“ഏയ് അതൊന്നുമില്ല അമ്മേ. ഇന്നലെ രാത്രി ഉറങ്ങാൻ ഇത്തിരി വൈകി, അതിന്റെയാ…”
ചേച്ചി അമ്മയുടെ തോളിലൂടെ കയ്യിട്ടു.
“ഇനിയിപ്പൊ ഉമ്മറത്ത് നിന്ന് കഥ പറയാതെ എല്ലാവരും അകത്തേക്ക് വാ. എനിക്ക് നല്ല വിശപ്പുണ്ട്,”
ഞാൻ ബാഗും പിടിച്ച് ഉമ്മറത്തേക്ക് കയറിക്കൊണ്ട് പറഞ്ഞു.
അകത്തേക്ക് കയറിയ പാടെ ചേച്ചി പോയി കുളിച്ച്
ഫ്രഷ് ആയി വന്നു. അപ്പോഴേക്കും ഡൈനിങ് ടേബിളിൽ അവർ വലിയൊരു സദ്യ തന്നെ ഒരുക്കിവെച്ചിട്ടുണ്ടായിരുന്നു.
ചേച്ചിക്ക് ഏറ്റവും ഇഷ്ടമുള്ള നെയ്മീൻ വറുത്തതും, അവിയലും, സാമ്പാറും ഒക്കെയായി ഒരു ഗംഭീര ഉച്ചയൂണ്. ഞങ്ങൾ മൂന്നുപേരും തീൻമേശയ്ക്ക് ചുറ്റും ഇരുന്നു.
ഞങ്ങൾക്ക് വിളിബിതരാനുള്ള വലിയ ആവേശത്തിൽ പാർവണയും അമ്മയും ഒപ്പമുണ്ടായിരുന്നു.
ചോറിലേക്ക് കറി ഒഴിക്കുന്നതിനിടയിൽ ആ ഭക്ഷണത്തിന്റെ മണം പിടിച്ച് ചേച്ചി പാർവണയെ നോക്കി ചോദിച്ചു.
“ഇതൊക്കെ എപ്പോഴാ ഉണ്ടാക്കിയത്? നീ കുറെ കഷ്ട്ടപെട്ടു അല്ലെ”
“ഞാനെന്ത് കഷ്ടപ്പെടാൻ? രാവിലെ ആദി പോയതിന് ശേഷം ഞാനും അമ്മയും കൂടി പതുക്കെ തുടങ്ങിയതാ. ചേച്ചിക്ക് ഇതൊക്കെ വല്യ ഇഷ്ടമാണെന്ന് അമ്മ പറഞ്ഞിരുന്നു,”
പാർവണ ചിരിയോടെ ചേച്ചിക്ക് മീൻ വറുത്തത് വെച്ചുകൊടുത്തു.
ഭക്ഷണം കഴിക്കുന്നതിനിടയിലാണ് കല്യാണത്തിന്റെ ബാക്കി ഒരുക്കങ്ങളെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയത്.
“ഇനിയിപ്പൊ നാളെയൊന്ന് നീ റെസ്റ്റ് എടുത്തോ അനഘേ,”
അമ്മ പറഞ്ഞു തുടങ്ങി.
“മറ്റന്നാൾ തൊട്ട് നമുക്ക് പർച്ചേസിങ് തുടങ്ങാം. സ്വർണ്ണം എടുക്കാനും സാരി എടുക്കാനും എങ്ങോട്ടാ പോവുക എന്ന് നിങ്ങൾ തന്നെ തീരുമാനിച്ചോ.”
“സ്വർണ്ണം നമുക്ക് എം.ജി റോഡിലെ ഏതെങ്കിലും കടകളിൽ നോക്കാം അമ്മേ. സാരിയും അവിടുന്ന് തന്നെ എടുക്കാം,” ഞാൻ പറഞ്ഞു.
അപ്പോൾ പാർവണ ഇടക്കിരുന്നുകൊണ്ട് പറഞ്ഞു.
“സാരി എടുക്കുമ്പോഴാ… രാവിലെ ഞാനും അമ്മയും കൂടി ചേച്ചിക്ക് ഏത് കളർ സാരിയാ ഏറ്റവും കൂടുതൽ ചേരുക എന്ന ചർച്ചയിലാരുന്നു. എനിക്ക് തോന്നുന്നത് ഇളം മെറൂൺ അല്ലെങ്കിൽ ഒരു ഡാർക്ക് പച്ച കളർ ചേച്ചിക്ക് നല്ല ഭംഗിയായിരിക്കും എന്നാ…”
അതുകേട്ട് ചേച്ചി വലിയൊരു ചിരിയോടെ എന്നെ നോക്കി. പിന്നെ പാർവണയോടായി പറഞ്ഞു.
“അതൊക്കെ എന്റെ നാത്തൂന്റെ സെലക്ഷൻ പോലെ മതി. നിനക്ക് ഏതാണോ എനിക്ക് ചേരുമെന്ന് തോന്നുന്നത്, അത് തന്നെ എടുത്താൽ മതി.”
“അപ്പൊ കാര്യങ്ങൾക്കൊരു തീരുമാനമായി,”
ഞാൻ വെള്ളം കുടിച്ചുകൊണ്ട് ചിരിയോടെ പറഞ്ഞു.
“പർച്ചേസിങ്ങിന് പോകുമ്പോ എന്റെ കാർഡ് കാലിയാകും എന്ന് ഉറപ്പായി. ഇവളുടെ ഒരു സെലക്ഷൻ കഴിയുമ്പോഴേക്കും എന്റെ അക്കൗണ്ടിലെ പകുതി കാശും തീർന്നിട്ടുണ്ടാവും.”
അതുകേട്ടതും പാർവണ എന്നെ നോക്കി കള്ളദേഷ്യം കാണിച്ച് കണ്ണ് ഉരുട്ടി. എന്റെ ആ
ഡയലോഗ് കേട്ട് ചേച്ചിയും അമ്മയും പൊട്ടിച്ചിരിച്ചു. ഒരുപാട് കാലത്തിന് ശേഷം ആ വീടിന്റെ ഊണുമുറിയിൽ യാതൊരു ടെൻഷനുമില്ലാത്ത, സന്തോഷത്തിന്റെ പൊട്ടിച്ചിരികൾ നിറഞ്ഞുനിൽക്കുകയായിരുന്നു.
കല്യാണത്തിന്റെ ഉത്സവത്തിലേക്ക് ആ വീട് പൂർണ്ണമായും മാറിക്കഴിഞ്ഞിരുന്നു…….
ലീവായതുകൊണ്ട് വലിയ തിരക്കുകളൊന്നുമില്ലാതെ ആ രണ്ടു ദിവസങ്ങൾ വളരെ പെട്ടെന്നാണ് കടന്നുപോയത്. രാവിലെ പതിവിലും വൈകി എഴുന്നേൽക്കുക, പിന്നെ ചേച്ചിയോടും പാർവണയോടും വെറുതെ ഓരോന്ന് പറഞ്ഞ് തല്ലുപിടിക്കുക…
ജോലിയുടെ യാതൊരു ടെൻഷനുമില്ലാതെ വീട്ടിലിരിക്കുമ്പോൾ എനിക്കും വേണ്ടേ ചെറിയ ചില എന്റർടൈൻമെന്റുകൾ. അവളും ചേച്ചിയും കൂടെ ചേരുമ്പോൾ പിന്നെ ആ വീട്ടിൽ എപ്പോഴും വല്ലാത്തൊരു ബഹളമായിരുന്നു.
ഞാൻ എന്തെങ്കിലും പറയാൻ തുടങ്ങിയാൽ പിന്നെ രണ്ടുംകൂടി ഒറ്റക്കെട്ടായി എനിക്കെതിരെ തിരിയും. എന്നാലും ആ ദിവസങ്ങളിൽ ഞങ്ങളുടെ വീട് ശരിക്കുമൊരു സ്വർഗ്ഗമായിരുന്നു.
അങ്ങനെ അരവിന്ദും കുടുംബവും ഔദ്യോഗികമായി പെണ്ണുകാണാനും കല്യാണക്കാര്യങ്ങൾ സംസാരിക്കാനും വരുന്ന
ദിവസമെത്തി. രാവിലെ മുതൽ വീട്ടിൽ നല്ല തിരക്കായിരുന്നു. ഉമ്മറവും മുറ്റവുമൊക്കെ അടിച്ചുവാരി വൃത്തിയാക്കുന്നതിലും, അവർക്ക് കഴിക്കാനുള്ള പലഹാരങ്ങൾ ഉണ്ടാക്കുന്നതിലുമൊക്കെയായി പാർവണ ഒരു വീട്ടമ്മയുടെ സകല ഉത്തരവാദിത്തങ്ങളും ഏറ്റെടുത്തിരുന്നു.
