ഡൈനിങ് ഹാളിന്റെ ചെറിയൊരു ഇടനാഴിയിലൂടെ അവൾ വേഗത്തിൽ നടന്നുപോകുമ്പോൾ ഞാൻ പതുക്കെ അവളുടെ കൈത്തണ്ടയിൽ കയറിപ്പിടിച്ചു.
പെട്ടെന്നുള്ള പിടുത്തത്തിൽ അവളൊന്ന് ഞെട്ടിയെങ്കിലും, എന്നെ കണ്ടതും ആ മുഖത്ത് നേരിയൊരു പരിഭ്രമം വന്നു. ഞാൻ പതുക്കെ അവളെ ആ വലിയ തൂണിന്റെ മറവിലേക്ക് ചേർത്തുനിർത്തി.
“ആദീ… എന്താ ഈ കാണിക്കണ? അവിടെ എല്ലാവരും എന്നെ അന്വേഷിക്കുന്നുണ്ടാവും, വിട്…”
അവൾ ചുറ്റും നോക്കി പതിയെ പറഞ്ഞു.
“അന്വേഷിക്കട്ടെ…”
ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.
“നീ ഇങ്ങനെ അണിഞ്ഞൊരുങ്ങി ഓടിനടന്നാൽ എൻ്റെ കണ്ണ് എങ്ങനെയാ വെറുതെ ഇരിക്കുക?”
അതുകേട്ടതും അവളുടെ കവിളുകളിൽ നാണം പൂത്തു.
” ആദി മുഹൂർത്തിനു സമയം ആയ്യി വേഗം മണ്ഡപത്തിലേക്ക് വാ…”
എന്റെ കയ്യിൽ നിന്നും പതുക്കെ കുതറിമാറി, ഒരു കുസൃതിച്ചിരിയോടെ അവൾ വേഗം നടന്നുപോയി. അവളുടെ ആ നാണവും ചിരിയും എന്റെ ഉള്ളിൽ വല്ലാത്തൊരു കുളിർമ നിറച്ചിരുന്നു.
കൃത്യം പത്തരയ്ക്കായിരുന്നു മുഹൂർത്തം. നാദസ്വരത്തിന്റെ ശബ്ദം ഉച്ചത്തിലായി. കെട്ടിപ്പൊക്കിയ വലിയ മണ്ഡപത്തിൽ പൂക്കൾ കൊണ്ട് തീർത്ത അലങ്കാരങ്ങൾക്കിടയിൽ അരവിന്ദ് കാത്തിരിപ്പുണ്ടായിരുന്നു. ഇളം പച്ചനിറമുള്ള പട്ടുസാരിയണിഞ്ഞ്, സർവ്വാഭരണവിഭൂഷിതയായി, പൂത്താലമേന്തിയ പെൺകുട്ടികളുടെ അകമ്പടിയോടെ അനഘ ചേച്ചി മണ്ഡപത്തിലേക്ക് നടന്നു കയറി.
ചേച്ചിയുടെ മുഖത്ത് വല്ലാത്തൊരു പ്രകാശമുണ്ടായിരുന്നു. മണ്ഡപത്തിൽ അരവിന്ദിന് വലത്തുവശത്തായി ചേച്ചി ഇരുന്നപ്പോൾ, അച്ഛൻ്റെ സ്ഥാനത്തുനിന്ന് പൂജിച്ച താലിമാല ഞാൻ അരവിന്ദിന്റെ കൈകളിലേക്ക് വെച്ചുകൊടുത്തു.
അവൻ ആ മാല അനഘ ചേച്ചിയുടെ കഴുത്തിലേക്ക് ചാർത്തുമ്പോൾ, നാദസ്വരത്തിന്റെ മേളങ്ങൾക്കൊപ്പം അവിടെ കൂടിനിന്നവരാകെ പൂക്കൾ വർഷിച്ചു. ഞാൻ തിരിഞ്ഞ് അമ്മയെ നോക്കി. സന്തോഷം കൊണ്ട് ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
അമ്മയുടെ അടുത്തായി നിന്നുകൊണ്ട് എന്നെത്തന്നെ നോക്കുകയായിരുന്നു പാർവണ. ഒരു സഹോദരൻ എന്ന നിലയിൽ എന്റെ ഉത്തരവാദിത്തം ഞാൻ പൂർത്തിയാക്കിയതിന്റെ വലിയൊരു അഭിമാനം അവളുടെ നോട്ടത്തിലുണ്ടായിരുന്നു.
സദ്യയും ഫോട്ടോയെടുപ്പുമെല്ലാം കഴിഞ്ഞ്, ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് അവർക്ക് ഇറങ്ങാനുള്ള സമയമായത്. അതുവരെ ചിരിച്ചുനടന്ന അനഘ ചേച്ചിയുടെ മുഖത്ത് അപ്പോഴേക്കും വല്ലാത്തൊരു മ്ലാനത പടർന്നിരുന്നു.
മുറ്റത്ത് അരവിന്ദിന്റെ കാർ
സ്റ്റാർട്ട് ചെയ്ത് കിടപ്പുണ്ട്. യാത്രപറയാനായി ആദ്യം അമ്മയുടെ അടുത്തേക്ക് ചെന്ന ചേച്ചി, യാതൊരു നിയന്ത്രണവുമില്ലാതെ പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു.
” അമ്മേ…”
ചേച്ചി വിതുമ്പി.
“നീ ആഗ്രഹിച്ച ജീവിതത്തിലേക്കല്ലേ പോവുന്നത്. സമാധാനമായിട്ട് പോയിട്ട് വാ…”
സ്വന്തം കണ്ണീർ മറച്ചുപിടിച്ച് അമ്മ അവളെ ആശ്വസിപ്പിച്ചു.
പിന്നെ ചേച്ചി എന്റെ അടുത്തേക്ക് വന്നു. അവളുടെ കണ്ണുകൾ വല്ലാതെ ചുവന്നിരുന്നു. എന്റെ നെഞ്ചിലേക്ക് വീണ് അവൾ ഇറുകെ കെട്ടിപ്പിടിച്ചു.
ഞാൻ അവളുടെ മുടിയിൽ തലോടിക്കൊണ്ട് വളരെ ശാന്തമായി പറഞ്ഞു.
“അച്ഛന്റെ സ്ഥാനത്ത് നിന്ന് നിന്നെ ഒരാളുടെ കയ്യിൽ ഏൽപ്പിക്കുമ്പോ എനിക്ക് സങ്കടമല്ല, അഭിമാനമാ. കരയാതെ പോയിട്ട് വാടീ…”
ഞാൻ അവളുടെ കണ്ണുനീർ തുടച്ചുകൊടുത്തു. അതിനുശേഷം അവൾ തിരിഞ്ഞത് പാർവണയുടെ അടുത്തേക്കാണ്.
“എന്റെ ആദിയെയും അമ്മയെയും നീ പൊന്നുപോലെ നോക്കണം ട്ടോ…”
ചേച്ചി കരഞ്ഞുകൊണ്ട് അവളുടെ കയ്യിൽ പിടിച്ചു.
പാർവണയുടെ കണ്ണുകളും നിറഞ്ഞിരുന്നു. അവൾ ചേച്ചിയെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.
“എന്റെ ചേച്ചി കുട്ടി ഇങ്ങനെ കരയാതെ… ചേച്ചിക്ക് എപ്പോ വേണമെങ്കിലും ഇങ്ങോട്ട് വരാം. ഞാൻ കാത്തിരിക്കും ചേച്ചി വരുന്നതും നോക്കി. സന്തോഷമായിട്ട് പോയിട്ട് വാ ചേച്ചീ…”
അരവിന്ദ് വന്ന് എല്ലാവരോടും യാത്ര ചോദിച്ച് കാറിലേക്ക് കയറി. ചേച്ചിയും നിറകണ്ണുകളോടെ വണ്ടിയിലേക്ക് കയറി. കാർ മെല്ലെ മുന്നോട്ടെടുത്തപ്പോൾ, ജനാലയിലൂടെ പുറത്തേക്ക് നോക്കി കൈവീശുന്ന ചേച്ചിയുടെ മുഖത്ത് ഒരുപാട് ഓർമ്മകൾ ബാക്കിവെച്ച് പടിയിറങ്ങുന്നതിന്റെ സകല സങ്കടങ്ങളും ഉണ്ടായിരുന്നു.
