എന്റെ പാർവണയുടെ അതേ കണ്ണുകൾ! എന്റെ പ്രാണന്റെ ഒരു പാതി എന്നിലേക്ക് നോക്കുകയാണ്.
ഞാൻ ആ കുഞ്ഞിനെയും നെഞ്ചോട് ചേർത്ത്, ഉറങ്ങിക്കിടക്കുന്ന അവളുടെ അടുത്തേക്ക് വീണ്ടും നടന്നു. എൻ്റെ കണ്ണുനീർ ആ കുഞ്ഞിന്റെ കവിളിലേക്കും വീഴുന്നുണ്ടായിരുന്നു.
കുഞ്ഞിനെ ഞാൻ അവളുടെ ആ തണുത്ത മുഖത്തിന് നേരെ ചേർത്തുപിടിച്ചു.
“ദേ… കണ്ണുതുറന്ന് നോക്ക് പെണ്ണെ…”
എന്റെ ശബ്ദം വല്ലാതെ ഇടറിയിരുന്നു. സങ്കടം ഉള്ളിലൊതുക്കി ഞാൻ അവളോട് സംസാരിച്ചു.
“നീ എപ്പോഴും വാശി പിടിച്ചിരുന്നതുപോലെ… നീ ആഗ്രഹിച്ചതുപോലെത്തന്നെ ഒരു മോനാടീ നമുക്ക് ജനിച്ചത്. നിന്റെ അതേ നീലക്കണ്ണുകളുള്ള നമ്മുടെ മോൻ… ഒന്ന് കണ്ണ് തുറന്ന് നോക്ക് പാർവണേ… നിനക്ക് കാണണ്ടേ നമ്മുടെ മോനെ…”
എന്റെ വാക്കുകൾ ആ മുറിയിലെ വലിയ നിശബ്ദതയിൽ അലിഞ്ഞില്ലാതായി. പുറത്തേക്ക് പൊട്ടിത്തെറിക്കാൻ വന്ന കരച്ചിൽ ഞാൻ
വീണ്ടും പല്ലുകടിച്ച് ഉള്ളിലൊതുക്കി. അവൾ കേൾക്കുന്നുണ്ടെന്ന വിശ്വാസത്തിൽ, ഞാൻ ആ കുഞ്ഞിനെ എന്റെ നെഞ്ചോട് ഒന്നുകൂടി ഇറുകെ ചേർത്തുപിടിച്ചു.
എന്നിട്ട് ആ ചെറിയ കാതുകളിൽ ചുണ്ടുകൾ ചേർത്ത് വളരെ പതുക്കെ ഞാൻ മന്ത്രിച്ചു…
“ഋത്വിക്… ഋതുദേവ്.”
മരണത്തിന് പോലും അവളെ എന്നിൽ നിന്നും പൂർണ്ണമായി അകറ്റാൻ കഴിയില്ല. ആ കരിവളകളുടെ കിലുക്കവും, ചന്ദനത്തിന്റെ ഗന്ധവും, എന്നെ നോക്കിയുള്ള ആ കുസൃതിച്ചിരിയുമെല്ലാം ഈ നെഞ്ചിൽ തന്നെ എന്നുമുണ്ടാകും.
എൻ്റെ അവസാന ശ്വാസം നിലയ്ക്കുന്നതുവരെ… എൻ്റെ പ്രാണൻ്റെ പാതിയായി. എന്റെ സ്വന്തം പാർവണമായി….
(അവസാനിച്ചു )…
__________________________________________
ആദിയും അവന്റെ സ്വന്തം പാർവണയും ഇനി നമ്മുടെയൊക്കെ ഓർമ്മകളിൽ മാത്രം…
-മയക്കണ്ണൻ – ©
