പാർവണം – 9 6അടിപൊളി  

ആ മുറിക്കുള്ളിലെ ആനന്ദക്കണ്ണീരിനും കെട്ടിപ്പിടുത്തങ്ങൾക്കും ശേഷം, എന്റെ ഹൃദയമിടിപ്പ് അപ്പോഴും സാധാരണ നിലയിലായിരുന്നില്ല. എന്നെ അച്ഛാന്ന് വിളിക്കാൻ ഒരു ജീവൻ അവളിൽ തുടിക്കുന്നുണ്ടെന്ന സത്യം ഓരോ നിമിഷവും എന്നിൽ വല്ലാത്തൊരു ലഹരി നിറയ്ക്കുകയായിരുന്നു.

ഞാൻ അവളുടെ കവിളിലെ കണ്ണുനീർതുടച്ചുമാറ്റി, പതുക്കെ അവളെ കട്ടിലിൽ നിന്നും എഴുന്നേൽപ്പിച്ചു.

“വാ… നമുക്ക് താഴേക്ക് പോകാം,…”

ഞാൻ വാത്സല്യത്തോടെ പറഞ്ഞു.

അവൾ സമ്മതമെന്നോണം തലയാട്ടി. റൂമിന് പുറത്തിറങ്ങി കോണിപ്പടികൾ ഇറങ്ങാൻ തുടങ്ങിയപ്പോൾ എൻ്റെയുള്ളിൽ വല്ലാത്തൊരു ജാഗ്രതയായിരുന്നു. പടവുകൾ ഇറങ്ങുമ്പോൾ അവൾ എങ്ങാനും തെന്നി വീഴുമോ എന്ന പേടിയിൽ ഞാൻ അവളുടെ വലതുകൈ എന്റെ കൈക്കുള്ളിൽ മുറുകെ പിടിച്ചു.

മറ്റേ കൈ വളരെ കരുതലോടെ അവളുടെ അരക്കെട്ടിലൂടെ ചേർത്തുപിടിച്ചു.

ഓരോ പടിയും വളരെ സാവധാനത്തിലാണ് ഞാൻ അവളെക്കൊണ്ട് ഇറക്കിച്ചത്.

എന്റെ ഈ വെപ്രാളവും അമിതശ്രദ്ധയും കണ്ടപ്പോൾ അവൾക്കൊരു ചിരിവന്നു. അവൾ പടവുകളിൽ നിന്നുക്കൊണ്ട് എന്നെ നോക്കി.

“ആദീ… എന്ത്ന്ന ഈ കാണിക്കണേ? എനിക്ക് കുഴപ്പമൊന്നുല്യ, ഞാൻ നടന്നോളാം. ആദിയിപ്പൊ എന്നെ ഒരു സ്ഫടികപ്പാത്രം കൊണ്ടുപോവണ പോലെയാണല്ലോ പിടിച്ചേക്കണേ…”

അവൾ ആ പഴയ പാലക്കാടൻ കുസൃതിയോടെ എന്നെ നോക്കി കള്ളച്ചിരി ചിരിച്ചു.

“സ്ഫടികപ്പാത്രത്തേക്കാൾ വിലയുണ്ടിപ്പോ എന്റെ പെണ്ണിന്,”

ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി വളരെ ഗൗരവത്തിൽ, എന്നാൽ അതിലേറെ സ്നേഹത്തോടെ പറഞ്ഞു.

“നീ വെറുതെ സംസാരിക്കാതെ, എന്റെ കൂടെ പതുക്കെ കാല് വെച്ച് ഇറങ്ങാൻ നോക്ക്.”

എന്റെ ആ വാക്കുകൾ കേട്ടതും അവളുടെ മുഖത്തെ കുസൃതി മാറി അവിടെ നാണവും സന്തോഷവും വന്നുനിറഞ്ഞു. സ്വന്തം ഭർത്താവ് നൽകുന്ന ഈ കരുതലിന്റെ മാധുര്യം ആസ്വദിച്ചുകൊണ്ട് അവൾ എന്റെ നെഞ്ചിലേക്ക് ഒന്നുകൂടി ചേർന്നുനിന്നു പടവുകൾ ഇറങ്ങി.

താഴെ ഹാളിലെത്തിയപ്പോൾ അമ്മ ഞങ്ങളെയും കാത്ത് നിൽപ്പുണ്ടായിരുന്നു. മുഖത്ത് വലിയൊരു വാത്സല്യവും ആ പഴയ കുസൃതിച്ചിരിയും അപ്പോഴുമുണ്ടായിരുന്നു. ഞങ്ങൾ താഴെ

എത്തിയതും അമ്മ എന്റെ മുഖത്തേക്ക് നോക്കി.

“എന്താടാ… ഇപ്പോ മനസ്സിലായോ നിനക്ക് നിൻ്റെ പെണ്ണിന്റെ അസുഖം എന്താണെന്ന്?”

അമ്മ ചോദിച്ചപ്പോൾ ആ ശബ്ദത്തിൽ പറഞ്ഞറിയിക്കാൻ കഴിയാത്തത്ര വലിയൊരു ആഹ്ലാദമുണ്ടായിരുന്നു.

ഞാൻ ചിരിച്ചുകൊണ്ട് അമ്മയുടെ അടുത്തേക്ക് ചെന്നു.

“അമ്മയ്ക്ക് ഇതൊക്കെ നേരത്തെ അറിയാമായിരുന്നിട്ടും എന്നോട് പറഞ്ഞില്ലല്ലോ…”

ഞാൻ ചെറിയൊരു പരിഭവത്തോടെ ചോദിച്ചു.

“അതവൾക്ക് തന്നെ നിന്നോട് പറയണം എന്ന് വലിയ ആഗ്രഹമായിരുന്നു. ഞാൻ പറഞ്ഞാൽ പിന്നെ അതിലെന്താ ഒരു രസം?”

എന്ന് പറഞ്ഞ് അമ്മ വേഗം വന്ന് പാർവണയെ നെഞ്ചോട് ചേർത്തുപിടിച്ചു. ആ നെറുകയിലും കവിളിലും അമ്മ ഒരുപാട് തവണ ഉമ്മവെച്ചു.

“എന്റെ മോള് ഈ വീടിന്റെ വലിയൊരു സ്വപ്നമാ ഇപ്പൊ സാധിച്ചു തന്നത്…”

അമ്മയുടെ ശബ്ദം സന്തോഷം കൊണ്ട് നേരിയ തോതിൽ ഇടറുന്നുണ്ടായിരുന്നു.

“അമ്മേ…”

അവൾ നാണത്തോടെ അമ്മയുടെ നെഞ്ചിലേക്ക് ഒന്നുകൂടി മുഖം ചേർത്തു.

അമ്മയുടെ നെഞ്ചിൽ ചേർന്നുനിൽക്കുന്ന എൻ്റെ പാർവണ. നിറഞ്ഞ കണ്ണുകളോടെ ആ കാഴ്ച നോക്കിനിൽക്കുമ്പോൾ, ജീവിതം ഇതിലും മനോഹരമായി എങ്ങനെയാണ് എന്നെ അനുഗ്രഹിക്കുക എന്ന് ഞാൻ വെറുതെ ഓർത്തുപോയി.

പുറത്ത് പൊള്ളുന്ന ഉച്ചവെയിലാണെങ്കിലും, ആ വീടിന്റെ അകത്തളങ്ങളിൽ വരാനിരിക്കുന്ന ഒരു കുഞ്ഞിക്കാലുകളുടെ കിലുക്കം എനിക്ക് ഇപ്പോഴേ കേൾക്കാമായിരുന്നു…

**********

ഗർഭകാലത്തിന്റെ ആദ്യമാസങ്ങൾ ഞങ്ങളുടെ ജീവിതത്തിലേക്ക് ഇതുവരെയില്ലാത്ത വല്ലാത്തൊരു താളം കൊണ്ടുവന്നിരുന്നു. ദിവസങ്ങൾ കടന്നുപോകുന്തോറും അവളിൽ ഉണ്ടാകുന്ന ഓരോ ചെറിയ മാറ്റങ്ങളും ഞാൻ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടിരുന്നത്.

ഓഫീസിലെ തിരക്കുകൾക്കിടയിലും എൻ്റെ മനസ്സ് മുഴുവൻ വീട്ടിലായിരുന്നു. കൊച്ചുകൊച്ചു കുറുമ്പുകളും വാശികളുമായി അവൾ ശരിക്കുമൊരു കുട്ടിയായി മാറുകയായിരുന്നു.

Updated: August 26, 2026 — 3:35 pm

Leave a Reply

Your email address will not be published. Required fields are marked *