പാർവണം – 9 6അടിപൊളി  

ഞാൻ ആരെയും വകവെക്കാതെ റൂമിന് പുറത്തേക്ക് നടന്നു. കാലുകൾക്ക് വല്ലാത്തൊരു വേദനയുണ്ടായിരുന്നെങ്കിലും, ആ നിമിഷം അതൊന്നും

ഞാൻ അറിഞ്ഞില്ല. മനസ്സിൽ മുഴുവൻ അവളായിരുന്നു.

എന്റെ കാതുകളിൽ അപ്പോഴും അവളുടെ ആ അവസാനത്തെ അലർച്ച മുഴങ്ങുന്നുണ്ടായിരുന്നു.

ഞാൻ വേഗത്തിൽ അവൾ കിടക്കുന്ന ആ മുറിക്ക് മുന്നിലെത്തി. വാതിൽ തുറക്കാൻ പോയതും, പിന്നിൽ നിന്നോടിവന്ന അമ്മയും ചേച്ചിയും എന്റെ രണ്ടു കൈകളിലും കേറിപ്പിടിച്ചു.

“ആദീ… നീ ഇപ്പൊ അങ്ങോട്ട് പോവണ്ട മോനെ… ഞാൻ പറയുന്നതൊന്ന് കേൾക്ക്…”

അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് എൻ്റെ കാലുകളിലേക്ക് വീഴാൻ പോയി.

“ആദീ… പോവല്ലേടാ…”

ചേച്ചിയും ഉറക്കെ കരഞ്ഞു.

ഞാൻ ആ കൈകൾ വിടുവിച്ച്, ആ വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് കയറി.

മുറിക്കുള്ളിലെ ആ വലിയ നിശബ്ദതയിൽ, നടുവിലായി ആ കിടക്ക… അതിൽ വെള്ളപ്പുതപ്പിട്ട് മൂടിയ ഒരു രൂപം. ആ കാഴ്ച കണ്ടതും എന്റെ ശരീരമാകെ തളർന്നു.

കാലുകൾക്ക് ബലം നഷ്ടപ്പെടുന്നതുപോലെ തോന്നി. തലയിലെ വേദന ഒന്നുകൂടി ഇരട്ടിച്ചു. എന്റെ നെഞ്ചിലേക്ക് ആരോ വലിയൊരു പാറക്കല്ല് എടുത്തുവെച്ചതുപോലെ ശ്വാസം കിട്ടാതെ ഞാൻ പിടഞ്ഞു.

കണ്ണുകൾ കലങ്ങി ചുവന്നു, എന്റെ നിയന്ത്രണമില്ലാതെ കണ്ണുനീർ ധാരധാരയായി ഒഴുകാൻ തുടങ്ങി.

വിറയ്ക്കുന്ന കാലുകളോടെ, ഒരു ഭ്രാന്തനെപ്പോലെ ഞാൻ ആ കിടക്കയ്ക്കരികിലേക്ക് നടന്നു. എൻ്റെ ലോകം മുഴുവൻ ആ വെള്ളത്തുണിക്ക് താഴെ നിശ്ചലമായി കിടക്കുകയാണെന്ന സത്യം ഉൾക്കൊള്ളാൻ എൻ്റെ ഹൃദയം തയ്യാറായിരുന്നില്ല.

വിറയ്ക്കുന്ന വിരലുകളോടെ ഞാൻ ആ വെള്ളത്തുണി അവളുടെ മുഖത്തുനിന്നും പതുക്കെ താഴേക്ക് നീക്കി.

എന്റെയുള്ളിലെ സകല നാഡീഞരമ്പുകളും പൊട്ടിത്തെറിക്കുന്നതുപോലെ എനിക്ക് തോന്നി. എൻ്റെ ജീവന്റെ പാതി… എന്റെ പാർവണ! അവളുടെ മുഖം എന്റെ മുന്നിൽ തെളിഞ്ഞുവന്നു.

നീലകണ്ണുകളടച്ച്, വല്ലാത്തൊരു ശാന്തതയോടെ അവൾ ഉറങ്ങുകയാണ്. ഒരിക്കലും ഉണരാത്ത വലിയൊരു ഉറക്കത്തിലേക്ക്.

ആ നിമിഷം എന്റെ മനസ്സിലേക്ക് ഓടിയെത്തിയത് തറവാട്ടിലെ ആ ഇരുട്ടിൽ വെച്ച് അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞ ആ രാത്രിയാണ്. കാറ്റിൽ ഉലയുന്ന ആ കരിമ്പനകളുടെ പശ്ചാത്തലത്തിൽ, അവളുടെ വിറയ്ക്കുന്ന ചുണ്ടുകൾ എന്നോട് പറഞ്ഞ ആ വാക്കുകൾ…

“എനിക്കെന്റെ ആദിയെ ജീവനാ… ആർക്കും വിട്ടുകൊടുക്കാതെ എന്നെ ചേർത്തുപിടിച്ച ഈ നെഞ്ചിൽ എനിക്ക് ജീവൻ പോണ വരെ ഇങ്ങനെ തലചായ്ച്ചു കിടക്കണം…”

നെഞ്ചുപൊട്ടി ഒരു വലിയ നിലവിളി പുറത്തേക്ക് വരാൻ

വെമ്പിയെങ്കിലും, എന്റെ തൊണ്ടക്കുഴിയിൽ ആ ശബ്ദം കുരുങ്ങിപ്പോയി. എനിക്ക് വാവിട്ട് കരയാൻ കഴിഞ്ഞില്ല.

വലിയൊരു വിങ്ങലായി അത് എന്റെ നെഞ്ചിൽ കിടന്ന് നീറിപ്പുകഞ്ഞു. കണ്ണുനീർ മാത്രം ഒരു നദിയായി ഒഴുകി. ഞാൻ കുനിഞ്ഞ് ആ തണുത്ത കവിളുകളിൽ എൻ്റെ മുഖം ചേർത്തു.

അവളുടെ മുഖത്തും വിറങ്ങലിച്ച കൈകളിലുമെല്ലാം എന്റെ കണ്ണുനീർത്തുള്ളികൾ വീണുടഞ്ഞു. ഒരു നിമിഷം കൊണ്ട് എന്റെ സ്വർഗ്ഗം മുഴുവൻ വലിയൊരു ശൂന്യതയിലേക്ക് വീണുപോയിരിക്കുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ പിന്നിൽ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. അമ്മയും ചേച്ചിയും അരവിന്ദും കൂടി അകത്തേക്ക് വരികയാണ്. ഞാൻ പതുക്കെ തിരിഞ്ഞുനോക്കി.

അമ്മയുടെ കൈകളിൽ ചെറിയൊരു വെളുത്ത തുണിയിൽ പൊതിഞ്ഞ ഒരു കുരുന്നു ജീവനുണ്ടായിരുന്നു. വിതുമ്പിക്കരഞ്ഞുകൊണ്ട് അമ്മ എന്റെ അടുത്തേക്ക് വന്നു. ആ ചെറിയ ജീവനെ അമ്മ എന്റെ വിറയ്ക്കുന്ന കൈകളിലേക്ക് വെച്ചുതന്നു.

“നമുക്ക്… ഇവനെ തന്നിട്ട് അവൾ പോയി മോനെ… നമ്മളെ തനിച്ചാക്കിയിട്ട് അവൾ പോയി…”

അമ്മ അത് പറഞ്ഞ് നെഞ്ചത്തടിച്ച് പൊട്ടിക്കരഞ്ഞു. അനഘ ചേച്ചിയും വാവിട്ട് കരയുകയായിരുന്നു. അരവിന്ദ് ഒന്നും മിണ്ടാനാകാതെ, നിറകണ്ണുകളോടെ തലകുനിച്ച് നിന്നു.

ഞാൻ എൻ്റെ കൈകളിലിരിക്കുന്ന ആ ചെറിയ കുരുന്നിലേക്ക് നോക്കി. അവൻ പതുക്കെ കണ്ണുകൾ തുറന്നു. എന്റെ ശ്വാസം വീണ്ടും നിലച്ചുപോയി. ആ ഇളം നീലക്കണ്ണുകൾ…

Updated: August 26, 2026 — 3:35 pm

Leave a Reply

Your email address will not be published. Required fields are marked *