“മ്മ്മ്…..” അതിനും മായക്ക് മൂളല് മാത്രേയുള്ളു….
“അപ്പൊ ഇങ്ങനെ മൂളിക്കൊണ്ടിരിക്കാതെ ഒരു ഫ്ലാസ്കിൽ ഇച്ചിരെ ചായേം വച്ച് മോന്റെ കയ്യിൽ കൊടുത്തിങ്ങു വിടെന്റെ മായക്കൊച്ചേ……” ഓരോളത്തിൽ അമ്മുവങ്ങ് പറഞ്ഞു നിർത്തി ഒരു കണ്ണിറുക്കി സ്പീക്കറിലിട്ടിരിക്കുന്ന ഫോണിലേക്ക് നോക്കിയങ്ങ് ഇരുന്നു…..
“അയ്യോടി മനമേ…..ചായ മാത്രം മതിയോപോലും….കൂട്ടത്തിലേ കടിക്കാനായിട്ട് അവനെ ഞാൻ നീളത്തിലും വീതിക്കും മുക്കിപൊരിച്ചൂടെ കൊടുത്തുവിട്ടേക്കാം….എന്തേയ്……..” ലക്ഷ്യത്തിൽ എത്തും മുന്നേ അടിച്ചു തെറിപ്പിച്ചു….
“ഹാവൂ…..ആ വായൊന്ന് തുറന്നല്ലോ സന്തോഷം…എന്തൊരു കനം ആയിരുന്നു ഒന്ന് മിണ്ടാൻ….ഈ പിണങ്ങികൂടി മിണ്ടാതെയിരിക്കാൻ നിങ്ങളമ്മേം മോനും ബെസ്റ്റാട്ടോ……” അവളാ ഇട്ടുകൊണ്ടിരുന്ന നെയിൽ പോളിഷിന്റെ ബോട്ടിൽ അടച്ചിട്ട് അവളിരിക്കുന്ന സ്റ്റെപ് കയറി മുകളിലേക്ക് നടക്കാൻ ആഞ്ഞ നന്ദനെ ഏല്പിച്ചു കൊണ്ടുവയ്ക്കാൻ ആംഗ്യം കാണിച്ചിട്ട് തിരിഞ്ഞു ഫോൺ എടുത്തു…
“പൊയ്ക്കെ നീ……ഓരോരോ കുണുങ്ങല് പെണ്ണിന്…..അമ്മയെ അമ്പലത്തിൽ ഒന്ന് പോവാ…തൊഴുതിട്ട് വരാം….”
“പോവാണോ….കുറച്ച് നേരം കൂടെ മിണ്ട്മ്മാ…..”
“ചെല്ല്….ചെല്ല്…..മിണ്ടണോങ്കിലെ ഇന്നലെ ഒരുത്തൻ പാതിരാത്രിക്ക് ഇവിടെ കിടന്ന് കയറുപൊട്ടിക്കുന്നുണ്ടായിരുന്നു ആരെയോ കാണാഞ്ഞിട്ട് ആരുടെയോ മതിൽ ചാടാഞ്ഞിട്ട്…..വേണെങ്കി അവനെ വിളിച്ചങ്ങ് മിണ്ടിയാൽ മതി മോള്….ഞാൻ പോയിട്ട് കണ്ണനോട് ഒന്ന് രണ്ട് കാര്യം പറഞ്ഞിട്ട് വരാം……” മായ ഫോൺ വെച്ചു കളഞ്ഞു……
ചിന്നുവിനെ കൂടെ വരാനായിട്ട് വിളിച്ചപ്പോൾ അവൾ അരുണിനൊപ്പം ആനുവൽ ഡേയ്ക്ക് ഇടാനുള്ള ബോഡികോൺ വാങ്ങാനായി
ടൗണിലേക്ക് ഇറങ്ങാൻ നിൽക്കുകയായിരുന്നതുകൊണ്ട് അവൾ വന്നില്ല….
സാരിയൊന്നും ഞൊറിഞ്ഞുടുക്കാൻ നേരവുമില്ല തേച്ചതൊന്നും ഇരിപ്പുമില്ലാത്തതുകൊണ്ട് ബെഡിനടിയിൽ ചുളിവ് വീഴാണ്ടിരിക്കാൻ മടക്കിവെക്കാറുള്ള മുണ്ടും നേര്യതും വലിച്ചെടുത്തു മായ….മൂക്കോടടുപ്പിച്ചു നോക്കിയപ്പോൾ പൂപ്പൽ മണം ഒന്നുമില്ല…..വൃത്തിയിൽ ഒതുക്കിയൊന്നുടുത്തിട്ട് വേഗം ഇറങ്ങി…
ദീപാരാധനയ്ക്ക് മുൻപേ എത്തണം….ഒരു വഴിപാട് കഴിപ്പിക്കണം…..
ഓട്ടോ വിളിക്കാൻ നിന്നില്ല കണ്ടതിന്റെ കരയിലെ തോട്ടിറമ്പ് വഴി വേഗത്തിൽ നടന്നു…..
അമ്പലത്തിൽ ആൾതിരക്ക് കുറവാണ്…വിശേഷദിവസം ആയിട്ടുപോലും അന്നെന്തോ ആള് കുറവായിരുന്നു….
“ഭഗവാനെ….എന്റെ കുഞ്ഞുങ്ങൾക്ക് സന്തോഷവും സമാധാനവും കൊടുക്കണേ….എന്റെ തീരുമാനങ്ങൾ തെറ്റാണെങ്കിൽ എന്റെ നാവുപിടിച്ചു തന്നെയത് തിരുത്തിക്കണേ….ആരും ഞാൻ കാരണം വേദനിക്കാൻ ഇടയാക്കല്ലേ……” കൈകൂപ്പി അവസാന വാചകം ഉരുവിടുമ്പോൾ ഉള്ളിലൂടോടിയിറങ്ങിയ മുഖങ്ങളിൽ അമ്മുവും ഹരിയും മാത്രമായിരുന്നില്ല…..
വഴിപാട് കഴിപ്പിച്ച് പ്രസാദവും വാങ്ങി ഇറങ്ങി….
ഇലചാന്തിൽ നിന്നും അല്പം എടുത്ത് നെറ്റിയിൽ തൊട്ടുകൊണ്ട് പടികൾ ഇറങ്ങുമ്പോളാണ് അറിയാതെ ചാണകം ചവിട്ടുന്നത്……
അല്പം ഇറങ്ങിക്കിടന്ന മുണ്ടിന്റെ ഒരറ്റത്തും ആയിട്ടുണ്ട്…..
കയ്യിലെ പ്രസാദവും ഇലക്കീറും ആൽത്തറയിൽ വച്ചിട്ട് പാടത്തു നിന്നും വീശുന്ന കാറ്റിൽ പറന്നുപോകാതിരിക്കാൻ ഒരു കല്ലും എടുത്തുവച്ച് കുറച്ചപ്പുറെ പാടത്തിന്റെ കരയിൽ കാണുന്ന തോടിന്റെ അരികിലേക്ക് നടന്നു മായ…..
ഇങ്ങേ അരിക് കൈത തഴച്ചു നിൽക്കുന്നതിനാൽ അല്പം മുന്നോട്ട് നടന്നിട്ടാണ് കാല് നനയ്ക്കാൻ ഒരു വിടവുള്ള ഭാഗം കാണുന്നത്……
കൈതമുള്ളുകൊള്ളാതെ സൂക്ഷിച്ചു നിന്ന് കാല് വെള്ളത്തിലേക്ക് ഇട്ടു കഴുകി…..ചെരുപ്പിലെയും കാലിലെയും ചാണകം കഴുകി കളഞ്ഞിട്ട് ഒന്ന് കുനിഞ്ഞു മുണ്ടിന്റെ തുമ്പ് വെള്ളത്തിലേക്ക് മുക്കാൻ ആഞ്ഞതും തോടിന്റെ മണ്ണ് കൊണ്ടുള്ള തിട്ട് ഇടിഞ്ഞു മായ തോട്ടിലേക്ക് വീണു…..
മുട്ടൊപ്പം മാത്രം വെള്ളം ഉണ്ടായിരുന്ന കൈത്തോട്ടിൽ നിന്നും ഒരുവിധം എഴുന്നേറ്‌നിന്നു…..
മേലാകെ നനഞ്ഞിട്ടുണ്ട്….ഈ കോലത്തിൽ എങ്ങനെ വീട്ടിലേക്ക് പോകും…..കരയ്ക്ക് വച്ച ഫോൺ എടുത്ത് ഹരിയെ വിളിക്കാൻ ആഞ്ഞതും മുന്നിൽ രണ്ട് കാലുകൾ വന്നുനിന്നു……
