“ഓഫീസിൽ വലിയ തിരക്കൊന്നുമില്ല അമ്മേ. പുതിയ വർക്കുകൾ ഒന്നും വന്നിട്ടില്ല. അതുകൊണ്ട് ഞാൻ ഹാഫ് ഡേ ലീവ് എടുത്ത് പോന്നു,”
ഷൂസ് അഴിച്ചുമാറ്റി അകത്തേക്ക് കയറുന്നതിനിടയിൽ ഞാൻ പറഞ്ഞു.
ഹാളിലെ സോഫയിലേക്ക് വലിയൊരു തളർച്ചയോടെ ഇരിക്കുമ്പോൾ ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു.
“അവളെവിടെ അമ്മേ?”
ഞാൻ ചോദിച്ചു.
“അവൾക്ക് നല്ല സുഖമില്ലടാ… മോളിലത്തെ റൂമിൽ കിടപ്പുണ്ട്.”
അത് പറയുമ്പോഴും അമ്മയുടെ മുഖത്ത് ആ വലിയ ചിരിയുണ്ടായിരുന്നു.
ഞാൻ പെട്ടെന്ന് സോഫയിൽ നിന്നും എഴുന്നേറ്റു.
“വയ്യായെന്നോ? ഞാൻ രാവിലെ ഓഫീസിലേക്ക് പോകുമ്പോൾ അവൾക്ക് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലല്ലോ.”
എന്റെയുള്ളിൽ ചെറിയൊരു ആധി തോന്നി. ഞാൻ വീണ്ടും അമ്മയെ നോക്കി.
“അല്ല, അവൾക്ക് വയ്യെന്ന് പറഞ്ഞിട്ട് അമ്മയെന്തിനാ ഇങ്ങനെ ചിരിക്കുന്നത്?”
അമ്മ മറുപടിയൊന്നും പറയാതെ വീണ്ടും ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് നടന്നു. എനിക്കെന്തോ പന്തികേട് തോന്നി. ഞാൻ വേഗം പടവുകൾ കയറി മുകളിലത്തെ മുറിയിലേക്ക് പോയി.
വാതിൽ പതുക്കെ തുറന്ന് അകത്തേക്ക് കയറിയപ്പോൾ ജനലിലെ കർട്ടനുകൾ എല്ലാം ഇട്ടിട്ടുണ്ടായിരുന്നു. മങ്ങിയ വെളിച്ചത്തിൽ, കട്ടിലിൽ പുതപ്പ് പകുതി പുതച്ച് ചുരുണ്ടുകൂടി കിടക്കുകയായിരുന്നു
എൻ്റെ പാർവണ.
എന്റെ നെഞ്ചിടിപ്പൊന്ന് കൂടി. ഞാൻ വേഗം കട്ടിലിനരികിലേക്ക് ചെന്ന്, താഴെ മുട്ടുകുത്തിയിരുന്ന് അവളുടെ നെറ്റിയിലേക്ക് കൈവെച്ചു നോക്കി. ഇല്ല, പനിയൊന്നുമില്ല. പിന്നെ ഇവൾക്കെന്താ പറ്റിയത്?.
എൻ്റെ സ്പർശനമറിഞ്ഞാകണം അവൾ പതുക്കെ കണ്ണുകൾ തുറന്നു. മുന്നിൽ എന്നെ കണ്ടതും ആ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു.
“ആദീ… ഇതെന്താപ്പൊ ഉച്ചക്ക്?”
അവൾ ചോദിച്ചുകൊണ്ട് പതുക്കെ എഴുന്നേൽക്കാൻ ശ്രമിച്ചു.
“കിടക്ക് പെണ്ണെ…”
ഞാൻ വാത്സല്യത്തോടെ അവളെ തടഞ്ഞു.
“നിനക്ക് വയ്യെന്ന് അമ്മ പറഞ്ഞു. എന്ത് പറ്റി? എന്താ ഒരു വല്ലായ്മ? ഹോസ്പിറ്റലിൽ പോണോ?”
എൻ്റെ സ്വരത്തിൽ അവളെക്കുറിച്ചുള്ള വല്ലാത്തൊരു ആവലാതിയുണ്ടായിരുന്നു.
എൻ്റെ ആ വെപ്രാളം കണ്ട് അവൾ എന്നെയൊന്ന് നോക്കി. എന്നിട്ട് ആ പഴയ കുസൃതിയോടെ ഒരു കള്ളച്ചിരി ചിരിച്ചു.
“ഏയ്… ഹോസ്പിറ്റലിൽ പോവാൻ പാകത്തിനുള്ള അസുഖം ഒന്നുല്ല്യ എനിക്ക്…”
അവളുടെ മൊഴിയിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത വല്ലാത്തൊരു നാണവും സന്തോഷവും ഒളിച്ചിരിപ്പുണ്ടായിരുന്നു.
എന്നിട്ട് അവൾ പതുക്കെ തലയിണയുടെ അടിയിലേക്ക് കൈയിട്ട് എന്തോ ഒന്ന് പുറത്തേക്ക് എടുത്തു. അത് എന്റെ കൈവെള്ളയിലേക്ക് വെച്ചുതരുമ്പോൾ ആ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നുണ്ടായിരുന്നു.
ഞാൻ എൻ്റെ കയ്യിലിരിക്കുന്ന ആ ചെറിയ ഉപകരണത്തിലേക്ക് നോക്കി. ഒരു പ്രെഗ്നൻസി ടെസ്റ്റ് കിറ്റ്! അതിൽ തെളിഞ്ഞുനിൽക്കുന്ന ആ രണ്ട് ചുവന്ന വരകൾ കണ്ടപ്പോൾ എൻ്റെ ഹൃദയമിടിപ്പ് ഒരു നിമിഷം നിലച്ചുപോയതുപോലെ എനിക്ക് തോന്നി.
എന്റെ ശ്വാസം തൊണ്ടയിൽ കുരുങ്ങി. എൻ്റെ പെണ്ണ്… എൻ്റെ ജീവന്റെ പാതി ഒരു അമ്മയാകാൻ പോകുന്നു! ഞാൻ ഒരു അച്ഛനാക്കാൻ പോകുന്നു!.
ആ ഒരൊറ്റ നിമിഷത്തിൽ എന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി. സകല ലോകവും എനിക്ക് മുന്നിൽ നിശ്ചലമായതുപോലെ… പുറത്ത് പൊള്ളുന്ന ഉച്ചവെയിലാണെങ്കിലും, എന്റെ ഉള്ളിൽ ലോകത്തെ ഏറ്റവും മനോഹരമായ ഒരു കുളിർമഴ പെയ്യുകയായിരുന്നു.
ഞാൻ ആ ടെസ്റ്റ് കിറ്റ് കട്ടിലിലേക്ക് വെച്ച്, കരഞ്ഞുകൊണ്ട് അവളുടെ നെറ്റിയിലേക്ക് എന്റെ നെറ്റി ചേർത്തുവെച്ചു. എന്റെ കണ്ണുനീർ അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി.
“എന്റെ മോളെ….”
ശബ്ദമിടറിക്കൊണ്ട് ഞാൻ വിളിച്ചു.
കൂടുതലെന്തെങ്കിലും പറയാൻ എനിക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. അവൾ എന്റെ കഴുത്തിലൂടെ ഇരുകൈകളും ചുറ്റി എന്നെ ഇറുകെ
പുണർന്നു. ഞങ്ങളുടെ രണ്ടുപേരുടെയും ഹൃദയമിടിപ്പുകൾ ആ മുറിക്കുള്ളിൽ ഒരു പുതിയ ജീവൻ്റെ തുടിപ്പായി മാറുകയായിരുന്നു.
ജീവിതത്തിൽ ഒരു പുരുഷന് കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനം എൻ്റെ കൈകളിൽ തന്ന അവളെ നെഞ്ചോട് ചേർത്തുപിടിക്കുമ്പോൾ, സകല ദൈവങ്ങൾക്കും ഞാൻ നന്ദി പറയുകയായിരുന്നു.
