വിളിക്കണമെന്നുണ്ടെങ്കിലും ഒച്ച പുറത്തേക്ക് വരാതെ കുഴങ്ങിപ്പോയി നന്ദൻ…..
അടുത്ത നിമിഷം മായ തുമ്പ് വെള്ളത്തിൽ മുക്കാനായി ഒന്ന് കുനിഞ്ഞു പിന്നെ നിവർന്നു…….നന്ദൻ കണ്ണിറുക്കിയടച്ചു വെട്ടിത്തിരിഞ്ഞു നിന്നു…..
ആ തണുത്ത കാറ്റിലും വല്ലാതെ വിയർത്തുപോയി അയാളെ…..
തിരിഞ്ഞ മായ കുറച്ച് പിന്നിൽ നിൽക്കുന്നയാളെ കണ്ടൊന്ന് ഞെട്ടിയിരുന്നു….തിടുക്കത്തിൽ തുമ്പ് എളിയിലേക്ക് കുത്തി ഒട്ടിയ പാവാടയും വലിച്ചു വിടർത്തി നന്ദനെ കടന്ന് മുന്നോട്ട് പോകാൻ ആഞ്ഞു….
അരികിലൂടെ കടന്നില്ല അതിന് മുന്നേ നന്ദൻ
കൈമുട്ടിൽ പിടിച്ചു വലിച്ച് പിന്നോട്ടാക്കി നിർത്തിയിട്ട് മുണ്ടെടുത്തു കയ്യിൽ പിടിപ്പിച്ചു…
മായയത് വാങ്ങാതെ കൈ തട്ടിമാറ്റി….
“എന്റെ ദേഹത്ത് തൊട്ടാൽ ഉണ്ടല്ലോ…..”
“ഉടുത്തിട്ട് പോയാ മതി നീ….”
“സൗകര്യപ്പെടില്ലെനിക്ക്….നിങ്ങളെന്താന്ന് വച്ചാ ചെയ്യ്….” ഈ കോലത്തിൽ എങ്ങോടും പോകാൻ പറ്റില്ലെന്നറിയാമെന്നാലും നന്ദന്റെ മുന്നിൽ തോൽക്കില്ലെന്ന പൊട്ടവാശി…..
“അന്നത്തെപ്പോലെയെന്തേലും വാരി ചുറ്റി പോകാൻ ആ പഴേ സ്ലേറ്റ് പെൻസിലല്ല നീയിപ്പോ….വീർത്തു വീർത്ത് പൊട്ടാറായി ഓരോന്നൊക്കെ…..” അവസാനം പറഞ്ഞതല്പം പതുക്കെയാണെങ്കിലും മായ കേട്ടെന്ന് മനസിലായത് ഭദ്രകാളിയിലേക്കുള്ള പരകായ പ്രവേശം കണ്ടപ്പോഴാണ്….
“വൃത്തികേട് പറഞ്ഞാൽ പല്ലടിച്ചു കൊഴിക്കും ഞാൻ…..” നന്ദന് നേരെ വിരൽ ചൂണ്ടി നിന്നു വിറച്ചു മായ…..
“ഞാനാ തെങ്ങിന്റെ രണ്ട് കുല കണ്ടിട്ട് പറഞ്ഞതാണെന്റെ ദേവിയേ……” അങ്ങേയറ്റം നിഷ്കളങ്കമായി തോട്ടിന്റെ അക്കരക്കരയിൽ നിൽക്കുന്ന തെങ്ങ് നോക്കി പറയുന്നവന്റെയൊപ്പം സ്വാഭാവികമായും മായയും നോക്കിപ്പോയി….
ആ തക്കത്തിന് മുണ്ടെടുത്തു മായയുടെ ദേഹത്തേക്കിട്ടിട്ട് കുറച്ച് അകലേക്ക് മാറി നന്ദൻ…..
“ഈ കോലത്തിൽ ഓട്ടോയ്ക്ക് പോലും പോകാൻ നിക്കണ്ട…..അവനെ വിളിക്ക്….അല്ലെങ്കിൽ ഞാൻ കൊണ്ടാക്കാം കൂടെ വരുമെങ്കിൽ……”
മറുപടിയൊന്നുമുണ്ടായില്ല….നന്ദൻ പ്രതീക്ഷിച്ചുമില്ല….
ഫോണെടുത്തു ഹരിയെ വിളിക്കുന്നത് കേട്ടു….
ആ കൈതയ്ക്കടുത്തു തന്നെ നിന്നു മായ….അല്പം അകലെയായി ആരുടേയും കണ്ണിൽ പെടാതെ നന്ദനും….ആരെയും പേടിച്ചിട്ടല്ല….സ്വന്തം സ്ഥലമാണ്…ആരും ചോദിക്കാൻ വരില്ല പക്ഷേ അവൾക്കൊരു ചീത്തപ്പേര് അത് മാത്രം വേണ്ട….
എന്നും സ്നേഹിച്ചിട്ടേ ഉള്ളു ബഹുമാനിച്ചിട്ടേ ഉള്ളു അവളെ…..തന്നെപോലെ വിദ്യാഭ്യാസത്തിന്റെയോ കുടുംബസ്വത്തിന്റെയോ പിൻബലം ഇല്ലാതെ ഒറ്റയ്ക്ക് പൊരുതി ഒന്നിനെ വളർത്തികൊണ്ടുവന്നവളോട് എന്നും അതിയായ ആരാധനയെ തോന്നിയിട്ടുള്ളു…..
ഈ ലോകത്തിന്റെ ഒരു നരച്ച ഭാവവും കാണാതിരുന്നവളോട് ഇങ്ങനൊരു ക്രൂരത കാണിച്ചിട്ട് സ്വയം ന്യായീകരിക്കുന്നതല്ല നല്ലവനായി ചമയുന്നതുമല്ല അവളെ മകളെ പോലെ നോക്കുന്നൊരു മകൻ ഇനി താൻ കാരണം നാട്ടുകാരുടെ മുന്നിൽ തല താഴ്ന്നു നിൽക്കരുത്….അവളുടെ മാനത്തെ ആരും ചോദ്യം ചെയ്യരുത്….
അടുത്ത് ആരോ വന്നു നിൽക്കുന്നതായി തോന്നിയതും തല ചെരിച്ചുനോക്കി നന്ദൻ…..
മായയാണ്…..
“ഒരുപാട് വട്ടം പറഞ്ഞതാ…എങ്കിലും ഒന്നൂടെ പറയുവാ….എന്റെയും ഹരിയുടെയും പിന്നാലെയിങ്ങനെ വരണ്ട….എല്ലാം മറന്നിട്ട് ഒന്നിച്ചൊരു ജീവിതം ഇനിയുണ്ടാവില്ല….എന്നെക്കൊണ്ട് കഴിയില്ലാതിനൊന്നും….ആഗ്രഹിച്ച മോഹിച്ചൊരു കാലം ഉണ്ടായിരുന്നു… ഇനിയില്ല….എന്നെക്കാത്തിങ്ങനെ കാലം കഴിക്കണ്ട….മറ്റൊരാളെ കൂടെ കൂട്ടാൻ ശ്രമിക്കണം…..കഥയിലൊക്കെ പോലെ കുറെ ജന്മം ഒന്നുമില്ല ഒന്നേയുള്ളു എല്ലാം മറന്നിട്ട് വേറെ ജീവിച്ചുതുടങ്ങണം….“
മുഖത്ത് നോക്കാതെ കയ്യിൽ ചുരുട്ടിപിടിച്ച മുണ്ടിലേക്ക് നോക്കി പറയുന്നവളെ വേദനയോടെ നോക്കി നന്ദൻ…..
”ഒറ്റയ്ക്കായിപോവല്ലേ…….“ അത് മാത്രം കണ്ണിലേക്ക് നോക്കി പറഞ്ഞവൾ…..ആ നോക്കിലും വാക്കിലും ഒളിഞ്ഞുകിടന്ന തീരാ നോവ് നന്ദനെ പൊള്ളിച്ചു കളഞ്ഞു……
എന്ത് ചെയ്താലും ഒടുങ്ങാത്ത തീരാ കുറ്റബോധക്കയത്തിലേക്ക് വീണ്ടും കൂപ്പുകുത്തി നന്ദൻ….
