എട്ടാം മാസത്തിന്റെ എല്ലാ ബുദ്ധിമുട്ടുകളും അവളെ അലട്ടുന്നുണ്ടെങ്കിലും, എൻ്റെ സാമീപ്യം ആ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി വിരിയിച്ചിരുന്നു. പതിവുപോലെ അന്നത്തെ ദിവസവും അവളോട് കുറുമ്പ് കാണിച്ചും കഥകൾ പറഞ്ഞും വളരെ പെട്ടെന്ന് കടന്നുപോയി.
രാത്രി അത്താഴമെല്ലാം കഴിഞ്ഞ് അമ്മ നേരത്തെ കിടന്നിരുന്നു. ഞാനും അവളും മുറിയിലെത്തി, കട്ടിലിൽ അവൾക്കരികിലായി കിടക്കുമ്പോൾ ഞാൻ ആ വയറിലേക്ക് പതുക്കെ കൈവെച്ചു.
ഉള്ളിലെ ചെറിയ അനക്കങ്ങൾ എനിക്ക് കൃത്യമായി അറിയാമായിരുന്നു. പെട്ടെന്നാണ് അവൾ എൻ്റെ നെഞ്ചിലേക്ക് കുറച്ചുകൂടി ചേർന്നു കിടന്നുകൊണ്ട് വളരെ പതുക്കെ എന്നെ വിളിച്ചത്.
“ആദീ…”
അവളുടെ ആ വിളിയിൽ
ചെറിയൊരു കുറുമ്പും അതിലേറെ കൊഞ്ചലുമുണ്ടായിരുന്നു.
“എന്താടീ… ഉറക്കം വരുന്നില്ലേ?”
ഞാൻ അവളുടെ മുടിയിലൂടെ വിരലോടിച്ചുകൊണ്ട് ചോദിച്ചു.
“ആദി… അന്ന് എന്നെ കോവളത്തും മാളിലുമൊക്കെ കൊണ്ടുപോയില്ലേ… അതുപോലെ ഇപ്പൊ എന്നെ ഒന്നുകൂടി കൊണ്ടുപോകാമോ? ഈ ബൈക്കിന്റെ പുറത്തിരുന്നു ഒന്ന് കറങ്ങാൻ എനിക്ക് വല്ലാത്തൊരു കൊതിയാവാ…”
അവളുടെ കണ്ണുകൾ ഒരു കൊച്ചുകുട്ടിയെപ്പോലെ തിളങ്ങുന്നുണ്ടായിരുന്നു.
അവളുടെ ആഗ്രഹം കേട്ടപ്പോൾ എൻ്റെ ഉള്ളിലൊന്ന് കാളി.
“അതിപ്പോ വേണോ മോളെ?”
ഞാൻ വളരെ കരുതലോടെ ചോദിച്ചു.
“എട്ടാം മാസമായില്ലേ… ഈ വയറും വെച്ച് നിന്നെ ഞാൻ എങ്ങനെയാ ബൈക്കിൽ കൊണ്ടുപോവുക? പുറത്ത് റോഡിലൊക്കെ നിറയെ കുഴികളാ. നീ വെറുതെ വാശി പിടിക്കാതെ.
നമ്മുടെ കുഞ്ഞ് ജനിച്ചിട്ട് നമുക്ക് മൂന്നുപേർക്കും കൂടി ഒരുമിച്ച് പോവാം. പോരെ?”
എന്റെ മറുപടി കേട്ടതും അവൾ മുഖം വീർപ്പിച്ചു.
കണ്ണുകൾ കൂർപ്പിച്ച്, ഒരു വലിയ പരിഭവത്തോടെ അവൾ പറഞ്ഞു.
“ഇല്ല… എനിക്കിപ്പൊ പോണം. ആദിക്ക് എന്നെ കൊണ്ടുപോകാൻ വയ്യഞ്ഞിട്ടല്ലേ? എൻ്റെ ആഗ്രഹമല്ലേ ആദീ…”
അവൾ സങ്കടം അഭിനയിച്ചുകൊണ്ട് എന്നെ നോക്കി.
ആ മുഖത്തെ സങ്കടം കാണാൻ എനിക്ക് കഴിയില്ലായിരുന്നു. ഞാൻ കുറച്ചുനേരം ആലോചിച്ചു.
“ശരി…”
ഞാൻ പകുതി സമ്മതത്തോടെ പറഞ്ഞു.
“പക്ഷെ, അമ്മ അറിയാതെ വേണം പോകാൻ. ഈ പാതിരാത്രിക്ക് നിന്നെയും കൊണ്ട് ബൈക്കിൽ പോകുന്നത് അമ്മയെങ്ങാനും അറിഞ്ഞാൽ ഈ വീട് തലകുത്തനെ വെക്കും.
പിന്നെ, നമ്മൾ ഒരുപാട് ദൂരത്തേക്കൊന്നും പോകുന്നില്ല. ആ ബൈപ്പാസ് വരെ ഒന്ന് പോയിട്ട് ആ കാറ്റും കൊണ്ട് നമുക്ക് വേഗം തിരിച്ചു വരാം. അത്രയേ ഉള്ളൂ. സമ്മതമാണോ?”
എന്റെ വാക്കുകൾ കേട്ടതും അവളുടെ മുഖത്ത് വലിയൊരു വെളിച്ചം വന്നു. സന്തോഷം അടക്കാനാവാതെ അവൾ പെട്ടെന്ന് എന്റെ കഴുത്തിലൂടെ ഇരുകൈകളും ഇട്ട് എന്നെ ഇറുകെ കെട്ടിപ്പിടിച്ചു.
ആ ചെറിയ കുതറലിൽ അവളുടെ മൃദുവായ ചുണ്ടുകൾ എന്റെ കവിളിൽ അമർന്നു.
“സമ്മതിച്ചു… വാ പോവാം…”
അവൾ വലിയ ആവേശത്തോടെ കട്ടിലിൽ നിന്നെഴുന്നേറ്റു.
ഞാൻ ചിരിയമർത്തിക്കൊണ്ട് എഴുന്നേറ്റു. അവൾ ധരിച്ചിരുന്ന ഡ്രസ്സിനു മുകളിലൂടെ ഒരു ഷാൾ കൂടി പുതപ്പിച്ചു കൊടുത്തു. ബൈക്കിന്റെ താക്കോലുമെടുത്ത് യാതൊരു ശബ്ദവുമുണ്ടാക്കാതെ ഞങ്ങൾ പതുക്കെ താഴേക്കിറങ്ങി.
അമ്മ ഉണരാതിരിക്കാൻ ഞാൻ ഗേറ്റ് ശബ്ദമുണ്ടാക്കാതെ തുറന്നു. ബൈക്ക് മെല്ലെ പുറത്തിറക്കിയ ശേഷം വളരെ കരുതലോടെ അവളെ പിന്നിലേക്ക് കയറ്റിയിരുത്തി. അവളുടെ സുരക്ഷയ്ക്കായി ആ വലിയ വയറിന് ചുറ്റും എൻ്റെ കൈകൾ വെച്ച് ഞാൻ അവളെ എന്നോട് ചേർത്തിരുത്തി.
അർദ്ധരാത്രിയുടെ ആ നിശബ്ദതയിൽ ഞങ്ങളുടെ ബൈക്ക് മുന്നോട്ട് കുതിച്ചു. കുറച്ചു ദൂരം ചെന്നപ്പോൾ ഞങ്ങൾ ഹൈവേയിൽ നിന്നും ബൈപ്പാസിലെ സർവീസ് റോഡിലേക്ക് കയറി.
ആ ഇളംകാറ്റിൽ അവളെയും പിന്നിലിരുത്തിയുള്ള ആ യാത്ര ശരിക്കുമൊരു കവിത പോലെയായിരുന്നു എനിക്ക്.
പിന്നിലിരുന്ന് അവൾ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. പക്ഷെ ഹെൽമെറ്റിന്റെ ഗ്ലാസ്സിനുള്ളിലൂടെയും, ചെവിയിൽ വന്നിടിക്കുന്ന കാറ്റിന്റെ ശബ്ദത്തിനിടയിലൂടെയും എനിക്കൊന്നും കൃത്യമായി കേൾക്കാൻ കഴിഞ്ഞില്ല. ഞാൻ അവൾ പറയുന്നതെന്താണെന്ന് കേൾക്കാനായി, വണ്ടിയുടെ വേഗത കുറയ്ക്കാതെ തന്നെ പതുക്കെ എന്റെ തല പിന്നിലേക്ക് തിരിച്ചു.
