പാർവണം – 9 6അടിപൊളി  

*************

കല്യാണത്തലേന്നത്തെ സായാഹ്നം. വലിയൊരുക്കങ്ങളൊക്കെ മണ്ഡപത്തിൽ നടക്കുമ്പോഴും, കുടുംബത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങിനായി ഞങ്ങൾ അമ്പലത്തിലേക്ക് തിരിച്ചു. നാളത്തെ മുഹൂർത്തത്തിൽ ചേച്ചിയുടെ കഴുത്തിൽ വീഴേണ്ട ആ താലിമാല പൂജിക്കാൻ വേണ്ടിയായിരുന്നു അത്.

സന്ധ്യാദീപം തെളിഞ്ഞ ക്ഷേത്രമുറ്റത്ത് വലിയൊരു ശാന്തതയുണ്ടായിരുന്നു. ശ്രീകോവിലിന് മുന്നിൽ കൈകൂപ്പി നിൽക്കുമ്പോൾ, എന്റെ ഇടത് വശത്തായി അമ്മയും ചേച്ചിയും, വലതുവശത്ത് എൻ്റെ പാർവണയും നിൽപ്പുമുണ്ടായിരുന്നു.

മന്ത്രോച്ചാരണങ്ങൾക്ക് ശേഷം നട തുറന്നപ്പോൾ, ദീപാരാധനയുടെ പൊൻവെളിച്ചം എല്ലാവരുടെയും മുഖത്ത് വല്ലാത്തൊരു പ്രകാശം പരത്തി. പൂജിച്ച ആ വലിയ താലിമാല പൂജാരി എനിക്ക് നേരെ നീട്ടി.

രണ്ടുകൈകളും നീട്ടി ആ താലി ഏറ്റുവാങ്ങുമ്പോൾ എന്റെ കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. ഒരു അച്ഛന്റെ സ്ഥാനത്തുനിന്ന് ആ കുടുംബനാഥൻ്റെ സകല ഉത്തരവാദിത്തങ്ങളും ഞാൻ നെഞ്ചേറ്റുന്ന നിമിഷം.

നിറകണ്ണുകളോടെയാണ് അമ്മ ആ കാഴ്ച നോക്കിനിന്നത്. അച്ഛനില്ലാത്തതിൻ്റെ ഒരു കുറവും അറിയിക്കാതെ സ്വന്തം പെങ്ങളെ കൈപിടിച്ച് നൽകാൻ തയ്യാറായി നിൽക്കുന്ന മകനെയോർത്ത് ആ അമ്മയുടെ ഉള്ളിൽ വലിയൊരു അഭിമാനം അലയടിക്കുന്നുണ്ടായിരുന്നു.

ഞാൻ തിരിഞ്ഞ് പാർവണയെ നോക്കി. ആ നീലക്കണ്ണുകളിൽ എന്നോടുള്ള ആരാധനയും പ്രണയവും നിറഞ്ഞുതുളുമ്പുന്നത് ഞാൻ കണ്ടു.

അമ്പലമുറ്റത്തെ ആൽത്തറയിലുടെ നടക്കുമ്പോൾ പാർവണ പതുക്കെ എൻ്റെ അടുത്തേക്ക് വന്നു.

“നാളെ അരവിന്ദേട്ടൻ ഈ താലി ചേച്ചീടെ കഴുത്തിൽ കെട്ടുമ്പോഴാ എൻ്റെ ആദിയുടെ സ്വപ്നം സഫലമാവുക അല്ലെ?”

അവൾ എന്നെ നോക്കി വളരെ പതുക്കെ ചോദിച്ചു.

“അതെ…”

ഞാൻ ദൂരേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

“എന്റെ ചേച്ചിയെ സുരക്ഷിതമായ ഒരു കയ്യിൽ ഏൽപ്പിക്കാൻ പോകുന്നതിൻ്റെ സമാധാനം.”

അതുകേട്ട് അവൾ എന്റെ കയ്യിൽ പതുക്കെ ഒന്നമർത്തിപ്പിടിച്ചു. വരാനിരിക്കുന്ന വലിയൊരു സന്തോഷത്തിലേക്ക് കാലെടുത്തുവെക്കുന്നതിന്റെ ധൈര്യം ആ പിടിയിലുണ്ടായിരുന്നു…

മണ്ഡപത്തിലെ ഒരുക്കങ്ങളും ബന്ധുക്കളുടെ ബഹളങ്ങളുമൊക്കെ കഴിഞ്ഞ് രാത്രി വൈകിയാണ് ഞങ്ങൾ വീട്ടിലെത്തിയത്. വീട് വല്ലാത്തൊരു നിശബ്ദതയിലേക്ക് വീണു. ഞാൻ താഴെ ഹാളിലെ സോഫയിലിരുന്ന് നാളത്തെ ചില കണക്കുകൾ നോക്കുകയായിരുന്നു. തൊട്ടടുത്ത് തന്നെ അമ്മയും പാർവണയുമുണ്ട്.

പെട്ടെന്നാണ് അനഘ ചേച്ചി താഴേക്ക് വന്നത്. മുഖമാകെ

വല്ലാണ്ട് വിളറിയിരുന്നു. കണ്ണുകൾ കരഞ്ഞുകലങ്ങി ചുവന്നിട്ടുണ്ട്. യാതൊരു ശബ്ദവുമുണ്ടാക്കാതെ അവൾ പതുക്കെ വന്ന് അമ്മയുടെ മടിയിലേക്ക് തലവെച്ചു കിടന്നു.

ആ കിടപ്പിൽ, ഒരുപാട് നാളായി അടക്കിപ്പിടിച്ച ഒരു പെൺകുട്ടിയുടെ സകല സങ്കടങ്ങളും ഒരു പൊട്ടിക്കരച്ചിലായി പുറത്തേക്ക് വന്നു. നാളെയോടെ താൻ ജനിച്ചുവളർന്ന ഈ വീടിന്റെ പടിയിറങ്ങുകയാണല്ലോ എന്ന യാഥാർഥ്യം അവളെ വല്ലാതെ പൊള്ളിക്കുന്നുണ്ടായിരുന്നു. അമ്മയുടെ സാരിത്തലപ്പിൽ മുഖമമർത്തി അവൾ വിതുമ്പിക്കരഞ്ഞു.

“എനിക്ക്… എനിക്ക് വല്ലാത്തൊരു ശ്വാസംമുട്ടൽ പോലെ തോന്നുന്നു അമ്മേ…”

ചേച്ചിയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

“ഇത്രയും കാലം എന്റെ ലോകം ഈ വീടായിരുന്നു. ആദിയുടെ വഴക്കുകളും, അമ്മയുടെ ശാസനകളും… നാളെ നേരം വെളുത്താൽ ഞാൻ ഈ വീടിന് ഒരു അതിഥി മാത്രമാവില്ലേ എന്നോർക്കുമ്പോൾ എനിക്ക് നെഞ്ച് പൊട്ടുന്നതുപോലെ തോന്നുവാ…”

അതുകേട്ടതും അമ്മയുടെ കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ അവളുടെ മുടിയിലേക്ക് വീണു. അമ്മ അവളെ കൂടുതൽ നെഞ്ചോട് ചേർത്തുപിടിച്ചു.

“പെണ്ണായി പിറന്നാൽ ഇതൊക്കെ എല്ലാവരും അനുഭവിക്കേണ്ട കാര്യമല്ലേ മോളെ… പുതിയൊരു വീട്ടിലേക്ക് വിളക്കുവെച്ച് കയറുമ്പോൾ, ഈ സങ്കടങ്ങളൊക്കെ നീ മറക്കും. നിനക്ക് കൂട്ടിന് നല്ലൊരു പയ്യനെയല്ലേ കിട്ടിയത്…”

അമ്മ സങ്കടം പുറത്തുകാണിക്കാതെ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

Updated: August 26, 2026 — 3:35 pm

Leave a Reply

Your email address will not be published. Required fields are marked *