പാർവണം – 9 6അടിപൊളി  

നിലാവിന്റെ വെളിച്ചത്തിൽ, ഫോണും കാതിൽ വെച്ച് പുറത്തേക്ക് നോക്കി നിൽക്കുകയാണ് അനഘ ചേച്ചി.

“മതി മനുഷ്യ… വെറുതെ എന്നെ പേടിപ്പിക്കാതെ….”

ചേച്ചി വളരെ പതുക്കെ, ഒരു നാണത്തോടെ പറയുകയാണ്.

ഞാൻ ശബ്ദമുണ്ടാക്കാതെ ചെന്ന് ചേച്ചിയുടെ പിന്നിൽ നിന്നു. തിരിഞ്ഞതും എന്നെക്കണ്ട് ചേച്ചിയുടെ കയ്യിൽ നിന്നും ഫോൺ താഴെ വീഴാൻ പോയി. ഞാൻ വേഗം ഫോൺ വാങ്ങി സ്പീക്കറിലിട്ടു.

“ഡാ അളിയാ…”

ഞാൻ വളരെ ശാന്തമായി വിളിച്ചു.

മറുതലക്കൽ വലിയൊരു നിശബ്ദത. പിന്നെ വളരെ പരുങ്ങിക്കൊണ്ട് അരവിന്ദിന്റെ ശബ്ദം കേട്ടു.

“ഡാ ആദീ… അത് പിന്നെ, അവൾക്ക് ഉറക്കം വരുന്നില്ല എന്ന് പറഞ്ഞപ്പോ വെറുതെ ഒന്ന് വിളിച്ചതാ…”

“കല്യാണത്തിന് ഇനി മൂന്ന് ദിവസമല്ലേ ഉള്ളൂ അളിയാ. അത് കഴിഞ്ഞ് നിങ്ങൾക്ക് എത്രവേണേലും സംസാരിക്കാമല്ലോ. അതുവരെ അവളൊന്ന് സ്വസ്ഥമായിട്ട് ഉറങ്ങട്ടെ. നീ ഫോൺ വെച്ചേ…”

ഞാൻ ചിരിയമർത്തിക്കൊണ്ട് പറഞ്ഞു.

“ശരി അളിയാ…ഞാൻ വെക്കുവാ,”

വല്ലാത്തൊരു ചമ്മലോടെ അരവിന്ദ് ഫോൺ വെച്ചു.

ചേച്ചി നാണം കൊണ്ട് മുഖം കുനിച്ച് നിൽക്കുകയായിരുന്നു. സച്ചുച്ചേട്ടനും അഞ്ജലി ചേച്ചിയും അവളെ കളിയാക്കി ചിരിച്ചുകൊണ്ട് ബാൽക്കണിയിലേക്ക് വന്നു. ആ വലിയ ബാൽക്കണിയിലെ ഇളംകാറ്റിൽ ഞങ്ങൾ

വട്ടത്തിൽ ഇരുന്നു. ആകാശത്ത് നല്ല നിലാവുണ്ടായിരുന്നു.

പെട്ടെന്ന് സച്ചുച്ചേട്ടൻ ചിരിച്ചുകൊണ്ട് എന്നെയും പാർവണയെയും മാറിമാറി നോക്കി.

“ഇതൊക്കെ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് എൻ്റെ കല്യാണമാ…”

സച്ചുച്ചേട്ടൻ പഴയ ഓർമ്മകളിലേക്ക് പോയി.

“അന്ന് എന്റെ കല്യാണപ്പന്തലിൽ വെച്ച് ഇവൻ നിന്നെ വട്ടം ചുറ്റിയത് ഇന്നലെ കഴിഞ്ഞ പോലെയാ എനിക്ക് തോന്നുന്നത്. അന്ന് ഇവന്റെ കണ്ണ് മുഴുവൻ എങ്ങോട്ടാണെന്ന് എനിക്ക് മാത്രമേ അറിയുമായിരുന്നുള്ളു.”

അതുകേട്ട് പാർവണ നാണത്തോടെ ഒന്ന് ചിരിച്ചു.

“അന്ന് ആ നാലുകെട്ടിന്റെ കുളക്കടവിൽ വെച്ച് എന്നെ കണ്ടപ്പോൾ വേറെ ഏതോ ആളാണെന്ന് കരുതി എന്നാ കള്ളാ ആദി പറഞ്ഞത്,”

പാർവണ എന്നെ നോക്കി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.

“അത് കള്ളമായിരുന്നില്ല…”

ഞാൻ അവളെ നോക്കി വളരെ ഗൗരവത്തിൽ പറഞ്ഞു.

“സച്ചുച്ചേട്ടന്റെ കല്യാണത്തിന് വരുന്നതിന് മുൻപ് ഞാൻ കണ്ട സ്വപ്നത്തിലെ ആ

നീലക്കണ്ണുകളുള്ള പെൺകുട്ടി നേരിട്ട് മുന്നിൽ വന്നപ്പോൾ ഞാൻ ശരിക്കും അമ്പരന്നുപോയിരുന്നു. എനിക്കത് വിശ്വസിക്കാൻ കുറച്ചു സമയം വേണമായിരുന്നു.”

അനഘ ചേച്ചി പാർവണയുടെ തോളിലൂടെ കയ്യിട്ടുകൊണ്ട് പറഞ്ഞു.

“അതൊക്കെ പോട്ടെ, അന്ന് ടൗണിൽ വെച്ച് ആ ദേവൻ വന്ന് കുത്തിയപ്പോൾ… ചോര വാർന്നു കിടന്ന നിന്നെ മടിയിൽ വെച്ച് ഇവൾ കരഞ്ഞ കരച്ചിലുണ്ടല്ലോ…

അപ്പോഴാണ് ഈ പാലക്കാട്ടുകാരിയുടെ സ്നേഹം ഞങ്ങൾ ശരിക്കും കണ്ടത്. ഐ.സി.യുവിന്റെ മുന്നിൽ വെച്ച് ഡോക്ടറോട് ‘എന്റെ ആദിക്ക് എന്ത് വന്നാലും ഞാൻ ചോര കൊടുക്കും’ എന്ന് ഇവൾ പറഞ്ഞപ്പോൾ ഞങ്ങൾ ശരിക്കും ഞെട്ടിപ്പോയി.”

ഞാൻ പാർവണയുടെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണുകളിൽ അപ്പോഴും ആ പഴയ ഓർമ്മകളുടെ ഒരു നേരിയ ഭയം മിന്നിമറയുന്നുണ്ടായിരുന്നു. ഞാൻ പതുക്കെ അവളുടെ കൈകൾ ചേർത്തുപിടിച്ചു.

“അതെ… അന്ന് ഇവളില്ലായിരുന്നെങ്കിൽ ഞാൻ ഇന്നീ ബാൽക്കണിയിൽ നിങ്ങളുടെ കൂടെ ഇരിക്കില്ലായിരുന്നു. എന്റെ ശരീരത്തിൽ ഇപ്പോൾ ഓടുന്നത് ഇവളുടെയും കൂടി ‘A Positive’ ചോരയല്ലേ…”

ഞാൻ വളരെ ആർദ്രമായി പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.

“മതി… പഴയതൊന്നും ഓർമ്മിപ്പിച്ച് എന്നെ കരയിപ്പിക്കാതെ…”

അവൾ എന്റെ തോളിലേക്ക് ചാഞ്ഞു.

സച്ചുച്ചേട്ടനും അഞ്ജലി ചേച്ചിയും പരസ്പരം നോക്കി സ്നേഹത്തോടെ ഒന്ന് പുഞ്ചിരിച്ചു. വലിയൊരു കൊടുങ്കാറ്റിനെ അതിജീവിച്ച്, പരസ്പരം ചോരയും ജീവനും പകുത്തുനൽകിയ രണ്ട്

പ്രണയിതാക്കളുടെ ശാന്തതയായിരുന്നു ഞങ്ങൾക്കിടയിൽ.

ആ ബാൽക്കണിയിൽ പെയ്യുന്ന നിലാവിനേക്കാൾ വലിയൊരു കുളിർമ, വരാനിരിക്കുന്ന പുതിയൊരു ജീവിതത്തെക്കുറിച്ചുള്ള ഞങ്ങളുടെ സ്വപ്നങ്ങളിലുണ്ടായിരുന്നു…

Updated: August 26, 2026 — 3:35 pm

Leave a Reply

Your email address will not be published. Required fields are marked *