നിങ്ങളുടെ മകൻ പോയതിൽ എന്റമ്മയ്ക്കൊരു പങ്കും ഇല്ലെന്ന് പലയാവർത്തി അമ്മ പറഞ്ഞ് കഴിഞ്ഞതാ….ഇനിയും അത് പറഞ്ഞ് ക്രൂശിക്കാൻ ആണെങ്കിൽ അച്ഛമ്മയിവിടേക്ക് വരണം എന്നില്ല…..”
പങ്കു കരഞ്ഞുതുടങ്ങി……
“വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല……എനിക്ക് ദാ ഇതൊന്നെ ഉള്ളു…..അമ്മയായും അച്ഛനായും സ്വന്തക്കാരും ബന്ധുകാരും എല്ലാമെല്ലാമായി ഈ ഒരൊറ്റ ആളെ ഉള്ളു……അതിനെ നുള്ളി പെറുക്കാൻ ഇട്ടു തരില്ല ഞാനാർക്കും…..എന്നെയങ്ങു വേണ്ടെന്ന് വച്ചിരുന്നെങ്കിൽ ഏതൊരു പെണ്ണിനേയും പോലെ ഒരു കുടുംബമായി ജീവിക്കാമായിരുന്നു അമ്മയ്ക്ക്….അത് ചെയ്യാതെ എന്നെ പെറ്റുപോറ്റിയവളാ…. എനിക്ക് ജീവനുള്ള കാലത്തോളം പിച്ചിക്കീറി തിന്നാമെന്ന് ആരും ഓർക്കേണ്ട……” പറഞ്ഞിട്ട് ഹരി അപ്പോഴും മുഖം ഉയർത്താതെ കിടന്നിരുന്ന അമ്മയുടെ തലയിൽ ഒന്ന് തഴുകി കുളിക്കാനായി പോയി……
“തൃപ്തിയായല്ലോ നിങ്ങൾക്ക് ആ ചെറുക്കന്റെ സമാധാനം കെടുത്തിയപ്പോൾ….ഈ പെണ്ണിനെ കരയിച്ചപ്പോൾ…..
ഒരു കാര്യം നിങ്ങളോർത്തോ….എണീറ്റു നടന്ന് സ്വന്തം കാര്യം നോക്കാൻ വയ്യാത്തൊരു കാലം വന്നാൽ അന്ന് ഉരിയരീടെ കഞ്ഞി വായിൽ തരാൻ ഈ പെണ്ണും ആ ചെറുക്കനുമേ കാണു….പെറ്റു ചോരയും നീരും ഊറ്റികൊടുത്തു വളർത്തിയിട്ടും നിങ്ങളെ വേണ്ടാത്ത നിങ്ങടെ സ്വന്തം മക്കൾ കാണില്ല…“
വേണെങ്കിൽ തലയിലോട്ട് കയറട്ടെ എന്നാ മട്ടിൽ പറഞ്ഞിട്ട് ലളിതമ്മയും ഇറങ്ങിപ്പോയി….
കുറച്ചുനേരം കഴിഞ്ഞു സങ്കടം ഒന്നോതുങ്ങിയപ്പോൾ മായ എഴുന്നേറ്റ് അപ്പോഴും അരപ്രൈസിൽ ഇരിക്കുന്ന കൂടെടുത്തു കൊണ്ടുവന്നു പങ്കുവിനടുത്തേക്ക് വച്ചു…
”അവൻ കുളിച്ചിറങ്ങുമ്പോളേക്ക് ചെന്നു മേല് കഴുകമ്മേ….ഞാൻ കഴിക്കാൻ എടുത്ത് വക്കാം…..“ പറഞ്ഞിട്ടടുക്കളയിലേക്ക് നടക്കുന്നവളെ ആ കൂടും കയ്യിൽ പിടിച്ചു പങ്കു നോക്കിയിരുന്നു…..
പിഴച്ചു വയറ്റിലുണ്ടാക്കിയെന്ന് കരുതി മകളെ ആരുടെയെങ്കിലും തലയിൽ കെട്ടിവച്ചൊഴിവാക്കാൻ പരക്കം പാഞ്ഞ അച്ഛൻ….
നന്ദനെ ബന്ധപ്പെടാൻ ഒരു വഴിയുമില്ലാതെ ആ നാല് ചുവരുകൾക്കുള്ളിൽ വീട്ടുതടങ്കലിൽ ആയിരുന്നു താൻ..
അല്ലെങ്കിലും ഡൽഹിയിലെ ആൾടെ അഡ്രെസ്സ് പോലും തനിക്കറിയില്ലായിരുന്നു…ആരും ഒന്നും അറിയാതിരിക്കാൻ കത്തയക്കാറ് പോലും ഇല്ലായിരുന്നു…
അടിവയറ് വീർക്കും മുന്നേ പിടിച്ചിറക്കിവിടൻ അച്ഛൻ കഴിയുന്നതിനേക്കാൾ വലിയ സ്ത്രീധനം വാഗ്ദാനം നടത്തി അലഞ്ഞു കിട്ടിയതായിരുന്നു മനോജിന്റെ ആലോചന….
ഇളയ രണ്ട് പെങ്ങന്മാരെ വിവാഹം കഴിപ്പിച്ചതിന്റെ സ്ത്രീധനബാക്കി കൊടുക്കാൻ വേറെ വഴിയില്ലാതെ പങ്കജാക്ഷിയമ്മയുടെ നിർബന്ധത്തിന് വഴങ്ങി പെണ്ണ് കാണാൻ വന്നതാണ് അയാൾ….
വിഷക്കുപ്പി എക്കിടിയിൽ തിരുകി നിന്ന് അച്ഛൻ നടത്തിയ ഭീഷണിക്ക് മുന്നിൽ വഴങ്ങി അന്നയാളോടൊന്നും തുറന്നു പറഞ്ഞില്ല താൻ….
വിവാഹരാത്രിയിൽ കാലിൽ വീണെല്ലാം പറഞ്ഞതിനൊടുവിൽ അയാൾ പറഞ്ഞത് അയാൾക്കൊരു ഭാര്യയും കുഞ്ഞും ഉണ്ടെന്ന്..തെങ്കാശിയിൽ പണിയെടുക്കുന്ന ഓട് കമ്പനിക്ക് അടുത്തുള്ളൊരു തമിഴത്തിയാണത്രെ….
കേട്ടപ്പോൾ ആശ്വാസമാണ് സമാധാനമാണ് തോന്നിയത്….
തന്റെ കുഞ്ഞിന്റെ അച്ഛൻ വന്നു വിളിച്ചാൽ പൊയ്ക്കോട്ടെയെന്നു ചോദിച്ചപ്പോൾ ഇഷ്ടംപോലെ ചെയ്തോളുന്ന മറുപടി…..
രാവിലെ എഴുന്നേറ്റപ്പോൾ അയാൾ ആ മുറിയിൽ ഇല്ലായിരുന്നു…മുറിയിലെന്നല്ല വീട്ടിലോ നാട്ടിലോ പോലും….ഒപ്പം കിടക്കാൻ നേരം അലമാരയിൽ അഴിച്ചുവച്ച തന്റെ ആഭരണങ്ങളും……
അന്ന് തുടങ്ങിയതാണ് ആ വീട്ടിലെ നരകജീവിതം…..മകൻ പോയതിന് താൻ ആണ് കാരണക്കാരിയെന്ന് ഉറച്ചു വിശ്വസിച്ച പങ്കജാക്ഷിയമ്മ ദ്രോഹിക്കാവുന്നതിന്റെ പരമാവധി ദ്രോഹിച്ചു…..
അവിടെ ചെന്നുകയറി ഒരു മാസം കഴിഞ്ഞപ്പോൾ ഛർദിയും ക്ഷീണവുമെല്ലാം തുടങ്ങി….മകന്റേതല്ലെന്ന് അവർക്ക് മാത്രം
ഉറപ്പായിരുന്നു….പിന്നങ്ങോട്ട് പിഴച്ചു കയറിവന്നവൾക്കുള്ള പീഡനകാലമായിരുന്നു…..
പെറ്റുകിടന്നപ്പോൾ പോലും വിശപ്പിന്റെ വിളി നന്നായറിഞ്ഞിട്ടുണ്ട്……എല്ലാം പക്ഷേ തന്നോട് മാത്രം ആയിരുന്നു ഹരിയെ അന്നും ഇന്നും ജീവനാണവർക്ക്….
