പാർവണം – 9 6അടിപൊളി  

ഉമ്മറത്തെ വാതിൽപടിയിൽ ചാരി നിന്ന്, എന്റെ പെണ്ണിന്റെ കുസൃതിച്ചിരിയും കണ്ട് ആ കുടുംബത്തിന്റെ സന്തോഷത്തിലേക്ക് ഞാൻ വെറുതെ നോക്കിനിന്നു.

സംസാരങ്ങൾക്കും പൊട്ടിച്ചിരികൾക്കുമിടയിൽ സമയം പോയത് ആരും അറിഞ്ഞിരുന്നില്ല. സമയം ഉച്ചയ്ക്ക് ഒന്നര കഴിഞ്ഞിരുന്നു. പെട്ടെന്ന് അമ്മ ഓർമ്മവന്നതുപോലെ പറഞ്ഞു.

“വിശേഷങ്ങൾ പറഞ്ഞിരുന്ന് സമയം പോയത് അറിഞ്ഞില്ല. ഉച്ചയായില്ലേ… ഇനിയിപ്പൊ ഊണ് കഴിച്ചിട്ടാവാം ബാക്കി വർത്താനം.”

അമ്മ അവരെ വലിയ ഊണുമേശയിലേക്ക് ക്ഷണിച്ചു. അതിഥികൾക്കായി ഗംഭീരമായൊരു സദ്യ തന്നെ പാർവണ തയ്യാറാക്കിയിരുന്നു. വിരുന്നുകാരെ തീൻമേശയ്ക്ക് ചുറ്റുമിരുത്തി, അവർക്ക് വിളമ്പിക്കൊടുക്കാനുള്ള വലിയ ആവേശത്തിലായിരുന്നു അവൾ.

ചോറും സാമ്പാറും പലവിധം കറികളും കൂട്ടി അവർ ഭക്ഷണം കഴിക്കാൻ തുടങ്ങി.

ഭക്ഷണം കഴിക്കുന്നതിനിടയിൽ രേവതി ആന്റി പാർവണയെ നോക്കി ചിരിയോടെ ചോദിച്ചു.

“ഇതൊക്കെ മോളാണോ ഉണ്ടാക്കിയത്? എന്തായാലും ഭാമച്ചേച്ചീടെ മരുമകൾക്ക് നല്ല കൈപ്പുണ്യമാ… എല്ലാത്തിനും നല്ല ഒന്നാംതരം രുചി.”

അതുകേട്ട് വലിയൊരു സന്തോഷത്തോടെ പാർവണ അമ്മയെ ഒന്ന് നോക്കി.

“ഏയ്… അമ്മ കൂടെ നിന്ന് എല്ലാം പറഞ്ഞു തന്നതുകൊണ്ടാ ആന്റീ ശരിയായത്,”

അവൾ വളരെ വിനയത്തോടെ പറഞ്ഞു.

ഊണൊക്കെ കഴിഞ്ഞ് മുതിർന്നവർ ഹാളിലിരുന്ന് ബാക്കി കല്യാണത്തിരക്കുകളെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ, ഞാൻ പതുക്കെ ഉമ്മറത്തേക്ക് ഇറങ്ങി. ഉമ്മറത്തെ തൂണും ചാരി മുറ്റത്തെ ചെടികളിലേക്കും നോക്കി നിൽക്കുകയായിരുന്നു അരവിന്ദ്.

എന്തോ ആലോചനയിലാണ് എന്ന് തോന്നി. ഞാൻ പതുക്കെ ചെന്ന് അവന്റെ തോളിലൊന്ന് തട്ടി…

“എന്താ അളിയാ… എന്താ ഇത്ര വലിയൊരു ആലോചന?”

ഞാൻ അവനൊപ്പം ആ ഉമ്മറപ്പടിയിലേക്ക് ചാരി നിന്നുകൊണ്ട് ചോദിച്ചു.

അവൻ എന്നെ നോക്കി വളരെ ശാന്തമായി ഒന്ന് പുഞ്ചിരിച്ചു.

“ഒന്നുമില്ലെടാ…അന്ന് ഞാൻ ഈ ഉമ്മറത്ത് വന്ന് നിൽക്കുമ്പോഴുള്ള എന്റെ നെഞ്ചിടിപ്പും, ഇപ്പോഴത്തെ എന്റെ അവസ്ഥയും വെറുതെ ഓർത്തുപോയതാ.”

അവൻ മുറ്റത്തേക്ക് തന്നെ നോക്കി പതുക്കെ പറഞ്ഞു തുടങ്ങി.

“സത്യം പറയാലോ ആദീ… ഈ വീട്ടിൽ നിങ്ങൾ അവളെ എത്രത്തോളം സ്നേഹിച്ചാണോ വളർത്തിയത്, അതുപോലെ തന്നെ എന്റെ വീട്ടിലും അവൾക്കുണ്ടാകും. നിന്റെ അമ്മയുടെ മുഖത്ത് ഇപ്പോഴുള്ള ആ സമാധാനം,

അത് ഒരിക്കലും കെട്ടുപോകാതെ നോക്കേണ്ടത് ഇനി എന്റെ കൂടെ ഉത്തരവാദിത്തമാ…”

വളരെ സാധാരണമായ വാക്കുകളായിരുന്നെങ്കിലും, അവൻ പറഞ്ഞതിലെ ആത്മാർത്ഥത എനിക്ക് കൃത്യമായി മനസ്സിലാകുന്നുണ്ടായിരുന്നു. സ്വന്തം പെങ്ങളെ വിശ്വസിച്ച് ഏൽപ്പിക്കാൻ ഇതിലും നല്ലൊരാളെ എനിക്ക് കിട്ടില്ലെന്ന് ആ നിമിഷം എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു.

“എനിക്കറിയാം…”

ഞാൻ അവന്റെ തോളിൽ മുറുകെ പിടിച്ചു.

“അതുകൊണ്ടാണല്ലോ വേറൊന്നും ആലോചിക്കാതെ എന്റെ ചേച്ചിയെ നിനക്ക് തരാൻ ഞാനും അമ്മയും തയ്യാറായത്. പിന്നെ… ആഗ്രഹിച്ചതൊക്കെ സ്വന്തമാകുമ്പോഴുള്ള ഈയൊരു കിളിപോയ അവസ്ഥയുണ്ടല്ലോ, അത് കല്യാണം കഴിയുമ്പോഴേക്കും മാറിക്കോളും.”

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ അവനും ഒപ്പം ചിരിച്ചു.

ഞങ്ങൾ സംസാരിച്ചു നിൽക്കുന്നതിനിടയിലാണ് അനഘ ചേച്ചി ഉമ്മറത്തേക്ക് വന്നത്. ചേച്ചിയെ കണ്ടതും ഞാൻ ചെറുതായിട്ടൊന്ന് ചിരിച്ചുകൊണ്ട്, അവർക്ക് സംസാരിക്കാൻ അല്പം സമയം കൊടുത്ത് പതുക്കെ ഹാളിലേക്ക് തന്നെ കയറിപ്പോയി.

അവൻ ആരും കേൾക്കാത്ത ശബ്ദത്തിൽ ചോദിച്ചു.

“ഇപ്പോഴെങ്കിലും നിന്റെ ടെൻഷൻ ഒക്കെ മാറിയോ?”

ചേച്ചി അവനെ നോക്കി ചെറുതായിട്ടൊന്ന് തലയാട്ടി,

“മ്മ്… “

ഒരുപാട് കാലത്തെ അവരുടെ പ്രണയം, അതിന്റെ സകല സൗന്ദര്യത്തോടെയും ആ ഒരു നോട്ടത്തിലും ചിരിയിലും ഉണ്ടായിരുന്നു. വാതിൽക്കൽ പതുങ്ങി നിന്ന് പാർവണ ഇതൊക്കെ കാണുന്നുണ്ടായിരുന്നു.

എന്നെ കണ്ടതും അവൾ കണ്ണടച്ച് കാണിച്ച്, ഒരു കുസൃതിച്ചിരിയോടെ അടുക്കളയിലേക്ക് ഓടി.

Updated: August 26, 2026 — 3:35 pm

Leave a Reply

Your email address will not be published. Required fields are marked *