്ട് ഇന്നൊണമാണോയെന്ന് വരെ തെറ്റിദ്ധരിച്ചു സതിയക്ക…..
മുറിയിൽ ചെന്നു ബാഗൊക്കെ പാക്ക് ചെയ്തത് ഒന്നുകൂടെ നോക്കിയിട്ട് ആ കട്ടിലിലേക്ക് മലർന്നു കിടന്നു അമ്മു…….
ഹരിയെ ഓർക്കേ നാണം കൊണ്ടു പൂത്തുതളിർത്തു….
കള്ളചെക്കൻ ഇന്നലെ എന്തൊക്കെയാ കാട്ടീട്ട് പോയെ….
ഒരു കൊതിയ്ക്ക് താനും ഏതാണ്ടൊക്കെ ചെയ്തില്ലേ….ഇനിയിന്നാ മുഖതെങ്ങനെ നോക്കും….വിരൽ കടിച്ചു പുഞ്ചിരിച്ചുകൊണ്ടവൾ കമിഴ്ന്നു കിടന്ന് ബെഡിലേക്ക് മുഖം പൂഴ്ത്തിവെച്ചു…
ബൈക്കിനു പിന്നിലിരുന്ന് മേലെപ്പാട്ടെ തറവാടിന്റെ ഗേറ്റ് കടന്നതും ചങ്കിടിപ്പേറിയത് മായ അറിഞ്ഞു…..ഹരിയുടെ തോളിൽ വിരൽ മുറുകി…..
ബൈക്ക് നിർത്തിയിറങ്ങിയവൻ അമ്മയുടെ കയ്യിൽ മുറുകെപിടിച്ചു ഞാനില്ലേയെന്ന വാഗ്ദാനം പോലെ….
അവരെക്കാത്തു നന്ദൻ മുന്നിൽ തന്നെയുണ്ടായിരുന്നു….
അമ്മു മുകൾനിലയിൽ നിന്നും ഓടിയിറങ്ങിവന്ന് മായയുടെ ദേഹത്തേക്ക് ഒരു വീഴ്ചയായിരുന്നു….പിറകോട്ട് ചാഞ്ഞു പോയ അമ്മയെ ഹരി താങ്ങിപിടിച്ചു…..
കൂടുവിട്ടു പോയ കുഞ്ഞിക്കിളിയെ തിരികെ കിട്ടിയ അമ്മക്കിളിയെപ്പോൾ അമ്മുവിനെ ഉമ്മകൊണ്ട് മൂടുന്നുണ്ട് മായ……
നന്ദൻ അതുനോക്കി ഒരു പുഞ്ചിരിയോടെ നിൽക്കുന്നത് കണ്ടു എന്തിനെന്നറിയാത്ത ഒരു അസ്വസ്ഥതയോടെ ഹരി മുഖം വെട്ടിച്ചു…..വീട് പുറമെ നിന്നൊന്ന് നോക്കി….
റോഡിലൂടെ പോകുമ്പോൾ ദൂരെയായി കൂറ്റൻമരങ്ങൾക്കിടയിൽ നിൽക്കുന്ന പതിനാറുകെട്ട് അത്രക്കൊന്നും വ്യ്കതമല്ലായിരുന്നു….അടുത്തുകണ്ടിട്ടിപ്പോ ദേവാസുരത്തിലെ വീട് പോലുണ്ട്….ഇങ്ങേർക്കിത് വല്ല ഷൂട്ടിനും കൊടുത്തൂടെയെന്ന് ചിന്തിച്ചുകൊണ്ടിരിക്കെ അമ്മു അവന്റെ കയ്യിൽ പിടിച്ചകത്തേക്ക് വലിച്ചു…..
അകത്തളത്തിലേക്ക് വലതുകാൽ കുത്തിയതും അറിയാതെ അടിവയറ്റിലേക്ക് കയ്യമർന്നു
മായയുടെ…..സ്വയമറിയാതെ അടിവയറ് പൊതിഞ്ഞുപിടിച്ചു…….
എന്റെ കുഞ്ഞിനെ കൊന്നുകളയല്ലേയെന്ന തന്റെ നിലവിളി ആ ചുവരുകൾക്ക് കാതുണ്ടായിരുന്നെങ്കിൽ അവ കെട്ടിട്ടുണ്ടാകും…..
പണിക്കിടയിൽ തലച്ചുറ്റി വീണൊരു ദിവസം…..
അന്ന് അടുക്കളപ്പണിക്ക് കൂടെയുണ്ടായിരുന്ന പ്രായം ചെന്ന മുത്തിയമ്മ വയറ്റില് തൊട്ടിട്ട് കുളി തെറ്റികിടക്കണോന്ന് ചോദിച്ചത്…..
വാല്യക്കാരിപെണ്ണ് പിഴച്ചുണ്ടാക്കിയതിന് മേലെപ്പാട്ടെ ചെക്കന്റെ കണ്ണും മൂക്കും വേണ്ടെന്ന് ആക്രോശിച്ചുകൊണ്ട് തന്നെ തലങ്ങും വിലങ്ങും മുളം ചൂരലിന് അടിച്ചു ബോധം കെടുത്തിയ രാജേശ്വരിയമ്മ…..
